ബുധനാഴ്‌ച, ഡിസംബർ 07, 2011

നമ്മുടെ സര്‍പ്പയജ്ഞങ്ങള്‍

പണ്ട്...എന്റെ ഒക്കെ കുട്ടിക്കാലത്ത് സര്‍പ്പ യജ്ഞം എന്നൊരു പരിപാടി ഉണ്ടായിരുന്നു... ഒരു വിദ്വാന്‍ ഒരു കണ്ണാടി കൂടിനകത്ത്‌ കൊടിയ വിഷമുള്ള കരി മൂര്‍ഖന്‍, രാജ വെമ്പാല, അണലി, ചേനതണ്ടന്‍ എന്നീ ജനുസ്സില്‍ പെടുന്ന പാമ്പുകളുടെ കൂടെ കുറെ നാള്‍ കഴിയുക. അതൊക്കെ പത്രങ്ങളില്‍ മുന്‍ പേജ് വാര്‍ത്തയായിരുന്നു. ശ്രീ പാമ്പ് വേലായുധന്‍ എന്ന് പേരുള്ള ഒരാളായിരുന്നു അതില്‍ പ്രധാനി. റെക്കോര്‍ഡ്‌ ബുക്കില്‍ വരാനും, ഒരു പ്രദര്‍ശനം പോലെ വരുമാന മാര്‍ഗമായിട്ടുമൊക്കെ അവര്‍ നടത്തിയിരുന്നതാണ് ജീവന്‍ പണയം വെച്ചുള്ള ആ യജ്ഞങ്ങള്‍..

അല്ല ഇതൊക്കെ എന്താണ് പറഞ്ഞു വരുന്നതെന്ന് വെച്ചാല്‍, ഇന്നലെ ടി വി ചാനലുകളില്‍ ഇരുന്നു ബഹുമാനപ്പെട്ട മന്ത്രിമാരായ തിരുവഞ്ചിയൂര്‍ രാധാകൃഷ്ണനും, പി ജെ ജോസ്സെഫും, മുഖ്യമന്ത്രിയും  ഒക്കെ പറയുന്ന വാക്കുകള്‍ കേട്ടപ്പോള്‍ ഓര്‍മ വന്നതാ സര്‍പ്പ യജ്ഞങ്ങള്‍... കേരളത്തിലെ ജനങ്ങള്‍ ഇവരെ ഒക്കെ നമ്പി കഴിയേണ്ടി വരുന്ന അവസ്ഥ എന്ന് പറയുന്നത്, വിഷപ്പാമ്പുകളുടെ കൂടെ കഴിഞ്ഞ വെലായുധനെക്കാള്‍ കഷ്ടമാണല്ലോ എന്നത്... മുല്ലപ്പെരിയാര്‍ തകര്‍നാലുള്ള ആഘാതത്തെ പറ്റി ഇനിയാണ് ഈ മഹാന്മാര്‍ പഠിക്കാന്‍ പോവുന്നത് എന്ന്... ഇന്നേ വരെ ലോകം കണ്ടിട്ടില്ലാത്ത സാങ്കേതിക വിദ്യയും ആളും കോപ്പും ഒക്കെ ഉപയോഗിച്ച് സൈന്യത്തിനെ ഇറക്കി അവര്‍ കണ്ടെത്താന്‍ പോവുന്ന പരമ സത്യം.. അപ്പോള്‍ ഇത് വരെ നാക്കിട്ടലച്ചിരുന്നതും പ്രസ്താവനകള്‍ ശര്ധിച്ചിരുന്നതുമെല്ലാം പുക... അത് കേട്ട് രക്തം തിളച്ചു മറിച്ചിരുന്ന നമ്മളെല്ലാം ആന മണ്ടന്മാര്‍.. ഗവര്‍ണറുടെ മുമ്പില്‍ ഒരു യാതൊരു ഉളുപ്പുമില്ലാതെ വായിച്ചു ഒപ്പ് വെച്ച  സത്യപ്രതിജ്ഞക്ക് അത് എഴുതിയ കടലാസ്സിന്റെ പോലും വില കല്‍പ്പിക്കാത്ത ഇവരെ ഒക്കെ നമ്പി നമ്മുടെ ജീവനും സ്വത്തും കരുതി വെക്കുന്ന നമ്മള്‍... ഹാ കഷ്ടം...

നമ്മള്‍ പാണ്ടികള്‍ എന്നൊക്കെ അന്യായമായി വിളിച്ചു കളിയാക്കിയിരുന്ന തമിഴന്മാരുടെ മുഖത്തേക്ക് നോക്കാന്‍ നാണം ആവുന്നു. അസൂയ തോന്നുന്നു. എന്തൊക്കെ പറഞ്ഞാലും അല്പമെങ്കിലും സഹജീവികളോട് ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരു ഭരണ വര്‍ഗം അവര്‍ക്കുണ്ടല്ലോ.. ഇത് പോലെ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കാന്‍ കൊള്ളാത്ത ജനപ്രതിനിധികള്‍ അവര്‍ക്കില്ലല്ലോ. ഇന്നലെ വരെ പ്രേമചന്ദ്രന്‍ അടക്കമുള്ള കുറെ വ്യക്തികള്‍ പ്രയത്നിച്ചു കെട്ടി പൊക്കി കൊണ്ട് വന്നിരുന്ന ഈ വിഷയം ഒരു ദയയും ഇല്ലാതെ അല്ലേ പൊളിച്ചടുക്കിയത്‌... ഇവരെ നമ്പി സമരമുഖതെക്കിറങ്ങിയ ലക്ഷക്കണക്കിന്‌ സാധാരണക്കാര്‍ ഇപ്പോള്‍ ആരായി? ഒരു കാര്യം തുറന്നു പറയണമല്ലോ ഇവനൊന്നും നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം തരും എന്ന് വിശ്വസിച്ചു ഇടുക്കിയിലും, കോട്ടയത്തും ഒന്നും ആരും ഇരിക്കണ്ട, കിട്ടാവുന്ന വേഗത്തില്‍ കൂടും കിടക്കയും പെറുക്കി പാലക്കട്ടെക്കോ, വയനാട്ടിലെക്കോ വിടാന്‍ നോക്കിക്കോ.. അല്ല അമരവിളക്കോ, വാളയാറിനോ  അപ്പുറം കിടക്കാന്‍ പറ്റുമെങ്കില്‍ അത്രയും നന്ന്.

ഇന്നലെ ഉച്ച ഭക്ഷണം കഴിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നത് കന്നടക്കാരനും തമിഴനുമായിരുന്നു .. ഞങ്ങള്‍ സംസാരിക്കുമ്പോള്‍ ബെല്ലാരിയിലെ തിരഞ്ഞെടുപ്പായിരുന്നു വിഷയം.. അവര്‍ ഇരുവരും ബെല്ലാരിയിലെയും, മധുരയിലെയുമൊക്കെ നിരക്ഷരരായ ജനങ്ങള്‍ കാശും, സാരിയും ചാരായ കുപ്പിയും മറ്റും വാങ്ങി കാല്‍ കാശിനു കൊള്ളാത്ത ഗുണ്ടകള്‍ക്കും, കൊള്ളക്കാര്‍ക്കുമൊക്കെ വോട്ടു കുത്തുന്ന കാര്യം വലിയ വിഷമത്തോടെ പറഞ്ഞു. അപ്പോള്‍ ഒന്നും പറഞ്ഞില്ലെകിലും ഇന്ന് ഞാന്‍ അവരോടു പറയും, നിങ്ങളുടെ നാട്ടില്‍ കാശും സാരിയും ചാരായ കുപ്പിയും വാങ്ങി വോട്ടു കുത്തി അയക്കുന്ന ഗുണ്ടയും കള്ളന്മാരും, ഞങ്ങള്‍ നേരാം വണ്ണം തിരഞ്ഞെടുത്തയക്കുന്ന മാന്യന്മാരെക്കാള്‍ എത്ര ഭേദം എന്ന്

ചൊവ്വാഴ്ച, ഡിസംബർ 06, 2011

വിശ്വാസം അതാണോ എല്ലാം?

ബസ്സില്‍ നടന്നിരുന്ന വിശ്വാസത്തെ കുറിച്ചുള്ള "ചര്‍ച്ചകള്‍ക്ക്"(?) അനുബന്ധമായാണീ പോസ്റ്റ്‌.  പ്രത്യേകിച്ച് ഒരു ലക്‌ഷ്യം കൂടാതെ ചില ചിന്തകള്‍ താല്‍കാലികമായി  പാര്‍ക്ക് ചെയ്യാന്‍ ഇടുന്ന ഒരു പോസ്റ്റ്‌...

ഒരു ചെറിയ നയപ്രഖ്യാപനം പോലെ... വിശ്വാസം എന്നത് സ്വകാര്യത ആണ് എന്ന പ്രമാണത്തോട് പരിപൂര്‍ണമായ  ബഹുമാനത്തോടെ തന്നെ.  ഞാന്‍ ഒരു മതത്തെയോ സംഘടനയെയോ വിഭാഗത്തെയോ പ്രതിനിധാനം ചെയ്തിട്ടല്ല എന്നും,  ഒരു വിശദീകരണം, അല്ലെങ്കില്‍ ന്യായീകരണം കൊടുക്കേണ്ട ബാധ്യത തോന്നിയിട്ടല്ല ഇങ്ങനെയൊക്കെ ഇവിടെ കുറിക്കുന്നത് എന്നും ആദ്യമേ പറഞ്ഞു വെക്കട്ടെ.

ദൈവ സങ്കല്പം, ആരാധന രീതികളുടെ സാംഗത്യം ഇതായിരുന്നു "ചര്‍ച്ചകളിലെ" മുഖ്യ വഴിപ്പിരിവുകള്‍  ... ഇതില്‍ ആദ്യത്തെതെടുക്കാം... ദൈവ സങ്കല്പം. വ്യക്തിപരമായി പറയുകയാണെങ്കില്‍, എന്റെ വിശ്വാസം രൂപപെട്ടിരിക്കുന്നത് ദൈവം ഉണ്ട് എന്ന ഉറച്ച വിശ്വാസത്തിലല്ല, ദൈവം ഉണ്ടായിരിക്കണം എന്ന പ്രതീക്ഷയില്‍ ആണ്. പിന്നെ അതിന്റെ രൂപം, അവിടെ പലരും കാണുന്നത് ആനത്തലയും നാല് കൈകളും ഉള്ള ഒരു വിചിത്ര ജീവിയാണെങ്കില്‍, എനിക്ക് കാണാന്‍ ആവുന്നത്, കര്‍മപാതയില്‍ ഉളവാവുന്ന വിഘ്നങ്ങളെ, നീക്കി തരുന്ന വിഘ്നേശ്വരന്‍ ആണ്, അതില്‍ എനിക്ക് തൃപ്തി ലഭിക്കുന്നു, ആശ്വാസം ലഭിക്കുന്നു...അത് കൊണ്ട് അവിടെ ഞാന്‍ ശാസ്ത്രത്തിന്റെ യുക്തിയുടെ പാത തേടി പോകുന്നില്ല, മറിച്ച് വിശ്വാസം നല്‍കുന്ന, ആ പ്രതീക്ഷ നല്‍കുന്ന ധൈര്യത്തോടെ മുമ്പോട്ട്‌ നീങ്ങാന്‍ ശ്രമിക്കുക ആണ്. ഇത് ജനനം മുതല്‍ എന്നില്‍ പകരപ്പെട്ട, സങ്കല്പങ്ങള്‍ ഊട്ടി ഉറപ്പിച്ച ഒരു ഇമേജ് ആണ് എന്ന് തന്നെ പറയാം. അവിടെ തുമ്പിക്കൈയ്യും കൊമ്പും അതിന്റെ യുക്തിപരമായ അടിസ്ഥാനവും... ഒന്നും ഒരു തടസ്സമായി കാണാന്‍ കഴിയുന്നില്ല. മറിച്ച് ആ രൂപം പ്രതിനിധാനം ചെയ്യുന്ന ഒരു സങ്കല്‍പ്പമാണ് മനസ്സില്‍ (ഭക്തി, വിശ്വാസം എന്നിവയുടെ ആവാസ സ്ഥാനം മനസ്സാണ് എന്നും ബുദ്ധിയല്ല എന്നാണു എന്റെ അഭിപ്രായം). അക്ഷരത്തെ, വിദ്യയെ നാരീ സകല്പമായി ആരാധിക്കുന്ന സരസ്വതി, ഓടക്കുഴല്‍ വിളിച്ചു കാലിമേച്ചു നടക്കുന്ന കണ്ണന്‍... ഇങ്ങനെ ഉള്ള മൂര്‍ത്തികള്‍... സങ്കല്പങ്ങള്‍... ഓരോന്നിനും ഉദാത്തമായ (അല്ലെങ്കില്‍ ഉദാത്തം എന്ന് ഞാന്‍ കരുതുന്ന)  ഭാവങ്ങള്‍ മനസ്സില്‍ സങ്കല്പിച്ചു വെച്ചിട്ടുണ്ട്... ഇവിടെ ത്യാഗ സങ്കല്‍പം കാണുന്നത് കുരിശില്‍ കിടക്കുന്ന മുള്‍ക്കിരീടം അണിഞ്ഞ യേശുദേവനിലാണ്...... അത് കൊണ്ട് തന്നെ ഒരു ഇളക്കി പ്രതിഷ്ടയുടെ ആവശ്യം തോന്നിയിട്ടില്ല.. ഇവിടെ ഒരു ഇടപാടുകാരന്റെ ആവശ്യം എനിക്കില്ല അത് കൊണ്ട് തന്നെ പൂജാരി, വൈദികന്‍ എന്നൊക്കെ ഉള്ള കാര്യങ്ങള്‍ക്ക് ഞാന്‍ വലിയ വിലയും കല്‍പ്പിക്കുന്നില്ല (ബഹുമാനം തോന്നിയിട്ടുള്ള വ്യക്തിത്വങ്ങള്‍ അവര്‍ക്കിടയില്‍ പലരും ഉണ്ടായിട്ടുണ്ട് അത് പോലെ വെറുപ്പും... അത് അവരുടെ ആ തൊഴിലിനോട് ബന്ധപ്പെടുതിയുമല്ല).. പക്ഷെ ചില ദേവാലയങ്ങള്‍ പലപ്പോഴും മനസ്സിന് അനുഭൂതി പ്രദാനം ചെയ്തിട്ടുണ്ട്... എല്ലാവര്ക്കും ഉണ്ടാവുന്ന അനുഭവം ആവണം എന്നില്ല... കാണണം എന്ന് ആഗ്രഹിച്ച കാഴ്ച കാട്ടിത്തരുന്ന അനുഭവിക്കണം എന്ന് ആഗ്രഹിച്ച അനുഭൂതി    പകരുന്ന മനസ്സിന്റെ വിക്രിയ ആയിരിക്കാം ... മൂകാംബിക ക്ഷേത്ര സന്നിധി, ശബരിമല സന്നിധാനം... ഇവയൊക്കെ മനസ്സിന് ശാന്തിയും ആശ്വാസവും, അതിലേറെ ഊര്‍ജവും പകര്‍ന്ന അന്തരീക്ഷം നല്‍കിയിട്ടുണ്ട്. മറിച്ച് മറ്റു ചില "ദേവാലയങ്ങള്‍ (?)"  - പഴനി, തിരുപതി തുടങ്ങിയ. മനസ്സില്‍ disgust എന്ന വികാരം മാത്രം ഉണര്‍ത്തിയ ബിസ്സ്നെസ്സ് സ്ഥാപനങ്ങള്‍ ആയി തോന്നിയിട്ടും ഉണ്ട്.. ഇത് അനുഭവങ്ങള്‍ ... അത് പോലെ തന്നെ ഒരു ദിവസം തുടങ്ങുമ്പോള്‍ ഒരു വിളക്ക് കത്തിച്ചു കുളിച്ചു ഈറനുടുത്തു കൈ കൂപ്പി നിന്ന് ഒരു നിമിഷം ധ്യാനിക്കുമ്പോള്‍ മനസ്സിന് സന്തോഷവും തൃപ്തിയും ഉണ്ടാവുന്നു ... അവനവന്‍ ആത്മ സുഖതിനാചരിക്കുന്ന കാര്യങ്ങള്‍.......


അത് പോലെ തന്നെ ദൈവ സാന്നിധ്യം എന്ന് ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍.. ജീവിതത്തില്‍ ഉണ്ടായിട്ടുമുണ്ട്‌.. പല പ്രതിസന്ധികള്‍... ആ ഘട്ടങ്ങളില്‍ എന്നെക്കൊണ്ട് സാധിക്കില്ല എന്ന് ഉറപ്പിച്ച പല കാര്യങ്ങളും ചെറിയ ചില സാഹചര്യങ്ങളുടെ മാറ്റങ്ങള്‍ കൊണ്ട് അനുകൂലമായി വന്നിട്ടുണ്ട്... അതിന്റെ ക്രെഡിറ്റ്‌ ഞാന്‍ ഈശ്വരന് കൊടുക്കുവാന്‍ ഇഷ്ടപ്പെടുന്നു (മറ്റൊരു ഫാക്ടറും... അല്ലെങ്കില്‍ മറ്റാരും അവിടെ പ്രവര്‍ത്തിച്ചിട്ടില്ല എന്ന് ആത്മാര്‍ഥമായി കരുതുകയും ചെയ്യുന്നു) .. ഇനി ആള്‍ ദൈവങ്ങളെ പറ്റി ... ഒട്ടും വിശ്വാസമില്ല... തിരിഞ്ഞു നോക്കാറുമില്ല.. സേവനങ്ങള്‍ ചെയ്യുന്നത്,  സഹകരിക്കും, പിന്തുണക്കും ... ആരാധനയും പൂജയും, അതിനാവില്ല ...എന്താണെന്നറിയില്ല  അവിടെ യുക്തി കയറി കളിക്കും..

ശാസ്ത്രം "ഇനെര്‍ഷിയ" എന്ന് വിശദീകരിച്ച തത്വം തന്നെ.. ഒരു അവസ്ഥയില്‍ ഇരുന്നു കൊണ്ട് തന്നെ തനിക്കു അഭികാമ്യമായ അല്ലെങ്കില്‍ അഭികാമ്യം എന്ന് തോന്നുന്ന ഒരു ഔട്ട്‌കം ലഭിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്തിനു ആ അവസ്ഥ തകര്‍ത്തു പുറത്തു പോവണം...   ഇത് കൊണ്ട്  ഞാന്‍ അടുത്ത തലമുറയിലേക്കു പകരുകയോ എനിക്ക് ചുറ്റുമുള്ളവരെ ഇവാന്ജലയിസ് ചെയ്യുകയോ , മറ്റുള്ളവര്‍ക്ക് ദ്രോഹം ഉണ്ടാക്കുകയോ, മനോവിഷമം ഉണ്ടാക്കുകയോ അവരുടെ വികാരത്തെ ഹനിക്കുകയോ ചെയ്യുന്ന  പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതെ ഇരിക്കുന്നെടത്തോളം കാലം തുടരാനുള്ള വ്യക്തിപരമായ അവകാശം ഉണ്ട്.... 

നിങ്ങള്‍ എന്നെ കാവി ഉടുപ്പിക്കും ....

ഹിന്ദു മത വിശ്വാസികള്‍ ആരാധിക്കുന്ന മൂര്‍ത്തികളെ. അവരുടെ വിശ്വാസങ്ങളെ മാത്രം കളിയാക്കി കൊണ്ടും, രൂക്ഷമായ ഭാഷയില്‍  പുലഭ്യം പറഞ്ഞു കൊണ്ടും തലങ്ങും വിലങ്ങും "പുരോഗമനവാദികള്‍" (നിരീശ്വര വാദികള്‍) പോസ്റ്റുകള്‍ ഇടുന്നു, കവിതകള്‍ (പൂരപ്പാട്ടുകള്‍) രചിക്കുന്നു, സ്വയം പാടി അര്മാദിക്കുന്നു, ഷയെരി വിപ്ലവിക്കുന്നു... വളരെ നന്ന്.. ചോദ്യം ചെയ്യേണ്ട എന്തിനെയും ചോദ്യം ചെയ്യണം. പക്ഷെ ആ പുരോഗമന വാദം വെറും ഹിപ്പോക്രസി ആയി മാറുന്നത്. ഈ പൂരപ്പാട്ടുകള്‍ ഹിന്ദു മത വിശ്വാസം ഒരൊറ്റ വൃത്തത്തില്‍ ഒതുങ്ങുമ്പോഴാണ്.. അവരുടെ എല്ലാ കലിപ്പുകളും ഹൈന്ദവ വിശ്വാസങ്ങളെ ആക്രമിക്കാന്‍ വേണ്ടി മാത്രം ആവുമ്പോഴാണ്.

വിമര്‍ശനം, ആശയ സംവാദം എന്ന രീതിയില്‍ മറ്റു മതങ്ങളെ പ്രതിപാദിച്ചു ചില യുക്തിവാദികള്‍ എഴുതുന്നുണ്ട് എന്ന് അംഗീകരിക്കുന്നു.. അവിടെയൊന്നും മറ്റു മതങ്ങളുടെ ആരാധനാ മൂര്‍ത്തികളെ "ഷണ്ഡന്‍", "പെരുച്ചാഴി" എന്നീ പദങ്ങള്‍ നിര്‍ലോഭം ഉപയോഗിച്ച്  ആക്രമിക്കുന്നതായി കണ്ടിട്ടില്ല (സഭ്യേതരമായ അനവധി പ്രയോഗങ്ങളും ഈ പു രോഗമനവാദികള്‍ ഉപയോഗിക്കുന്നുണ്ട്.. അതിവിടെ ചേര്‍ക്കാന്‍ പറ്റാത്തത് കൊണ്ട് കോട്ട് ചെയ്യുന്നില്ല) . അവയില്‍ അധികവും ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ആണ്, ചര്‍ച്ച ചെയ്യാനും ആശയങ്ങള്‍ പങ്കു വെക്കാനും ഉദ്ദേശിച്ചു കൊണ്ട് അല്ലാതെ ഒറ്റ തിരിച്ചു നടത്തുന്ന വിദ്വേഷം മാത്രം വമിക്കുന്ന ആക്രമണങ്ങള്‍ അല്ല. ആശയ സംവാദങ്ങള്‍ക്ക് സാമാന്യ ബുദ്ധിയുള്ളവര്‍ എതിര് നില്‍ക്കും എന്ന് എനിക്ക് തോന്നുന്നില്ല.

ഈ അന്ധവിശ്വാസങ്ങളും ആള്‍ദൈവങ്ങളും അത്ഭുധ സിദ്ധികളും മറ്റും ഹിന്ദുക്കള്‍ക്ക് മാത്രം ഉള്ളതാണോ?മറ്റുള്ള കേഡര്‍ മതങ്ങളെ ഈ വിഷയങ്ങളില്‍, ഇടക്കൊന്നു പേരിനു തലോടി പോവുന്നതല്ലാതെ, ഇതേ ഭാഷയില്‍, ഇതേ രീതിയില്‍ ഒന്ന് വിമര്‍ശിക്കാന്‍ ഈ മാന്യ സുഹൃത്തുക്കള്‍ക്ക് കഴിയുമോ? അവിടെ മുട്ടിടിക്കും.. മുണ്ടില്‍ പെടുക്കും, അത് സ്വന്തം പേരില്‍ എഴുതുന്നവനായാലും... അതോ തലയില്‍ മുണ്ടിട്ടും, മുഖം മൂടി അണിഞ്ഞും എഴുതുന്നവനായാലും. ഇവര്‍ക്കൊക്കെ  നാക്ക് വളക്കുകയും കീ ബോര്‍ഡ്‌ വഴങ്ങുകയും ചെയ്യുന്നത് രാമനെയും, ശിവനെയും ഗണപതിയെയും പുലഭ്യം പറയാന്‍ മാത്രമാണ്.  ഇത് പറയുമ്പോള്‍ പലരും ഒറ്റപ്പെട്ട ചില പോസ്റ്റുമായി വരും. ഒന്ന് പിച്ചിയും നുള്ളിയും വിട്ട കാര്യം പറഞ്ഞു. പക്ഷെ അവയൊക്കെ ഈ പുലഭ്യ സുനാമിയുടെ നൂറിലൊന്നു പോലും വരില്ല. വിമര്‍ശനവും ആശയ സംവാദവും ആവശ്യമുള്ളത് തന്നെയാണ്. ഇവിടെ ഒന്നും പെര്‍ഫെക്റ്റ് അല്ല ... എല്ലാം... ശാസ്ത്രവും, വിപ്ലവവും, മതവും, സമൂഹവും. എല്ലാറ്റിനും കാലാനുഗതമായി മാറ്റം വരുത്തേണ്ടത് ആണ്... നല്ല കാര്യങ്ങള്‍ സ്വീകരിക്കേണ്ടതാണ്. തെറ്റുകള്‍ ഒഴിവാക്കപെടെണ്ടാതാണ്. അതിനു ചാലക ശക്തികളായി നില്‍ക്കുന്നതാണ് പുരോഗമന വാദിയുടെ ധര്‍മം.. പക്ഷെ ഈ പുരോഗമന വാദികള്‍ എന്ന് നടിക്കുന്ന ഭീരുക്കള്‍ വെറും ഹിപ്പോക്രയിറ്റുകള്‍ മാത്രമാണ്... അവന്റെ ഒക്കെ പുരോഗമനം ഹിന്ദു എന്ന് വിളിക്കപെടുന്ന സമൂഹത്തിനു നേരെ ആക്രമണം അഴിച്ചു വിടാന്‍ മാത്രമാണ്.. അവിടെ കുറ്റിയടിച്ച്  നില്കും അവരുടെ ധാര്‍മിക ബോധം

എന്റെ അറിവില്‍  തദ്ദേശീയരായ ഒരു കൂട്ടം ന്യൂനപക്ഷങ്ങളെ കാലാകാലം ചൂഷണം ചെയ്യാന്‍ അവരുടെ മേല്‍ ചാര്‍ത്തി കൊടുക്കപെട്ട, അടിച്ചേല്പിച്ച ഒരു സങ്കല്പം ആണ് ഹിന്ദു മതം.. വളരെ ഏറെ വൈരുദ്ധ്യങ്ങള്‍, പൊരുത്തക്കേടുകള്‍, അസമത്വങ്ങള്‍, ഇവയെല്ലാം കൂട്ടികെട്ടി എച്ചുകെട്ടി പടച്ചുണ്ടാക്കിയ ആ ഒരു രൂപകല്‍പന - എക്കാലവും വിഘടിച്ചും, തമ്മില്‍ തല്ലിയും ശഖലിതമായി കിടക്കും എന്ന് നല്ല ഉറപ്പുണ്ട്. അത് തങ്ങള്‍ കൂടെ കോണ്ടുവന്ന കേഡര്‍ മതങ്ങള്‍ക്ക് വെരോടുവാന്‍ വളക്കൂറും, വില പെശുവാന്‍ കളിത്തട്ടും ഒരുക്കി വെക്കാന്‍ ഇവിടെ അധിനിവേശം നടത്തിയ വിദേശ ശക്തികള്‍ ഒരുക്കി കൊടുത്ത ഒരു കല്പിത ആവരണം ആയി ഫലത്തില്‍ മാറുന്നു. ഒരു പാട് വൈരുദ്ധ്യങ്ങള്‍  രൂപ കല്‍പ്പനയില്‍ തന്നെ ഉള്ളപ്പോള്‍. അത് ഒറ്റ തിരിച്ചു ആക്രമിക്കാന്‍ പഴുതുകള്‍ ധാരാളം കൊടുക്കുന്നു. പല പല ഗ്രന്ഥങ്ങള്‍ .. വ്യത്യസ്ത ആരാധനാ ക്രമങ്ങള്‍, നിരവധി മൂര്‍ത്തികള്‍. വിചിത്രാചാരങ്ങള്‍, ചില അന്ധവിശ്വാസങ്ങള്‍, ജാതീയത, അങ്ങിനെ പലതും. എന്തിനു, നോണ്‍ leniar ആയ ഈ ഘടന തന്നെ ഒറ്റക്കെട്ടായി നില്‍ക്കാനും ശക്തിയായി മാറാനും ഉള്ള സാഹചര്യം പോലും ഇല്ലാതാക്കുന്നു.. അവിടെയാണ് കളം ഒരുങ്ങുന്നത്, സംഘടിതമായ leniar ഘടനയില്‍ കെട്ടിപൊക്കിയ അധിനിവേശത്തിന്റെ സന്തതികള്‍(എല്ലാവരും താമസ്ക്കരിചാലും അതില്‍ സത്യം ഇല്ലേ?)  ആയ കേഡര്‍ മതങ്ങള്‍ക്ക്.

ഇപ്പറഞ്ഞു വരുന്നത് - മറ്റു മതങ്ങളെ അല്ലെങ്ങില്‍ വിശ്വാസികള്‍  ആരാധിക്കുന്ന മൂര്‍ത്തികളെ പുലഭ്യം പറഞ്ഞാല്‍ എനിക്ക് സമാധാനമായി എന്നല്ല. ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസം.. ആരാധന സ്വാതന്ത്ര്യം,  അതിനുള്ള സ്വകാര്യ സ്പേസ് സമൂഹം കൊടുക്കേണ്ടതായി ഉണ്ട്.  അവിടെ കയറി ഇത്തരം മനോ വൈകൃതങ്ങള്‍,  രചനകള്‍ നടത്തുന്നത് കാണുമ്പോള്‍ തോന്നുന്നത് പറഞ്ഞു എന്ന് മാത്രം. ഒരു കാര്യം പറയാമല്ലോ ഇതൊക്കെ പറയുമ്പോള്‍ സന്തോഷം  തോന്നുന്നു - ഇവര്‍ക്കൊക്കെ ഇങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം ഇവിടെ  ലഭിക്കുന്നുണ്ടല്ലോ എന്നോര്‍ത്ത്...


തിങ്കളാഴ്‌ച, ഡിസംബർ 05, 2011

നാട്ടുവഴികളിലെ പരദൂഷണച്ചരടുകള്‍


ഒരുപക്ഷെ കൊരംബില്ലത്ത് മമ്മത് ഹാജിയായിരിക്കും തന്റെ പേരിലുള്ള മെമ്മോറിയല്‍ ട്രോഫി വേറൊരാള്‍ക്ക് സമ്മാനിക്കാന്‍ ഭാഗ്യം സിദ്ധിച്ച ലോകത്തെ ആദ്യ മനുഷ്യന്‍. മകന്‍ അഷ്‌റഫ്‌ ദ്രിശ്യ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌ എവര്‍ റോളിംഗ് ട്രോഫി സ്പോണ്‍സര്‍ ചെയ്യാം എന്ന് ഏറ്റത് തന്നെ ട്രോഫിക്ക് വാപ്പാന്റെ പേര് ഇടണം എന്ന ഒരൊറ്റ വാക്കിന്മേലാണ്. അങ്ങനെ കാന്നലിക്കാരന്‍ കുഞ്ഞി പോക്കരിന്റെ മകന്റെ പേര് ദേശം മുഴുവനും ഫേമസ് ആയി. ഇളയ മകന്‍ മുജീബും ഹാജീടെ അളിയന്‍ റസാക്കും പലവട്ടം പറഞ്ഞതാ "മലേഷ്യ ഡ്യൂട്ടി പെയ്ട്‌ ഷോപ്പിന്റെ" പേരിടാം ട്രോഫിക്ക് എന്ന്. പക്ഷെ അഷ്റഫിന് വാശിയായിരുന്നു  വാപ്പാന്റെ പേര് തന്നെ വേണം എന്ന്...അതിനു കാരണവും ഉണ്ട്.

ഹജ്ജിനു പോയി ഹാജിയായിട്ടു വന്നിട്ടും, ആവശ്യത്തിലേറെ സൗകര്യം വന്നിട്ടും വീട്ടുമ്പേര് ചോദിച്ചാല്‍ ഇപ്പോളും കന്നാലിക്കാരന്‍ കുഞ്ഞി പോക്കരിനാണ് പ്രസിദ്ധി . നാട്ടുകാരുടെ അസൂയ അല്ലാതെന്താ. ഉപ്പാപ്പയെ ഖബറടക്കി കൊല്ലം എത്ര കഴിഞ്ഞു. എന്നിട്ടും ആ പേര് പോയിട്ടില്ല. അങ്ങനെ നടാടെ വെട്ടുകാട്ടില്‍ കൊരംബില്ലത്ത് മമ്മത് ഹാജി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി ഉണ്ടാവുകയും അത് ആദ്യമായും അവസാനമായും ജീവ ആര്‍ട്സ് ആന്‍ഡ്‌ സപോര്‍ട്സ് ക്ലബ്‌ വേലൂപ്പാടം അടിച്ചെടുക്കുകയും, ക്യാപ്ടന്‍ റഫീഖ് ആ ട്രോഫി വാപ്പയുടെ കൈയ്യില്‍ നിന്ന് ഏറ്റുവാങ്ങുന്ന കാഴ്ച കണ്ടു അഷ്റഫ്  കോള്‍മയിര്‍ കൊള്ളുകയും ചെയ്തത്. അത് കഴിഞ്ഞു രണ്ടാം കൊല്ലം നാണൂട്ടി വൈദ്യരുടെ മകന്‍ സുരേന്ദ്രന്‍ ഗള്‍ഫിലേക്കും പോയി ദ്രിശ്യ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബിന് താഴും വീണു എന്നത് വേറെ കാര്യം. ഇതൊന്നുമല്ല നമ്മുടെ വിഷയം.. നമ്മുടെ വിഷയം മമ്മത് ഹാജിയും.. മമ്മത് ഹാജിയുടെ വിഷയവും

മമ്മത് ഹാജി ഗള്‍ഫിലേക്ക് പോകുന്നതിനു മുമ്പ് പട്ടാളക്കാരനയിരുന്നുവെന്നു അച്ഛന്‍ പറഞ്ഞു കേട്ടിടുണ്ട്. റസാക്കിന്റെ മുറിയില്‍ പണ്ട് മറിച്ച് നോക്കിയാ ഒരു ആല്‍ബത്തിലും കണ്ടിരുന്നു കരമീശയുമായി ലാന്‍സ് നായിക് മുഹമ്മദ്‌ ബക്കര്‍ യൂണിഫോര്‍മില്‍. എങ്കിലും തിരിച്ചു വന്ന ശേഷമുള്ള  ആ വെളുത്തു തുടുത്ത ആകാരവും ശുഭ്ര വസ്ത്രവും എല്ലാം മൂപ്പരെ പട്ടാള വേഷത്തിന്റെ പരുക്കന്‍ ഭാവങ്ങളില്‍ നിന്നും ഒട്ടു ദൂരെ എത്തിച്ചിരുന്നു. പിന്നീടെന്നോ  പത്രത്തിലോ ടീവിയിലോ വാര്‍ത്തയില്‍ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടിയെ കണ്ട ആരോ പറഞ്ഞത് ഓര്‍മയുണ്ട് ഇയ്യാള്‍ നമ്മുടെ മമ്മതിനെ പോലെ ഉണ്ടല്ലോ എന്ന്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് എന്റെ സ്റ്റാമ്പ്‌ ശേഖരത്തില്‍ വിലസിയിരുന്ന തൊപ്പിവെച്ച നേതാവിന്റെയും പൂവുള്ള കോഴിയുടെയും മലേഷ്യ സ്റ്റാമ്പുകള്‍ മമ്മത് ഹാജിയുടെ മലേഷ്യന്‍ കത്തുകളില്‍ നിന്നും ഇളക്കി റസാക്ക് കൊണ്ട് വന്നു തന്നിരുന്നതായിരുന്നു.

അതിനു അവനു വേണ്ട പോലെ കൈയ്യാലക്കപ്പുറത്ത് നിന്നിരുന്ന പ്രിയോര്‍  മാവിന്റെ അറയില്‍ പഴുക്കാന്‍ വെച്ചിരുന്ന മാമ്പഴങ്ങള്‍,  അമ്മയറിയാതെ  എടുത്തു അവനു സ്കൂളില്‍ കൊണ്ട് പോയി കൊടുത്തിട്ടുമുണ്ട്. അക്കാലത്തൊക്കെ മമ്മതു ഹാജി ലീവില്‍ വരുന്നത് റസാക്ക് ചോറ് പത്രം തുറക്കുമ്പോള്‍ മനസ്സിലാക്കുമായിരുന്നു. വറുത്ത കോഴിയും, താറാം മുട്ട കറിയും, അടുക്കു പത്രത്തില്‍ നിന്ന് മണം, കൊല്ലത്തിലൊരിക്കല്‍ തൃശൂര്‍ ഇന്ത്യന്‍ കോഫി ഹൌസിലെ ചിക്കന്‍ കട്ട്ലെട്ടില്‍ മാത്രം സസ്യേതരം ഒതുങ്ങുന്ന നമ്മളെയൊക്കെ വായില്‍ കപ്പല്‍ ഇറക്കേണ്ട ഗതിയില്‍ ആക്കുമായിരുന്നു. അമ്മ തന്നു വിടുന്ന കായയും പയറും മൊളോഷ്യം കാണുമ്പോള്‍ വെപ്പുകാരന്‍ അച്ചുന്നയരെ കൊല്ലാനുള്ള ദേഷ്യവും.

ഇരുവരും ഹൈ സ്കൂളിലേക്ക് എത്തിയപ്പോഴേക്കും ഹാജി മലേഷ്യന്‍ വാസവും കഴിഞ്ഞു പുതിയ പുരപ്പണി തുടങ്ങിയിരുന്നു. പിന്നെ പിള്ളേരും പെമ്പിള്ളെരുടെ കേട്ടിയവന്മാരും ഒന്നൊന്നായി ഗള്‍ഫിലേക്ക് പോവുകയും ഓരോരുത്തരായി മടങ്ങി വന്നു നാടൊട്ടുക്കും ചവറു പോലെ ഡ്യൂട്ടി പെയ്ട്‌ ഷോപ്പുകള്‍ തുടങ്ങുകയും ചെയ്തത്. കുന്നംകുളതും ചാവക്കാടും, അഞ്ഞൂരും, പുതുപൊന്നനിയിലുമൊക്കെയയി ഏഴു കടകള്‍. പിന്നെയാണ് റസാക്ക് മെഡിക്കല്‍ ഷോപ്പ് രണ്ടെണ്ണം തുടങ്ങിയത് .

അക്കാലത്തു തൃശൂര്‍ക്ക് കോളേജില്‍ പോകാന്‍ ബസ്സ്‌ കാത്തു നില്‍കുമ്പോള്‍ കാലന്‍ ദുബായ് കുടയും പിടിച്ചു ഏതെങ്കിലും ഒരു കടയിലേക്ക് പോകാന്‍ നില്‍കുന്ന ഹാജിയാരെ എന്നും കാണാറുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം പുള്ളി കടേ പോക്കും നിറുത്തി. മക്കളാരോ വാപ്പനോട് അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നാല്‍ മതിയെന്ന് പറഞ്ഞു എന്നത് കാതരപ്ലയുടെ ചായക്കടയിലെ സംസാര വിഷയം. പിന്നെ കോളേജ് കഴിഞ്ഞപ്പോള്‍ ഗള്‍ഫ്‌ വിസ എന്നാ പൂതി കയറി റസാക്ക്  വഴി അവന്റെ ഒരു സുഹൃത്തിനെ വെച്ച്  ഒരു ശ്രമം നടത്തിയിരുന്ന കാലത്ത് ഇടയ്ക്കു അവരുട വീട്ടില്‍ പോകാറുണ്. അക്കാലത്തു  ഒരക്ഷരം ഉരിയാടാതെ ഒരു മെഴുകു പ്രതിമ പോലെ ഉമ്മറത്തെ ചാരുകസേരയില്‍ ഇരിക്കുന്ന ഹാജി ഒരു കൌതുക കാഴ്ച തന്നെയായിരുന്നു. വന്നു കയറുന്നവരോട് ഒരു ചിരിയില്‍ മാത്രം അടക്കുന്ന ഇടപഴകല്‍.


ആ സമയത്ത് കേട്ടിരുന്നതാണ് ഹാജിയും, ബീവി  കൌസുംമയും ആയുള്ള വഴക്കിന്റെ കഥകള്‍. എന്നും ബഹളമാണ് എന്നൊക്കെ തുണി അലക്കാന്‍ വരുന്ന തങ്കമണി അമ്മയോട് പറയുന്നത് കേട്ടപോള്‍ എനിക്ക് വിശ്വസിക്കാന്‍ തോന്നിയില്ല. ആരോടും  ഒന്നിനും പോവുന്നത് കണ്ടിട്ടില്ലാത്ത ഇത്ര സാത്വികാനായ ആ മനുഷ്യന്‍.... “ വാ തുറന്നാല്‍ കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് മാപ്ല പറയ"….” അമ്മിയില്‍ അരച്ച് കൊണ്ടിരുന്ന തങ്കമണിയുടെ വാക്കിലും  എരിവും പുളിയും ചേരുന്നതായിട്ടെ അപ്പോള്‍ തോന്നിയുള്ളൂ. പിന്നെ ഹോളിവുഡ് വീഡിയോ ലൈബ്രറിയില്‍ സൊറ പറഞ്ഞിരിക്കുമ്പോള്‍, അവിടെ നിക്കുന്ന ചെക്കനാണ്  , മുതലാളിയുടെ കഥകള്‍ കൂടുതല്‍ വ്യക്തമാക്കി തന്നത്.

"മൂപ്പര്‍ക്കെ... എല്ലാ ദീസോം അന്തി മയങ്ങിയാ ഒരു പോക്കുണ്ടേ... അതാ തള്ളക്കും പിള്ളേര്‍ക്കും പിടിക്കനില്ല്യെ ..അതിന്റെ പേരിലാ ഈ തല്ലും വക്കാനവുമോക്കെ… ആ താഴെല്ലോന്റെ ഭാര്യ അവരടെ വീട്ടിലേക്കു താമസം മാറ്റി.. ഈ വാപ്പ ഇള്ളപ്പോ വീട്ടില്‍ നിക്കാന്‍ പറ്റില്ലാന്നു തീര്‍ത്തു പറഞ്ഞു 

“എവിടെക്കാ മൂപ്പെര്ടെ പോക്ക് എന്നറിയോ?  അത് നമ്മുടെ ഫാസ്റ്റ് പാസ്സന്ജര്‍ ഇല്ലേ … ആ പഴയ റോഡിലുള്ള പണിക്കത്തി .. ശവം … അവളെ എന്നും തൃശ്ശൂര് നൂണ്‍ ഷോവിനു കൊണ്ടോവുന്നതാ അങ്ങാടീലെ ചുള്ളന്മാരെ.. ഈ ഹാജിയാര്‍ക്ക് വേറൊന്നും കിട്ടിയില്ല.  അവടെ കസ്റ്റമേഴ്സ് അധികവും ആ ആര്യങ്ങാടീലെ ടീമോള”. ഇടയ്ക്കു കയറി വന്ന അഷ്രഫ് ഞങ്ങളുടെ പരദൂഷണ ചരട് മുറിച്ചു.

പിന്നെ കുറച്ചു ദിവസം അച്ഛനു ബുദ്ധി വന്നു മംഗലാപുരത്ത് എന്ജിനീരിങ്ങിനു കാശ് മുടക്കി ഒരു സീറ്റ്‌ ഒപ്പിച്ചു കയറ്റി വിട്ടത് , കെട്ടും കിടക്കയും പെറുക്കി , നാടിനോടും നാട്ടുവഴികളോട് ബൈ ബൈ പറഞ്ഞതും  അതിനു ശേഷം , ഇന്നുവരെ വര്‍ഷത്തിലൊരു , ഓണമോ വിഷുവോ അല്ലാതെ രണ്ടു ദിവസം അടുപ്പിച്ചു നാട്ടില്‍ കഴിയാനുള്ള അവസരം കിട്ടിയിരുന്നില്ല. അതിനിടക്കാണ്‌ കഴിഞ്ഞ മാസം രണ്ടും കല്പിച്ചു ഒരു പത്തു ദിവസം തുടര്‍ച്ചയായി ലീവ് എടുത്തതും നാട്ടിലേക്കു വന്നതും ..

ചിറ കാണണം എന്ന് പറഞ്ഞു മകനെയും കൂടി നടന്നപ്പോള്‍ നാട്ടുവഴികളിളുടെ ഒരു ചെറു യാത്രയായിരുന്നു മനസ്സില്‍ … നാട്ടിന്‍പുറം എന്നത് ഒരു സങ്കല്പായി മാറി എന്നത് വളരെ പെട്ടന്ന് മനസ്സിലായി . ചീറി പായുന്ന  ഇത്രയും വിദേശ കാറുകള്‍ ഒരുമിച്ചു വേറെ ഒരു ഇന്ത്യന്‍ സിറ്റിയിലും ഞാന്‍ കണ്ടിട്ടില്ല. പാടങ്ങളെല്ലാം മണ്ണിട്ട്‌ മൂടിയിരിക്കുന്നു (വെട്ടിനിരതലോക്കെ എന്തായോ ആവോ? ). ഹാജിയുടെ വീടിനടുത് എത്തിയപ്പോള്‍  കണ്ടത് വലിയ ആമ താഴിട്ടു പൂതിയ ഇരുമ്പു ഗേറ്റ് ആണ്. മുറ്റമോക്കെ കരിയില മൂടിയിരിക്കുന്നു. ആള്‍ താമസം ഇല്ലാതെ ആയിട്ടു ഒരു പാട് കാലമായ പോലെ. അപ്പോഴാണ് ചെക്കന് കിറ്റ്‌ കാറ്റ് തിന്നാന്‍ പൂതി കേറിയത്‌ . സുഗുണന്റെ കടയില്‍ അപ്പോള്‍ സുഗുണന്‍ മാത്രം . ”തമ്പ്രാന്‍ എന്നാ പോണേ?”.“ആ.. മൂന്ന് നാലു ദിവസം കൂടിയുണ്ട് ” “അവിടെ മാന്ദ്യം ഒക്കെ എങ്ങിനെ?” (ജോലി പോയാണോ വന്നത് എന്ന് വ്യംഗ്യം).“അങ്ങനെ വലിയ പ്രശ്നം ഒന്നുമില്ല സുഗുണാ … നാട്ടിലൊക്കെ ഇപ്പോള്‍ എന്താ വിശേഷം ”… “എവിടെ എന്താ വിശേഷം … ഇലെക്ഷന്‍ അല്ലെ … അതിന്റെ പുകില് ”.. “എന്താ സുഗുണാ , നമ്മടെ അഷ്റഫിന്റെ വീട്ടിലൊന്നും ആരും ഇല്ലേ?”

“ആ .. പൂട്ടി കിടക്കെയാ ”.. “അവരൊക്കെ ഓരോരോ സ്ഥലത്തല്ലേ .. ആ ഉമ്മ രണ്ടാമതോണ്ടേ കൂടെ തിരൂരങ്ങാടിയിലാ. മൂത്തോന്‍ കൊച്ചീലാ .. ഇത് വിക്കാന്‍ ഇട്ടിരിക്കാന്നു പറഞ്ഞു മീശ ഗോപാലന്‍ കുറച്ചു കാലം ആരെയൊക്കെയോ കൊണ്ട് കാണിക്കുന്ന കണ്ടിരുന്നു പിന്നെ അതും നിന്നു.. ഇപ്പ പക്ഷെ ആളും അനക്കവും ഒന്നും ഇല്ല. ഇപ്പൊ പിന്നെ എല്ലാം മാന്ദ്യം അല്ലെ ”…

“അപ്പൊ ഹാജിയോ? ” …

“ഓ.. അത് അറിഞ്ഞില്ല അല്ലെ .. അങ്ങേരെ ഭ്രാന്തു മൂത്ത് ആസ്പത്രീലാക്കി ഇപ്പൊ കൊല്ലം നാലാവുന്നു … ഇപ്പൊ ഒരു വിവരവും ഇല്ല. ആകെ ബഹളവും .. തല്ലും വഴക്കുംയിരുന്നു .. മൂപ്പര് തുണി ഉടുക്കാണ്ടെ ഒക്കെ ഇറങ്ങി ഓട്ടമായി..അതോടെ പിടിച്ചോണ്ട് ആസ്പതീലാക്കി.  അതാ എല്ലാവരും ഇവിടെ നിന്നും സ്ഥലം കാലിയാക്കിയത് …” “എന്നാ ഞാന്‍ ഇറങ്ങട്ടെ സുഗുണാ ”…

ചിറയുടെ മണം എന്റെം മോന്റെയും എല്ലാ മോഹവും അണച്ചു... കുളിക്കാന്‍ പോയിട്ട് വെള്ളം പോലും തൊടാതെ ഞങ്ങള്‍ തിരിച്ചു നടക്കുന്നത് പഴയ റോഡു വഴയാക്കിയത് വഴിയാക്കിയത് മനപ്പൂര്‍വം ആയിരുന്നു … പണിക്കത്തിയുടെ പുര നിന്നിടത് … യേശു വിളിക്കുന്നു … പെന്തകോസ്റ്റ് പ്രാര്‍ഥനാലയം … ദൈവവചനങ്ങള്‍. റോട്ടിലേക്ക് കയറിയപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി … ഹാജി പാടവരമ്പും കടന്നു വരുന്നുണ്ടോ എന്ന് …

ഞായറാഴ്‌ച, ഡിസംബർ 04, 2011

ഇവിടെ ആരാണ് നമ്മളെ ചതിക്കുന്നത്?

വികാരം തിളച്ചു മറിഞ്ഞു വിവേകത്തെ മൂടി വെക്കുമ്പോള്‍ നമ്മള്‍ ഒന്ന് ആലോചിക്കേണ്ട കാര്യം തന്നെയാണ്. പല രീതിയില്‍ വ്യാഖ്യാനിച്ചു എ ജി യെ ഒരു ഒന്നാം കിട ഒറ്റുകാരനായി ചാപ്പ കുത്തി കല്ലെറിഞ്ഞു കുരിശില്‍ ഏറ്റുമ്പോള്‍ നമ്മള്‍ അതിന്റെ  ചിന്തിക്കേണ്ട പല സുപ്രധാന വശങ്ങളും പൂര്‍ണമായും ത്രിണവല്ഗനിക്കുന്നു. കോടതി അദ്ദേഹത്തോട് ചോദിച്ച ചോദ്യം എന്താണ്? ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇതല്ലെങ്കില്‍ എങ്ങിനെയാണ് ഉത്തരം നല്‍കേണ്ടത്?   ഇതൊക്കെ നമ്മള്‍ ഒന്ന് ചിന്തിച്ചിട്ടുണ്ടോ? കോടതി അദ്ദേഹത്തോട് ചോദിച്ചത് അഥവാ ഈ ഡാം തകരാനുണ്ടായാല്‍ ഉള്ള സ്ഥിതി വിശേഷത്തില്‍ മറ്റു ഡാമുകള്‍ - ഇടുക്കി, കുളമാവ് എന്നിവ ഒഴുകി എത്തുന്ന അധിക ജലം താങ്ങി നിര്‍ത്താന്‍ മാത്രം ഉറപ്പുള്ളതാണോ എന്ന്... ഇവിടെ രണ്ടു കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കണം.. അദ്ദേഹത്തിനു കോടതിക്ക് മുന്നില്‍ അസത്യങ്ങള്‍ പറയാന്‍ കഴിയില്ല... അത് പോലെ തന്നെ അദ്ദേഹം പറയുന്നത് സര്‍ക്കാര്‍ നിലപാടുകള്‍ ആണ് എന്നതും.  ഇടുക്കിയിലെ വെള്ളം തുറന്നു വിട്ടു ഒരുക്കി വെച്ചാല്‍ അതിനു ഒഴുകി വരുന്ന അധിക ജലം താങ്ങാന്‍ ഉള്ള കഴിവുണ്ട് എന്നത് സത്യമല്ലേ. ഇനി അഥവാ ജലനിരപ്പ്‌ താഴ്ത്തിയിട്ടും ഇടുക്കിക്ക് താങ്ങാന്‍ കഴിയില്ല എന്ന് അദ്ദേഹം പറയുകയാണെങ്കില്‍ സ്വാഭാവികമായും അടുത്ത ചോദ്യം ഇടുക്കി ഡാമിന്റെ സുരക്ഷയെപറ്റിയായിരിക്കും. നമ്മുടെ കൈയ്യില്‍ എല്ലാവിധ നിയന്ത്രണവുമുള്ള ഇടുക്കിയുടെ സുരക്ഷയില്‍ നമുക്ക് എന്ത് കൊണ്ട് ആശങ്കയില്ല എന്നതും സ്വാഭാവികമായ ഒരു തുടര്‍ചോദ്യം ആയിരിക്കും. അത് കൊണ്ട് ഉത്തരങ്ങള്‍ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു തീര്‍ക്കാന്‍ അത്ര എളുപ്പമല്ല.

പക്ഷെ അവിടെ ഇടുക്കി ഡാം, മുല്ലപെരിയാറിന്റെ തകര്‍ച്ച താങ്ങാന്‍ ഒരുക്കി നിര്‍ത്തുക എന്നത് എത്രമാത്രം ഒരു പരിഹാരം ആയി കാണാന്‍ കഴിയും എന്ന് ഉന്നയിക്കാന്‍ നമുക്ക് കഴിയും... അവിടെയാണ് ശരിയായ രീതിയില്‍ വാദിച്ചു എടുക്കേണ്ടത്... അധികമായ വെള്ളം ഒഴുകി വരുന്നത് താങ്ങാനുള്ള ബാക്ക് അപ്പ്‌ ഡാം അല്ല ഇടുക്കി എന്നത് ഒരു വസ്തുത.. അത് കൊണ്ട് ഇടുക്കി ഡാമില്‍ നിന്ന് വെള്ളം തുറന്നു വിട്ടു അതിനെ ഒരുക്കി നിര്‍ത്തുമ്പോള്‍, ഇടുക്കി ഡാമിന്റെ ഉപയോഗം (വൈദ്യുതി ഉത്പാദനം ) നമ്മള്‍ കുരുതി കൊടുക്കുകയാണ്.. അത് ഒരു താല്‍ക്കാലിക നടപടി മാത്രമാണ്.. തകര്‍ച്ചയുടെ ആഘാതത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ എടുക്കുന്ന ഒരു താല്‍ക്കാലിക നടപടി.. അത് ഒരിക്കലും പ്രശ്ന പരിഹാരം ആയി വ്യാഖ്യാനിക്കാന്‍ പറ്റില്ല. അത് പോലെ തന്നെ മുല്ലപെരിയാരിനും മറ്റു ഡാമുകള്‍ക്കും ഇടയിലുള്ള ജനവാസസ്ഥാനങ്ങള്‍ ... അവയെ അവഗണിക്കുന്നത്... അത് പലരും പ്രകടിപ്പിച്ച ഒരു ആശങ്ക ആണ്.. ഈ രണ്ടു വാദങ്ങളും ഫലപ്രദമായി ഉന്നയിക്കാന്‍ സാധിച്ചാല്‍ ഇനിയും നമ്മള്‍ക്ക് ആശക്ക്‌ വകയുണ്ട്. ഇനി രണ്ടാമത്തെ കാര്യം, എ ജി പറഞ്ഞത് സര്‍ക്കാര്‍ നിലപാട് അല്ല എന്ന വാദം... അത് ഗൌരവമായി പരിഗണിക്കേണ്ട ഒന്ന് തന്നെയാണ്.. അവിടെ സത്യം മനസ്സിലാക്കുവാനും യുക്തമായ നടപടി എടുക്കാനും സര്‍ക്കാരിനു അവകാശവും കര്‍ത്തവ്യവും ഉണ്ട്.

അതിനിടക്ക് ഈക്കാര്യമെല്ലാം എ ജിയുടെ തലയില്‍ കെട്ടി വെച്ച് തങ്ങളുടെ കടമകളില്‍ നിന്നും ഒളിച്ചോടാന്‍ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നതായി ശങ്ക തോന്നുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌.. അത്തരത്തില്‍ ഒരു വ്യാപക പ്രചരണം മാധ്യമങ്ങളും ഏറ്റെടുക്കുന്നു. അദ്ദേഹം കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ എടുത്തു പരിശോധിച്ച് യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കാതെ കൈ കഴുകി മാറാന്‍ ശ്രമിക്കുന്നതാണ് വലിയ ചതി.. അത് പോലെ തന്നെ സമരം എന്ന് പറഞ്ഞു ആഭാസകരമായ രീതിയില്‍ പ്രതിയോഗികള്‍ക്ക് ദുര്‍വ്യാഖ്യാനം ചെയ്യുകയും മുതലെടുക്കുകയും ചെയ്യാവുന്ന രീതിയില്‍ അതി വൈകാരിക പ്രകടനങ്ങള്‍ നടത്തുന്നതും മറ്റൊരു കൊടും ചതിയാണ്.. അത് പ്രതിക്കൂട്ടിലേക്ക് നമ്മളെ തള്ളി നീക്കാനെ കാരണം ആവൂ എന്ന് മനസ്സിലാക്കിയാല്‍ നന്ന്.... ഇവിടെ നമുക്ക് വേണ്ടത് നടപടിയാണ്.. അതിനെ മുന്‍നിര്‍ത്തി വിവേക പൂര്‍വ്വം രാഷ്ട്രീയ നേതൃത്വം ചുവടുകള്‍ വെച്ചില്ലെങ്കില്‍ കൂടുതല്‍ അപകടകരമായ സ്ഥിതിയിലേക്ക് ... നിയമത്തിനു പോലും രക്ഷിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് ഈ പ്രശ്നത്തെ കൊണ്ടെത്തിക്കുകും. ദേശീയ മാധ്യമങ്ങള്‍ വഴി തമിഴ്നാട് ചരട് വലിക്കുന്നതും ആ രീതിയില്‍ ആണ് ... മലയാളികള്‍ അക്രമാസക്തരാവുന്നു എന്ന ധ്വനി വളരെ വ്യക്തമായിരുന്നു അത്തരം റിപ്പോര്‍ട്ടുകളില്‍.. അത് പൊതുജനാഭിപ്രായം നമുക്കെതിരാകുവാന്‍ കാരണം ആയേക്കാം ... അതാണ്‌ വന്‍ ചതി ... അക്ഷന്തവ്യമായ അപരാധം....


PS: ഈ രീതിയില്‍ വാദം നീങ്ങുന്നതില്‍ ഒരു അനുകൂല വശം ഉണ്ട്... അതായത് ഡാം തകര്‍ന്നാല്‍ ചെയ്യേണ്ട നടപടികള്‍ എന്ന ലൈനില്‍ വാദം നീങ്ങുന്നത്‌, ഡാം തകരും എന്ന സാധ്യത ഗൌരവതരവും സാധ്യമായതും ആണ് എന്നതിനെ അംഗീകരിക്കുന്ന മട്ടിലുള്ളതാണ്. അവിടെ നമുക്ക് ഒരു പിടി പിടിക്കാനുള്ള വഴി കാണാവുന്നതാണ്. ആ വാദം തമിഴ്നാട് എടുത്തു കളിച്ചാല്‍, അവര്‍ പരോക്ഷമായി ആ സാധ്യത അംഗീകരിക്കുന്നു എന്ന് നമ്മള്‍ വാദിക്കണം. അത്കൊണ്ട് ഡാം തകരില്ല എന്ന് അവര്‍ ഇത് വരെ ഉറപ്പിച്ചു പറഞ്ഞു പോരുന്നതിനെ അത് പൊളിക്കില്ലേ?

എന്തിനാണ് ഈ കൊലവെറിയോട് ഒരു കൊലവെറി?

ഈ വീഡിയോ ലോകം മുഴുവന്‍ ഏറ്റെടുത്തത് മുതല്‍ തുടങ്ങിയതാ... കുലപതികള്‍ക്ക് ഒരു ചൊരുക്ക്... നിരാശാ കാമുകനെ താടിയും വളര്‍ത്തി കടാപ്പുറത്ത്‌ പാടി നടക്കാന്‍ മാത്രമേ അവര്‍ അനുവദിക്കൂ. അവനു വേറൊരു രീതിയിലും പ്രതികരിക്കാന്‍ അവകാശം കൊടുത്തു കൂടാ. അസഹിഷ്ണുത പല രീതിയിലാണ് പുറത്തു വിടുന്നത്. അവര്‍ അതിന്റെ കാവ്യ ഗുണവും സംഗീത രീതികളും അളന്നു കീറി അറുത്തു മുറിച്ചു മാര്‍ക്കിടുന്നു...  അതിന്റെ സൃഷ്ടാക്കളില്‍ ഒരാള്‍ പോലും ഇത് ഒരു മഹത്തരമായ സംഗീത സൃഷ്ടിയാണ് എന്ന്  എവിടെയും അവകാശപെട്ടിടുള്ളതായി കേട്ടിട്ടില്ല.. പിന്നെന്താണ് പ്രശ്നം? ഇത്  ഇന്നത്തെ കാലഘട്ടത്തിന്റെ ശബ്ദങ്ങള്‍.... പ്രതിഫലനങ്ങള്‍ . അതിന്റെ പ്രതിനിധികളുടെ ആവിഷ്കരണം.. അത് ആ തലമുറയെ രസിപ്പിക്കുന്നു ... അവര്‍ ആഘോഷിക്കുന്നു.. ഇനി അടുത്ത തലമുറ... അവര്‍ക്കുമുണ്ടാവും അവരുടെ രീതികള്‍... ഇഷ്ടങ്ങള്‍  ആഘോഷങ്ങള്‍.. പ്രകടനങ്ങള്‍...  പ്രതികരണങ്ങള്‍..

ഇവിടെ പ്രശ്നം നമ്മള്‍ അടങ്ങുന്ന പഴുത്ത ഇലകളുടെ തലമുറ ആണ്.  നമ്മുടെ ഒക്കെ ലോകം കഴിഞ്ഞു, ഇത് അടുത്ത തലമുറയുടെയാ എന്ന് സമ്മതിച്ചു കൊടുക്കാന്‍ ഉള്ള മടി... നരച്ച മുടി, കാലഹരണപെട്ട പ്രമാണങ്ങള്‍, സങ്കല്പങ്ങള്‍, വിശ്വാസങ്ങള്‍ . അത് മുറുക്കി മാറോടടുക്കി പിടിച്ചിട്ടു ഇനി എന്ത് കാര്യം. നമുക്ക് വേണമെങ്കില്‍ അത് കാത്തു വെക്കാം... പക്ഷെ അങ്ങിനെയേ പുതു തലമുറയും ചിന്തിക്കാവൂ പ്രവര്‍ത്തിക്കാവൂ എന്ന് എന്തിനാണ് ഒരു നിഷ്കര്‍ഷ. ഇനി കളത്തില്‍ നിന്ന് കരക്ക്‌ കയറി അവരുടെ കളി മാറി നിന്ന് ആസ്വദിക്കുക... അല്ലെങ്കില്‍ കണ്ണും ചെവിയും പൊത്തി ഒരു മൂലക്കല്‍ സ്വസ്ഥമായി ചുരുണ്ട് കൂടുക. അവരുടെ അടുത്ത്  ജഡ്ജിയാവാന്‍ പോയി എന്തിനാ വെറുതെ നാണം കെടുന്നത്‌. "നോസ്ടാല്ജിയ" എന്നൊക്കെ പറഞ്ഞു വികാരം കൊണ്ടിട്ടു യാതൊരു കാര്യവുമില്ല. മനസ്സ് തുറന്നു വെച്ച് മാറ്റത്തെ മനസ്സിലാക്കുക.. ഉള്‍കൊള്ളാന്‍ ശ്രമിക്കുക. അവിടെ നല്ലത് ചീത്ത എന്നൊക്കെ വിധി പ്രസ്താവിക്കാനുള്ള അവകാശം ആരും ആര്‍ക്കും നല്‍കിയിട്ടില്ല. അതൊക്കെ അവരവരുടെ വിവേകത്തിനും ബുദ്ധിക്കും വിട്ടു കൊടുക്കുകയാണ് ഭേദം. നമുക്ക് ഇഷ്ടപ്പെടെണ്ടത് നമുക്ക് ഇഷ്ടപ്പെടാം... ഇല്ലെങ്കില്‍ വേണ്ട.


ഇനി മെല്ലെ തട്ടിന്‍ പുറത്തു നിന്നും  പഴയ സിഡികള്‍ പൊടി തട്ടി എടുത്തു ഹെഡ് ഫോണില്‍ കുറഞ്ഞ വോള്യത്തില്‍ വെച്ച്  നഷ്ട വസന്തത്തെ കുറിച്ച് വിലപിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട്  മാനസമൈനയെ,  പ്രാണസഖിയെ.. മാണിക്യ വീണ മീട്ടി, കടാപ്പുറത്ത്‌ ചങ്ക് പൊട്ടി പാടി വിളിച്ചു നടക്കാം ... അവിടെ കൊലവെറി കൊട്ടി തിമിര്‍ക്കട്ടെ ... അത് കഴിഞ്ഞാല്‍ പിറകെ വരുന്നവര്‍ വേറെ എന്തെങ്കിലും കൊണ്ട് വരും ആഘോഷിക്കാന്‍. അപ്പോള്‍ നമ്മള്‍ ഉണ്ടെങ്കില്‍ അതും നമുക്ക് കാണാം ... അവരോടൊപ്പം കൂടണം എങ്കില്‍ അതും ആവാം..

PS: കുറച്ചു കൂടി നന്നായി മാര്‍കെറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്തിനേക്കാള്‍ മുന്‍പ് ഇത്രയും വലിയ വിജയം മറ്റൊരു പാട്ടിനു കിട്ടുമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു... വിജയ്‌ ആന്റൊനിയുടെ "നാക്ക് മുക്ക്..."

വെള്ളിയാഴ്‌ച, ഡിസംബർ 02, 2011

ഈശ്വാരാ, തമിഴന്മാര് പറയുന്നതൊക്കെ ശരിയായിരിക്കണേ!!!

ഇതിനൊക്കെ ഇറങ്ങുമ്പോഴേ തോന്നിയിരുന്നു ... അല്ലാ വ്യക്തമായിരുന്നു... ഈ മുന്നില്‍ നിന്ന് നയിക്കുന്ന മഹാന്മാരൊക്കെ കാര്യം വരുമ്പോള്‍ മുട്ടിനിടിക്കുന്നവരാന്..മുണ്ടില്‍ പെടുക്കുന്നവരാന്.  പിറകില്‍ നിന്നും കുത്തുന്നവരാണ് എന്നെല്ലാം... എന്നിട്ടും നമ്മള്‍ യുദ്ധം ചെയ്തു ... മാമാങ്കത്തിലെ ചാവേറുകളെ പോലെ... ഇനിയും പറ്റാവുന്ന വിധത്തില്‍ അത് തുടരാം. ആര്‍ക്കെങ്കിലും എന്നെങ്കിലും നല്ല ബുദ്ധി ഉദിക്കുന്ന കാലം വരെ.....അതലെങ്കില്‍  ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വെച്ച് തമിഴ്നാടിന്റെ വാദമുഖങ്ങള്‍ എല്ലാം 100% ശരിയായിരിക്കണേ എന്ന് ഉള്ളുരുകി പ്രാര്‍ഥിക്കുക..നമ്മള്‍ ഇതുവരെ കരുതിയിരുന്നതും വാദിച്ചിരുന്നതും എല്ലാം നമ്മുടെ എ ജി സാര്‍ പറഞ്ഞ പോലെ, വെറും മാധ്യമ സൃഷ്ടി മാത്രമായിരിക്കണേ എന്ന് പ്രതീക്ഷിക്കുക... സുര്‍ക്കിയും ചുണ്ണാമ്പും ശങ്കര്‍ സിമെന്റ് പോലെ കട്ടക്ക് കട്ട ഡാമിനെ ഒരു  കേടുപാടും കൂടാതെ ചോളന്റെ കല്ലണ പോലെ കാലാകാലം തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം പോലെ നില നിര്‍ത്തി പോരട്ടെ എന്ന് പ്രാര്‍ഥിക്കാം. അതല്ലാതെ വേറെ വഴിയില്ല... നമുക്ക് നാട് ഭരിക്കാന്‍ ഉശിരുള്ള പെണ്ണുങ്ങള്‍ ഇല്ലാതെ പോയല്ലോ? ഈ ആണും പെണ്ണും കേട്ടവന്‍മാരല്ലാതെ...


ഏതായാലും ഒരു കാര്യം ഉറപ്പാണ് ... ഇവനൊക്കെ ഡല്‍ഹിയില്‍ പോയി വൈകുന്നേരം വരെ പാര്‍ലിമെന്റിന്റെ മുന്നില്‍ ഇരുന്നു നേരം പോക്കുന്നത് തിരിച്ചു കോട്ടയത്തും ഇടുക്കിയിലും മറ്റും വന്നിരിക്കാനുള്ള പ്രാണഭയം കൊണ്ടാണ് .... അല്ലാതെ ആ കാശും വോട്ടും മാത്രം നോക്കുന്ന ഗോസായിമാരും മദാമ്മയും കണ്ണ് തുറന്നു കടാക്ഷിച്ചു കാര്യങ്ങള്‍ ചെയ്തു തരും എന്ന് വിശ്വസിച്ചു കൊണ്ടല്ല.  ഇപ്പോഴും ഇറക്കുന്നുണ്ട് പ്രസ്താവനകള്‍, ഡല്‍ഹിയില്‍ നിന്നും... ദുബായില്‍ നിന്നും ഒക്കെ, മേയ്ക്ക് അപ്പും ഇട്ടു, ചുളിവു വീഴാത്ത തൂവെള്ള ഖദര്‍ ഉടുത്തു, അശ്ലീലം തുളുമ്പുന്ന മഞ്ഞ ചിരിയുമായി... ഒരു ഉളുപ്പുമില്ലാതെ. നാളെയും അവര്‍ ഇതുമാതിരി ആത്മാര്‍ഥത ഒട്ടും തോട്ടു തീണ്ടാത്ത പ്രസ്താവനകള്‍ ഇറക്കും....അവന്റെ ഒക്കെ കവിളത് ഹസ്തരേഖ പതിപ്പിക്കാന്‍ ഇവിടെയും സര്‍ദാര്‍ജിമാര്‍ ഉണ്ടാകുന്നത് വരെ...