mullaperiyaar എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
mullaperiyaar എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഫെബ്രുവരി 02, 2012

മുല്ലപ്പെരിയാര്‍ ടൂറിസം പൊടി പൊടിക്കുമ്പോള്‍

എനിക്ക് മനസ്സിലാവാത്തത് കൊണ്ട് ചോദിക്കുകയാണ്, മിനിമം ആഴ്ചയില്‍ രണ്ടു വെച്ച് വിദഗ്ദ സംഘങ്ങള്‍ മുല്ലപ്പെരിയാരിലോട്ടു വെച്ച് പിടിക്കുന്നു. പരിവാരങ്ങളോട് കൂടി ഡാമും ചുറ്റി നടന്നു കണ്ടു, സുരേഷ് ഗോപിയുടെ ഭാഷയില്‍ മൃഷ്ടാന്നവും ഭുജിച്ചു, ഏമ്പക്കവും വിട്ടു പോകുന്ന കലാപരിപാടി കുറച്ചു കാലമായി നിര്‍ബാധം തുടര്‍ന്ന് കൊണ്ട് പോവുന്നു. കുറച്ചു അടുത്തൂണ്‍ പറ്റാറായ ഗോസായിമാര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍, നല്ല കാലാവസ്ഥയുടെ സുഖവും അനുഭവിച്ചു ഒരു ടൂറിസം പരിപാടി. ശുഭയാത്ര...അത് കഴിഞ്ഞു അങ്ങ് കേന്ദ്രത്തില്‍ തിരിച്ചെത്തി  കേരളത്തിന്റെ മണ്ടക്കിട്ട് ഒരു കിഴുക്കും... ഒരു കൊട്ടും.. എല്ലാം പുഹ എന്ന മട്ടില്‍, തൊട്ടും തൊടാതെയും ചില പ്രസ്താവനകളും.... ഈ കാഴ്ചകള്‍ കാണുമ്പോള്‍,  ഇതപറ്റി കേള്‍ക്കുമ്പോള്‍,  വായിച്ചറിയുമ്പോള്‍,  മനസ്സില്‍ നിറയുന്നത് ഒരു പാട് ചോദ്യങ്ങളാണ്. എന്തിനാണ് ഇത്രയേറെ പഠന സംഘങ്ങള്‍ അവിടെ കയറി ഇറങ്ങുന്നത്.. അവര്‍ എന്താണ് പഠിക്കുന്നത്.. എന്തൊക്കെ അവര്‍ മനസ്സിലാക്കി.. ആരെ സഹായിക്കാനാണ് ഈ പഠനങ്ങള്‍.. ആര്‍ക്കു വേണ്ടിയാണ് ഈ ദൌത്യ ടൂറിസ്റ്റുകള്‍ വന്നു കാഴ്ച കണ്ടു പോകുന്നത് .. ആര്‍ക്കാണ് അതുകൊണ്ട് പ്രയോജനം...ഇവര്‍ക്കൊക്കെ ആര് ചിലവിനു കൊടുക്കുന്നു.. അങ്ങിനെ നൂറു നൂറു ചോദ്യങ്ങള്‍. അല്ല ഇതൊക്കെ ചോദിക്കാനും .. അഥവാ ആരെങ്കിലും ഇതൊക്കെ ചോദിച്ചാല്‍ ഇതിനൊരു മറുപടി നല്‍കാനും ആരുണ്ടാവും... ആര്‍ക്കാണ് അതിനൊക്കെ സമയം... സൗകര്യം.

അപ്പോള്‍ ഇവിടെ എന്താണ് സംഭവിക്കുന്നത്‌?.. സമരം ഓരോരോ ദിവസമായി വെച്ചും വലിച്ചും മുടന്തിയും നീങ്ങുന്നു. ഇടക്കൊക്കെ മൂപ്പിക്കാന്‍, ആത്മാര്‍ഥതയുടെ തരിമ്പും തൊട്ടു തീണ്ടാതെ മന്ത്രി പുംഗവന്‍,  ജോസെഫ് സാര്‍ ഒരു ഗീര്‍ വാണവും വിട്ടേച്ചു ഒരു പോക്ക് പോവും. പാവം കുറെ സമര സമിതിക്കാര്.... പട്ടിണി പാവങ്ങള്.... ആത്മാര്‍ഥമായി തമ്പുരാന്മാര് കനിയും എന്ന് വെച്ച് തുടര്‍ന്ന് കൊണ്ട് പോവുന്ന സമരം. അതിനെ തെല്ലെങ്കിലും ആത്മാര്‍ഥതയോടെ പിന്തുണച്ചിരുന്ന സൈബര്‍ വയ്താരിയും മെല്ലെ മെല്ലെ പെയ്തോടുക്കിയ പോലെ ഒന്നൊന്നായി തങ്ങളുടെ ദൈനംദിന പ്രാരബ്ദങ്ങളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു.

ഇതൊന്നും വേറൊന്നും കൊണ്ട് ഉണ്ടാവുന്നതല്ല... ഇച്ചാശക്തി ഇല്ലാത്ത ഒരു നേതൃത്വത്തെ വോട്ടു കുത്തി ഭരിക്കാന്‍ അയക്കുന്നത് കൊണ്ട് മാത്രം ഉണ്ടാവുന്നതാണ്.... ശരിക്കും വിഷമം തോന്നുന്നുണ്ട് ഡാം ഇപ്പൊ പൊട്ടും എന്ന ഭീതിയില്‍ ഉറക്കം കളഞ്ഞു ജീവിച്ചു തള്ളുന്ന പാവം അമ്മമാരെയും കുട്ടികളെയും പറ്റി... പാതവക്കില്‍ ദുര്‍ബലമായി സമരം തുടരുന്ന പാവം സമരക്കാരെ പറ്റി..... അവര്‍ക്ക് മുമ്പിലൂടെ ഇനിയും മുല്ലപെരിയാര്‍ ടൂറിസ്റ്റു സംഘങ്ങളുടെ വാഹന വ്യൂഹങ്ങള്‍ പൊടി പറത്തി കുതിച്ചു പായും, അവരോടൊപ്പം ആഘോഷമായി മാധ്യമപ്പടയും പരിവാരങ്ങളും എസ്കോര്‍ട്ട് പോവും... സര്‍ക്കാരിന്റെ കീശ ആ വകയിലും ഒന്ന് ചുരുങ്ങും... അല്ലാതെ ഒന്നും നടക്കാന്‍ പോവുന്നില്ല.. ഡാം പൊട്ടിയാല്‍ നഷ്ടമാര്‍ക്ക്... ആ പാവങ്ങള്‍ക്ക് തന്നെ... അങ്ങനെ സംഭവിച്ചാലും, പിന്നെയും ഇറങ്ങും ദുരന്ത കാഴ്ചകള്‍ കണ്ടു ആസ്വദിക്കാന്‍ ഗോസായിമാരുടെ ടൂറിസ്റ്റ് സംഘങ്ങള്‍....

ചൊവ്വാഴ്ച, ഡിസംബർ 20, 2011

മുല്ലപ്പെരിയാറില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുമ്പോള്‍

മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ ജനവികാരം മുതലെടുക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ പലയിടങ്ങളില്‍ തെളിവായി കാണുന്നു എന്ന തോന്നലില്‍ നിന്നാണ് ഈ കുറിപ്പ്. ഈ പ്രശ്നം രൂക്ഷമായി തുടരവേ പല മാധ്യമങ്ങളിലും അതിനെക്കുറിച്ച് മൌനം അവലംബിക്കുന്ന  സെലെബ്രിട്ടികളെയും ബിസ്സിനെസ്സ്കാരെയും, തമിഴ്നാടിനു അനുകൂലമായി പ്രസ്താവനകള്‍ ഇറക്കുന്ന തമിഴ്നാട് മലയാളികളെയും വിമര്‍ശിച്ചും അവരോടു രോഷം കൊണ്ടും ഉള്ള അഭിപ്രായങ്ങളും ആക്ഷേപങ്ങളും നിറയുകയാണ്.  ഈ പറയുന്നവര്‍ക്കാര്‍ക്കും ഈ വിഷയത്തില്‍, നഷ്ടപ്പെടാന്‍ ഒന്നും ഇല്ല എന്നതാണ് സത്യം. ചെന്നയിലും തിരുപ്പൂരും കൊവയിലും സേലത്തും ഒക്കെ തലമുറകളായി പണി എടുത്തു സമ്പാദിച്ചു കൂട്ടിയ ജീവനും, സ്വത്തും, മുതല്‍ മുടക്കും കയ്യാലപ്പുറത്തെ തേങ്ങ പോലെ കിടക്കുന്ന ഈ വിഷയത്തില് എടുത്തു ചാടി  നിലപാടെടുത്തു കോഴിക്കിട്ടു കൊടുക്കുവാന്‍ സാമാന്യ ബുദ്ധിയുള്ള ഒരുത്തനെങ്കിലും ശ്രമിക്കുമോ?

സ്വീകരണ മുറിയില്‍ ഇരുന്നു അഭിപ്രായം പറയുന്ന നമ്മള്‍ അവരെയും അവരുടെ പ്രശ്നവും മനസ്സിലാക്കണം.. വീണ്ടു വിചാരം ഇല്ലാതെ എടുത്തു ചാടുന്ന ഒരു ആള്‍ക്കൂട്ടത്തിന്റെ മുമ്പിലേക്ക് തങ്ങളുടെ ആയുഷ്കാല സമ്പാദ്യവും ഉറ്റവരുടെയും ഉടയവുടെയും ജീവനും പണയപ്പെടുത്താന്‍ അവര്‍ മുതിരാതത്തിനു അവരെ പഴി പറഞ്ഞിട്ട് എന്താണ് കാര്യം. അവരുടെ വയറ്റുപിഴപ്പാണ് തമിഴ്നാടിനു പിന്തുണ പ്രഖ്യാപിക്കുന്ന ഫ്ലെക്സ് ബോര്‍ഡ്‌ ആയും പ്രസ്താവന ആയും മറ്റും രൂപാന്തരപെടുന്നത്.  ഇത്തരം വൈകാരികമാനങ്ങളുള്ള പ്രശ്ങ്ങളും, അതില്‍ പ്രതിഷേധിച്ചിറങ്ങുന്ന  ആള്‍ക്കൂട്ടം നല്‍കുന്ന മറവും ആണ് പലപ്പോഴും പല വിവരദോഷികള്‍ക്ക് തങ്ങളുടെ ഉള്ളിലുള്ള മൃഗത്തെ കയറൂരി അഴിച്ചു വിടാന്‍ അവസരം നല്‍കുന്നത്. റോട്ടില്‍ ഒരു പണിയും ഇല്ലാതെ തേരാ പേര നടക്കുന്ന പലര്‍ക്കും അദ്ധ്വാനിച്ചു സമ്പാദിച്ചു നല്ല നിലക്ക് ജീവിച്ചു പോരുന്ന മറുനാട്ടുകാര്‍ എപ്പോഴും കണ്ണിലെ കരടാണ്, അവന്റെ ഉള്ളില്‍ അമര്‍ത്തി വെച്ചിരുന്ന അസൂയയും വെറുപ്പും പുറത്തെടുത്തു തീര്‍ക്കാനാണ് വല്ലപോളും ഇത്തരത്തിലുള്ള വിഷയങ്ങള്‍ വീണു കിട്ടുന്നത് അവന്‍ ഉപയോഗിക്കുന്നത്.  ആ അവസരങ്ങളില്‍ അവര്‍ക്ക് എറിയാന്‍ കല്ലും ഉരക്കാന്‍ തീപ്പെട്ടി കൊള്ളിയും എന്തിനു കൊടുക്കണം. വര്‍ഷങ്ങള്‍ക്കു മുമ്പ് കന്നഡ നടന്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടി കൊണ്ട് പോയ സമയത്ത്, ബാംഗളൂരില്‍ ഉള്ള കടുത്ത രജനീകാന്ത് ഫാന്‍സ്‌ ആയ തമിഴന്മാര്‍ ഒന്നടങ്കം  തങ്ങളുടെ കെട്ടിടങ്ങളുടെ ചില്ലില്‍ രാജ്കുമാറിന്റെ ചിത്രം ഒട്ടിച്ചതു ആരും മറക്കരുത്. അവര്‍ ഒന്നും രജനികാന്തിനെ വിട്ടു രാജ് കുമാറിന്റെ ഫാന്‍സ്‌ ആയതല്ല.. പേടിച്ചിട്ടായിരുന്നെന്നു നമുക്കെല്ലാം അറിയാം.  അത് തന്നെയാണ് ഇവിടെയും കാര്യം.

അത് പോലെ തന്നെ  എന്ത് കൊണ്ട് പലരും ജോലി തേടി ചെന്നയില്‍ പോവുന്നു എന്നതും വ്യവസായവും മുതല്‍ മുടക്കും തമിഴ്നാട്ടില്‍ നടത്തുന്നു എന്നതും  നമുക്ക് വ്യക്തമായി അറിയാവുന്നതാണ്.. അവര്‍ക്കാര്‍ക്കും തമിഴ് മണ്ണിനോടും, തമിഴ് കലാചാരത്തോടും, സാമ്പാര്‍ സാധതോടും, കൂവത്തിലെ നാറുന്ന വെള്ളത്തിനോടും, കത്തി കാളുന്ന കത്തിരി ചൂടിനോടും പ്രേമം കയറി മൂത്തിട്ടല്ല .. ഇവിടെ മുതല്‍ മുടക്കാനുള്ള സാഹചര്യവും പിന്തുണയും ഇല്ലാത്തതു ഒന്ന് കൊണ്ട് മാത്രമാണ്... അടിമാലിയില്‍ നിന്ന് കമ്പത്തെക്കും കളമശ്ശേരിയില്‍ നിന്നും സിപ്കൊട്ടിലെക്കും തങ്ങളുടെ കച്ചവടങ്ങള്‍ പറിച്ചു നടുന്നത്.  അവിടെ ഇന്നേവരെ ഒന്നും ക്രിയാത്മകമായി ചെയ്യാത്ത നമ്മള്‍ ഇപ്പോള്‍ അവരെ വിമര്‍ശിച്ചിട്ടു കാര്യമില്ല.

അതിവൈകാരികതയേക്കാള്‍,  പ്രായോഗികമായ പരിഹാരങ്ങള്‍ക്ക് ആണ് ശ്രമിക്കേണ്ടത്. അത് കൊണ്ട് അവര്‍ ഈ പ്രശ്നത്തില്‍ കേരളത്തെ പിന്തുണച്ചില്ല അല്ലെങ്കില്‍ തമിഴ്നാടിനു പിന്തുണ നല്‍കി നന്ദികേട്‌ കാട്ടുന്നു, എന്നൊക്കെ പറഞ്ഞു അവര്‍ക്ക് നേരെ വാളോങ്ങുന്നതിന്നു മുമ്പ്  അവര്‍ക്കൊക്കെ നമ്മളെ പിന്തുണക്കാന്‍ ആവശ്യമായ സുരക്ഷിതത്വവും സാഹചര്യവും നമ്മുടെ നാട്ടില്‍ സൃഷ്ടിക്കുക..എന്നിട്ട് കൂറ് കാണിക്കാന്‍ ആവശ്യപ്പെടുക. അത്കൊണ്ട് തമിഴനെ നമ്പി ജീവിക്കുന്ന, തമിഴ്നാട്ടില്‍ മുതല്‍ മുടക്കിയിട്ടുള്ള നമ്മുടെ സെലെബ്രിട്ടികളെയും ബിസ്സിനെസ്സ്കാരെയും വെറുതെ വിട്ടേക്കുക. അവര്‍ക്കിഷ്ടമില്ലാത്തത് കൊണ്ടോ നമ്മളോട് എതിര്‍പ്പുള്ളത്‌ കൊണ്ടോ അല്ല ഈ വിഷയത്തില്‍ ഇടപെടാത്തതും പരസ്യമായി പ്രസ്താവനകള്‍ ഇറക്കാത്തതും എന്ന് മനസ്സിലാക്കുക.

PS: പ്രതികരിക്കാതിരുന്നത് നിലനില്‍പ്പിന്റെ ഭാഗമായിട്ടുള്ള കാര്യമാണെന്ന് വിശ്വസിച്ചാണ് ഈ കുറിപ്പെഴുതിയത്... പക്ഷെ നമ്മുടെ മെഗാ സ്റാര്‍ പക്ഷെ വെറും ഒരു "ചതിയന്‍ ചന്തു" മാത്രമല്ല ഒരു "ചാന്തുപൊട്ട് "കൂടിയാണ് എന്ന് തെളിയിച്ചു... അമ്മയ്ക്ക് രക്തപുഷ്പങ്ങളുടെ ബൊക്കയും കൊടുത്തു മലക്കെ ചിരിച്ചു മോന്റെ നിക്കാഹിനു ക്ഷണിച്ചു കൊണ്ട്..

ബുധനാഴ്‌ച, ഡിസംബർ 07, 2011

നമ്മുടെ സര്‍പ്പയജ്ഞങ്ങള്‍

പണ്ട്...എന്റെ ഒക്കെ കുട്ടിക്കാലത്ത് സര്‍പ്പ യജ്ഞം എന്നൊരു പരിപാടി ഉണ്ടായിരുന്നു... ഒരു വിദ്വാന്‍ ഒരു കണ്ണാടി കൂടിനകത്ത്‌ കൊടിയ വിഷമുള്ള കരി മൂര്‍ഖന്‍, രാജ വെമ്പാല, അണലി, ചേനതണ്ടന്‍ എന്നീ ജനുസ്സില്‍ പെടുന്ന പാമ്പുകളുടെ കൂടെ കുറെ നാള്‍ കഴിയുക. അതൊക്കെ പത്രങ്ങളില്‍ മുന്‍ പേജ് വാര്‍ത്തയായിരുന്നു. ശ്രീ പാമ്പ് വേലായുധന്‍ എന്ന് പേരുള്ള ഒരാളായിരുന്നു അതില്‍ പ്രധാനി. റെക്കോര്‍ഡ്‌ ബുക്കില്‍ വരാനും, ഒരു പ്രദര്‍ശനം പോലെ വരുമാന മാര്‍ഗമായിട്ടുമൊക്കെ അവര്‍ നടത്തിയിരുന്നതാണ് ജീവന്‍ പണയം വെച്ചുള്ള ആ യജ്ഞങ്ങള്‍..

അല്ല ഇതൊക്കെ എന്താണ് പറഞ്ഞു വരുന്നതെന്ന് വെച്ചാല്‍, ഇന്നലെ ടി വി ചാനലുകളില്‍ ഇരുന്നു ബഹുമാനപ്പെട്ട മന്ത്രിമാരായ തിരുവഞ്ചിയൂര്‍ രാധാകൃഷ്ണനും, പി ജെ ജോസ്സെഫും, മുഖ്യമന്ത്രിയും  ഒക്കെ പറയുന്ന വാക്കുകള്‍ കേട്ടപ്പോള്‍ ഓര്‍മ വന്നതാ സര്‍പ്പ യജ്ഞങ്ങള്‍... കേരളത്തിലെ ജനങ്ങള്‍ ഇവരെ ഒക്കെ നമ്പി കഴിയേണ്ടി വരുന്ന അവസ്ഥ എന്ന് പറയുന്നത്, വിഷപ്പാമ്പുകളുടെ കൂടെ കഴിഞ്ഞ വെലായുധനെക്കാള്‍ കഷ്ടമാണല്ലോ എന്നത്... മുല്ലപ്പെരിയാര്‍ തകര്‍നാലുള്ള ആഘാതത്തെ പറ്റി ഇനിയാണ് ഈ മഹാന്മാര്‍ പഠിക്കാന്‍ പോവുന്നത് എന്ന്... ഇന്നേ വരെ ലോകം കണ്ടിട്ടില്ലാത്ത സാങ്കേതിക വിദ്യയും ആളും കോപ്പും ഒക്കെ ഉപയോഗിച്ച് സൈന്യത്തിനെ ഇറക്കി അവര്‍ കണ്ടെത്താന്‍ പോവുന്ന പരമ സത്യം.. അപ്പോള്‍ ഇത് വരെ നാക്കിട്ടലച്ചിരുന്നതും പ്രസ്താവനകള്‍ ശര്ധിച്ചിരുന്നതുമെല്ലാം പുക... അത് കേട്ട് രക്തം തിളച്ചു മറിച്ചിരുന്ന നമ്മളെല്ലാം ആന മണ്ടന്മാര്‍.. ഗവര്‍ണറുടെ മുമ്പില്‍ ഒരു യാതൊരു ഉളുപ്പുമില്ലാതെ വായിച്ചു ഒപ്പ് വെച്ച  സത്യപ്രതിജ്ഞക്ക് അത് എഴുതിയ കടലാസ്സിന്റെ പോലും വില കല്‍പ്പിക്കാത്ത ഇവരെ ഒക്കെ നമ്പി നമ്മുടെ ജീവനും സ്വത്തും കരുതി വെക്കുന്ന നമ്മള്‍... ഹാ കഷ്ടം...

നമ്മള്‍ പാണ്ടികള്‍ എന്നൊക്കെ അന്യായമായി വിളിച്ചു കളിയാക്കിയിരുന്ന തമിഴന്മാരുടെ മുഖത്തേക്ക് നോക്കാന്‍ നാണം ആവുന്നു. അസൂയ തോന്നുന്നു. എന്തൊക്കെ പറഞ്ഞാലും അല്പമെങ്കിലും സഹജീവികളോട് ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരു ഭരണ വര്‍ഗം അവര്‍ക്കുണ്ടല്ലോ.. ഇത് പോലെ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കാന്‍ കൊള്ളാത്ത ജനപ്രതിനിധികള്‍ അവര്‍ക്കില്ലല്ലോ. ഇന്നലെ വരെ പ്രേമചന്ദ്രന്‍ അടക്കമുള്ള കുറെ വ്യക്തികള്‍ പ്രയത്നിച്ചു കെട്ടി പൊക്കി കൊണ്ട് വന്നിരുന്ന ഈ വിഷയം ഒരു ദയയും ഇല്ലാതെ അല്ലേ പൊളിച്ചടുക്കിയത്‌... ഇവരെ നമ്പി സമരമുഖതെക്കിറങ്ങിയ ലക്ഷക്കണക്കിന്‌ സാധാരണക്കാര്‍ ഇപ്പോള്‍ ആരായി? ഒരു കാര്യം തുറന്നു പറയണമല്ലോ ഇവനൊന്നും നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം തരും എന്ന് വിശ്വസിച്ചു ഇടുക്കിയിലും, കോട്ടയത്തും ഒന്നും ആരും ഇരിക്കണ്ട, കിട്ടാവുന്ന വേഗത്തില്‍ കൂടും കിടക്കയും പെറുക്കി പാലക്കട്ടെക്കോ, വയനാട്ടിലെക്കോ വിടാന്‍ നോക്കിക്കോ.. അല്ല അമരവിളക്കോ, വാളയാറിനോ  അപ്പുറം കിടക്കാന്‍ പറ്റുമെങ്കില്‍ അത്രയും നന്ന്.

ഇന്നലെ ഉച്ച ഭക്ഷണം കഴിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നത് കന്നടക്കാരനും തമിഴനുമായിരുന്നു .. ഞങ്ങള്‍ സംസാരിക്കുമ്പോള്‍ ബെല്ലാരിയിലെ തിരഞ്ഞെടുപ്പായിരുന്നു വിഷയം.. അവര്‍ ഇരുവരും ബെല്ലാരിയിലെയും, മധുരയിലെയുമൊക്കെ നിരക്ഷരരായ ജനങ്ങള്‍ കാശും, സാരിയും ചാരായ കുപ്പിയും മറ്റും വാങ്ങി കാല്‍ കാശിനു കൊള്ളാത്ത ഗുണ്ടകള്‍ക്കും, കൊള്ളക്കാര്‍ക്കുമൊക്കെ വോട്ടു കുത്തുന്ന കാര്യം വലിയ വിഷമത്തോടെ പറഞ്ഞു. അപ്പോള്‍ ഒന്നും പറഞ്ഞില്ലെകിലും ഇന്ന് ഞാന്‍ അവരോടു പറയും, നിങ്ങളുടെ നാട്ടില്‍ കാശും സാരിയും ചാരായ കുപ്പിയും വാങ്ങി വോട്ടു കുത്തി അയക്കുന്ന ഗുണ്ടയും കള്ളന്മാരും, ഞങ്ങള്‍ നേരാം വണ്ണം തിരഞ്ഞെടുത്തയക്കുന്ന മാന്യന്മാരെക്കാള്‍ എത്ര ഭേദം എന്ന്

ഞായറാഴ്‌ച, ഡിസംബർ 04, 2011

ഇവിടെ ആരാണ് നമ്മളെ ചതിക്കുന്നത്?

വികാരം തിളച്ചു മറിഞ്ഞു വിവേകത്തെ മൂടി വെക്കുമ്പോള്‍ നമ്മള്‍ ഒന്ന് ആലോചിക്കേണ്ട കാര്യം തന്നെയാണ്. പല രീതിയില്‍ വ്യാഖ്യാനിച്ചു എ ജി യെ ഒരു ഒന്നാം കിട ഒറ്റുകാരനായി ചാപ്പ കുത്തി കല്ലെറിഞ്ഞു കുരിശില്‍ ഏറ്റുമ്പോള്‍ നമ്മള്‍ അതിന്റെ  ചിന്തിക്കേണ്ട പല സുപ്രധാന വശങ്ങളും പൂര്‍ണമായും ത്രിണവല്ഗനിക്കുന്നു. കോടതി അദ്ദേഹത്തോട് ചോദിച്ച ചോദ്യം എന്താണ്? ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇതല്ലെങ്കില്‍ എങ്ങിനെയാണ് ഉത്തരം നല്‍കേണ്ടത്?   ഇതൊക്കെ നമ്മള്‍ ഒന്ന് ചിന്തിച്ചിട്ടുണ്ടോ? കോടതി അദ്ദേഹത്തോട് ചോദിച്ചത് അഥവാ ഈ ഡാം തകരാനുണ്ടായാല്‍ ഉള്ള സ്ഥിതി വിശേഷത്തില്‍ മറ്റു ഡാമുകള്‍ - ഇടുക്കി, കുളമാവ് എന്നിവ ഒഴുകി എത്തുന്ന അധിക ജലം താങ്ങി നിര്‍ത്താന്‍ മാത്രം ഉറപ്പുള്ളതാണോ എന്ന്... ഇവിടെ രണ്ടു കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കണം.. അദ്ദേഹത്തിനു കോടതിക്ക് മുന്നില്‍ അസത്യങ്ങള്‍ പറയാന്‍ കഴിയില്ല... അത് പോലെ തന്നെ അദ്ദേഹം പറയുന്നത് സര്‍ക്കാര്‍ നിലപാടുകള്‍ ആണ് എന്നതും.  ഇടുക്കിയിലെ വെള്ളം തുറന്നു വിട്ടു ഒരുക്കി വെച്ചാല്‍ അതിനു ഒഴുകി വരുന്ന അധിക ജലം താങ്ങാന്‍ ഉള്ള കഴിവുണ്ട് എന്നത് സത്യമല്ലേ. ഇനി അഥവാ ജലനിരപ്പ്‌ താഴ്ത്തിയിട്ടും ഇടുക്കിക്ക് താങ്ങാന്‍ കഴിയില്ല എന്ന് അദ്ദേഹം പറയുകയാണെങ്കില്‍ സ്വാഭാവികമായും അടുത്ത ചോദ്യം ഇടുക്കി ഡാമിന്റെ സുരക്ഷയെപറ്റിയായിരിക്കും. നമ്മുടെ കൈയ്യില്‍ എല്ലാവിധ നിയന്ത്രണവുമുള്ള ഇടുക്കിയുടെ സുരക്ഷയില്‍ നമുക്ക് എന്ത് കൊണ്ട് ആശങ്കയില്ല എന്നതും സ്വാഭാവികമായ ഒരു തുടര്‍ചോദ്യം ആയിരിക്കും. അത് കൊണ്ട് ഉത്തരങ്ങള്‍ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു തീര്‍ക്കാന്‍ അത്ര എളുപ്പമല്ല.

പക്ഷെ അവിടെ ഇടുക്കി ഡാം, മുല്ലപെരിയാറിന്റെ തകര്‍ച്ച താങ്ങാന്‍ ഒരുക്കി നിര്‍ത്തുക എന്നത് എത്രമാത്രം ഒരു പരിഹാരം ആയി കാണാന്‍ കഴിയും എന്ന് ഉന്നയിക്കാന്‍ നമുക്ക് കഴിയും... അവിടെയാണ് ശരിയായ രീതിയില്‍ വാദിച്ചു എടുക്കേണ്ടത്... അധികമായ വെള്ളം ഒഴുകി വരുന്നത് താങ്ങാനുള്ള ബാക്ക് അപ്പ്‌ ഡാം അല്ല ഇടുക്കി എന്നത് ഒരു വസ്തുത.. അത് കൊണ്ട് ഇടുക്കി ഡാമില്‍ നിന്ന് വെള്ളം തുറന്നു വിട്ടു അതിനെ ഒരുക്കി നിര്‍ത്തുമ്പോള്‍, ഇടുക്കി ഡാമിന്റെ ഉപയോഗം (വൈദ്യുതി ഉത്പാദനം ) നമ്മള്‍ കുരുതി കൊടുക്കുകയാണ്.. അത് ഒരു താല്‍ക്കാലിക നടപടി മാത്രമാണ്.. തകര്‍ച്ചയുടെ ആഘാതത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ എടുക്കുന്ന ഒരു താല്‍ക്കാലിക നടപടി.. അത് ഒരിക്കലും പ്രശ്ന പരിഹാരം ആയി വ്യാഖ്യാനിക്കാന്‍ പറ്റില്ല. അത് പോലെ തന്നെ മുല്ലപെരിയാരിനും മറ്റു ഡാമുകള്‍ക്കും ഇടയിലുള്ള ജനവാസസ്ഥാനങ്ങള്‍ ... അവയെ അവഗണിക്കുന്നത്... അത് പലരും പ്രകടിപ്പിച്ച ഒരു ആശങ്ക ആണ്.. ഈ രണ്ടു വാദങ്ങളും ഫലപ്രദമായി ഉന്നയിക്കാന്‍ സാധിച്ചാല്‍ ഇനിയും നമ്മള്‍ക്ക് ആശക്ക്‌ വകയുണ്ട്. ഇനി രണ്ടാമത്തെ കാര്യം, എ ജി പറഞ്ഞത് സര്‍ക്കാര്‍ നിലപാട് അല്ല എന്ന വാദം... അത് ഗൌരവമായി പരിഗണിക്കേണ്ട ഒന്ന് തന്നെയാണ്.. അവിടെ സത്യം മനസ്സിലാക്കുവാനും യുക്തമായ നടപടി എടുക്കാനും സര്‍ക്കാരിനു അവകാശവും കര്‍ത്തവ്യവും ഉണ്ട്.

അതിനിടക്ക് ഈക്കാര്യമെല്ലാം എ ജിയുടെ തലയില്‍ കെട്ടി വെച്ച് തങ്ങളുടെ കടമകളില്‍ നിന്നും ഒളിച്ചോടാന്‍ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നതായി ശങ്ക തോന്നുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌.. അത്തരത്തില്‍ ഒരു വ്യാപക പ്രചരണം മാധ്യമങ്ങളും ഏറ്റെടുക്കുന്നു. അദ്ദേഹം കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ എടുത്തു പരിശോധിച്ച് യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കാതെ കൈ കഴുകി മാറാന്‍ ശ്രമിക്കുന്നതാണ് വലിയ ചതി.. അത് പോലെ തന്നെ സമരം എന്ന് പറഞ്ഞു ആഭാസകരമായ രീതിയില്‍ പ്രതിയോഗികള്‍ക്ക് ദുര്‍വ്യാഖ്യാനം ചെയ്യുകയും മുതലെടുക്കുകയും ചെയ്യാവുന്ന രീതിയില്‍ അതി വൈകാരിക പ്രകടനങ്ങള്‍ നടത്തുന്നതും മറ്റൊരു കൊടും ചതിയാണ്.. അത് പ്രതിക്കൂട്ടിലേക്ക് നമ്മളെ തള്ളി നീക്കാനെ കാരണം ആവൂ എന്ന് മനസ്സിലാക്കിയാല്‍ നന്ന്.... ഇവിടെ നമുക്ക് വേണ്ടത് നടപടിയാണ്.. അതിനെ മുന്‍നിര്‍ത്തി വിവേക പൂര്‍വ്വം രാഷ്ട്രീയ നേതൃത്വം ചുവടുകള്‍ വെച്ചില്ലെങ്കില്‍ കൂടുതല്‍ അപകടകരമായ സ്ഥിതിയിലേക്ക് ... നിയമത്തിനു പോലും രക്ഷിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് ഈ പ്രശ്നത്തെ കൊണ്ടെത്തിക്കുകും. ദേശീയ മാധ്യമങ്ങള്‍ വഴി തമിഴ്നാട് ചരട് വലിക്കുന്നതും ആ രീതിയില്‍ ആണ് ... മലയാളികള്‍ അക്രമാസക്തരാവുന്നു എന്ന ധ്വനി വളരെ വ്യക്തമായിരുന്നു അത്തരം റിപ്പോര്‍ട്ടുകളില്‍.. അത് പൊതുജനാഭിപ്രായം നമുക്കെതിരാകുവാന്‍ കാരണം ആയേക്കാം ... അതാണ്‌ വന്‍ ചതി ... അക്ഷന്തവ്യമായ അപരാധം....


PS: ഈ രീതിയില്‍ വാദം നീങ്ങുന്നതില്‍ ഒരു അനുകൂല വശം ഉണ്ട്... അതായത് ഡാം തകര്‍ന്നാല്‍ ചെയ്യേണ്ട നടപടികള്‍ എന്ന ലൈനില്‍ വാദം നീങ്ങുന്നത്‌, ഡാം തകരും എന്ന സാധ്യത ഗൌരവതരവും സാധ്യമായതും ആണ് എന്നതിനെ അംഗീകരിക്കുന്ന മട്ടിലുള്ളതാണ്. അവിടെ നമുക്ക് ഒരു പിടി പിടിക്കാനുള്ള വഴി കാണാവുന്നതാണ്. ആ വാദം തമിഴ്നാട് എടുത്തു കളിച്ചാല്‍, അവര്‍ പരോക്ഷമായി ആ സാധ്യത അംഗീകരിക്കുന്നു എന്ന് നമ്മള്‍ വാദിക്കണം. അത്കൊണ്ട് ഡാം തകരില്ല എന്ന് അവര്‍ ഇത് വരെ ഉറപ്പിച്ചു പറഞ്ഞു പോരുന്നതിനെ അത് പൊളിക്കില്ലേ?

വെള്ളിയാഴ്‌ച, ഡിസംബർ 02, 2011

ഈശ്വാരാ, തമിഴന്മാര് പറയുന്നതൊക്കെ ശരിയായിരിക്കണേ!!!

ഇതിനൊക്കെ ഇറങ്ങുമ്പോഴേ തോന്നിയിരുന്നു ... അല്ലാ വ്യക്തമായിരുന്നു... ഈ മുന്നില്‍ നിന്ന് നയിക്കുന്ന മഹാന്മാരൊക്കെ കാര്യം വരുമ്പോള്‍ മുട്ടിനിടിക്കുന്നവരാന്..മുണ്ടില്‍ പെടുക്കുന്നവരാന്.  പിറകില്‍ നിന്നും കുത്തുന്നവരാണ് എന്നെല്ലാം... എന്നിട്ടും നമ്മള്‍ യുദ്ധം ചെയ്തു ... മാമാങ്കത്തിലെ ചാവേറുകളെ പോലെ... ഇനിയും പറ്റാവുന്ന വിധത്തില്‍ അത് തുടരാം. ആര്‍ക്കെങ്കിലും എന്നെങ്കിലും നല്ല ബുദ്ധി ഉദിക്കുന്ന കാലം വരെ.....അതലെങ്കില്‍  ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വെച്ച് തമിഴ്നാടിന്റെ വാദമുഖങ്ങള്‍ എല്ലാം 100% ശരിയായിരിക്കണേ എന്ന് ഉള്ളുരുകി പ്രാര്‍ഥിക്കുക..നമ്മള്‍ ഇതുവരെ കരുതിയിരുന്നതും വാദിച്ചിരുന്നതും എല്ലാം നമ്മുടെ എ ജി സാര്‍ പറഞ്ഞ പോലെ, വെറും മാധ്യമ സൃഷ്ടി മാത്രമായിരിക്കണേ എന്ന് പ്രതീക്ഷിക്കുക... സുര്‍ക്കിയും ചുണ്ണാമ്പും ശങ്കര്‍ സിമെന്റ് പോലെ കട്ടക്ക് കട്ട ഡാമിനെ ഒരു  കേടുപാടും കൂടാതെ ചോളന്റെ കല്ലണ പോലെ കാലാകാലം തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം പോലെ നില നിര്‍ത്തി പോരട്ടെ എന്ന് പ്രാര്‍ഥിക്കാം. അതല്ലാതെ വേറെ വഴിയില്ല... നമുക്ക് നാട് ഭരിക്കാന്‍ ഉശിരുള്ള പെണ്ണുങ്ങള്‍ ഇല്ലാതെ പോയല്ലോ? ഈ ആണും പെണ്ണും കേട്ടവന്‍മാരല്ലാതെ...


ഏതായാലും ഒരു കാര്യം ഉറപ്പാണ് ... ഇവനൊക്കെ ഡല്‍ഹിയില്‍ പോയി വൈകുന്നേരം വരെ പാര്‍ലിമെന്റിന്റെ മുന്നില്‍ ഇരുന്നു നേരം പോക്കുന്നത് തിരിച്ചു കോട്ടയത്തും ഇടുക്കിയിലും മറ്റും വന്നിരിക്കാനുള്ള പ്രാണഭയം കൊണ്ടാണ് .... അല്ലാതെ ആ കാശും വോട്ടും മാത്രം നോക്കുന്ന ഗോസായിമാരും മദാമ്മയും കണ്ണ് തുറന്നു കടാക്ഷിച്ചു കാര്യങ്ങള്‍ ചെയ്തു തരും എന്ന് വിശ്വസിച്ചു കൊണ്ടല്ല.  ഇപ്പോഴും ഇറക്കുന്നുണ്ട് പ്രസ്താവനകള്‍, ഡല്‍ഹിയില്‍ നിന്നും... ദുബായില്‍ നിന്നും ഒക്കെ, മേയ്ക്ക് അപ്പും ഇട്ടു, ചുളിവു വീഴാത്ത തൂവെള്ള ഖദര്‍ ഉടുത്തു, അശ്ലീലം തുളുമ്പുന്ന മഞ്ഞ ചിരിയുമായി... ഒരു ഉളുപ്പുമില്ലാതെ. നാളെയും അവര്‍ ഇതുമാതിരി ആത്മാര്‍ഥത ഒട്ടും തോട്ടു തീണ്ടാത്ത പ്രസ്താവനകള്‍ ഇറക്കും....അവന്റെ ഒക്കെ കവിളത് ഹസ്തരേഖ പതിപ്പിക്കാന്‍ ഇവിടെയും സര്‍ദാര്‍ജിമാര്‍ ഉണ്ടാകുന്നത് വരെ... 

ചൊവ്വാഴ്ച, നവംബർ 22, 2011

മുല്ലപ്പെരിയാറില്‍ നമുക്ക് ചെയ്യാവുന്നത്

ഒന്ന് രണ്ടു ദിവസം മുന്‍പ് ഒരു സുഹൃത്തിന്റെ ഈ വിഷയത്തിലുള്ള ഒരു പോസ്റ്റില്‍ വളരെ നിരുത്തരവാദപരമായി "ഒരു സിനിമയുടെ പ്രചാരണആയുധം" എന്ന വിവക്ഷയില്‍ ഒരു കംമെന്റിടുകയും, അത് മാപ്പപേക്ഷിച്ചു പിന്‍ വലിക്കുകയും ചെയ്തിരുന്നു... ആ വീണ്ടു വിചാരം ഇല്ലാത്ത ബാലിശമായ പ്രവര്‍ത്തിയിലുള്ള കുറ്റബോധവും ലജ്ജയും കൊണ്ട് കഴിഞ്ഞ രണ്ടു ദിവസങ്ങാളായി ഞാന്‍ ഈ പ്രശ്നത്തെ കുറിച്ച് കൂടുതല്‍ വിശകലനം ചെയ്യാനും നമുക്ക് അതിനു എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് മനസ്സിലാക്കാനും കുറെ സമയം വിനിയോഗിച്ചു.. അതിന്റെ പരിണിതഫലമാണ് ഈ കുറിപ്പ്.

ഞാന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി "അതിര്‍ത്തിക്കപ്പുറം" ആയിരുന്നു. ഇതേ കുറിച്ച് തമിഴന്‍ എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാന്‍... ഈ വിഷയങ്ങളിലുള്ള അവരുടെ ഫോറങ്ങള്‍ കയറി ഇറങ്ങി (ഭാഷ പരിമിതി മൂലം ഇംഗ്ലീഷില്‍ ഉള്ളവ മാത്രമായിരുന്നു അവയധികവും). അതില്‍ നിന്നും വ്യക്തമാകുന്ന ഒരു കാര്യം എന്താണ് എന്ന് വെച്ചാല്‍ അവരുടെ ഭാഗത്ത്‌ പ്രധാനമായും അതിവൈകാരികത ഉണര്താനാണ് ശ്രമം നടക്കുന്നത്.. മലയാളിയെ തെറി പറയാനാണ് മിക്കവര്‍ക്കും താല്പര്യം (നമ്മളും തിരിച്ചു പറയാന്‍ ഒട്ടും പിന്നിലല്ല എന്ന് കൂടി പറയട്ടെ). പല തരത്തില്‍ പറയുകയാനെങ്കിലും പ്രധാനമായും അവര്‍ മൂന്നു വാദമുഖങ്ങള്‍ ആണ് നിരത്തുന്നത്

1) ഡാമിന്റെ കാല പഴക്കം മൂലം തകരും എന്ന പ്രചരണം എന്ന് നമ്മള്‍ മലയാളികള്‍ വെറുതെ പറയുന്നതാണ്. ഇതിലും പഴക്കം ഉള്ള ഡാമുകള്‍ ലോകത്ത് പലതുമുണ്ട്.

2) പുതിയ ഡാം എന്നാല്‍ തമിഴന് വെള്ളം നിഷേധിക്കാനുള്ള ഒരു തന്ത്രമാണ്, മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഇല്ലെങ്കില്‍ അഞ്ചു ജില്ലകളില്‍ ഒരു പുല്ലു പോലും മുളക്കില്ല.

3) മൂന്നാമതെത് എന്നാല്‍ പ്രധാനമായുള്ളത് ഈ വിഷയത്തില്‍ ഡാം കെട്ടാന്‍ അനുവദിച്ചാല്‍ അത് തമിഴ് ദേശീയതയുടെ അല്ലെങ്കില്‍ സത്വ ബോധത്തിന്റെ ഒരു കീഴടങ്ങലാണ്... അത് വക വെച്ച് കൂടാ.

ബാക്കി എല്ലാ വാദങ്ങളും ഒരു ആശയവുമില്ലാത്ത  വെറും ഗോഗ്വാ വിളികളും അസഭ്യഭാഷണങ്ങളും മാത്രമാണ്. ഇനി ഇതില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും?  ഈ സന്നിഗ്ധ ഘട്ടത്തില്‍ ഇതില്‍ അതി വൈകാരികത കലര്‍ത്തി ഏറ്റുമുട്ടലിന്റെ പാതയിലേക്ക് പോവുന്നത് കനത്ത നഷ്ടം നമുക്കുണ്ടാകും (അങ്ങിനെയാണ് ഇതിന്റെ വൈകാരിക വശം ചൂഷണം ചെയ്യാനുള്ള തല്‍പ്പരകക്ഷികള്‍ ആഗ്രഹിക്കുന്നത്) അത് കൊണ്ട് വിവേകപൂര്‍വ്വം ബുദ്ധി ഉപയോഗിച്ച്, ആശയപരമായ പ്രതിരോധത്തിലൂടെയും തമിഴനെ ബോധവല്‍ക്കരിച്ചു നേടുന്ന അഭിപ്രായസമന്വയതിലൂടെയും മാത്രമേ നമുക്ക് ക്ഷിപ്രപരിഹാരത്തിന്റെ പാതയിലേക്ക് കടക്കാനാവൂ.

ഇവിടെ നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌ വിവേകത്തിന്റെ ഭാഷയില്‍, വൈകാരികത കലര്‍ത്താതെ, അവര്‍ വായിക്കുന്ന ഫോറങ്ങളില്‍, പ്രതികരിക്കുന്ന വേദികളില്‍ ആശയങ്ങളില്‍ ഊന്നി കാര്യ മാത്ര പ്രസക്തമായി പ്രതികരിക്കുക. അവിടെ ബോധപൂര്‍വം അസഭ്യതിന്റെയും വെല്ലുവിളിയുടെയും വായ്ത്താരികള്‍ക്ക് പിടി കൊടുക്കാതെ, അവരുടെ ദുര്‍ബലമായ വാദമുഖങ്ങളെ പോളിച്ചടുക്കുക.  ആദ്യത്തെ വാദം - നമ്മുടെ കൈയ്യില്‍ ഉള്ള തെളിവുകള്‍ ഉപയോഗിച്ച് യഥാതഥമായി ഡാമിന്റെ ദുര്‍ബല സ്ഥിതിയെപറ്റി.  ചോര്‍ച്ചയുടെ ചിത്രങ്ങള്‍, വാര്‍ത്തകള്‍ വീഡിയോകള്‍, എന്നിവ ക്രോടീകരിച്ചു പോസ്റ്റ്‌ ചെയ്യുക. ഇനി പഴക്കമുള്ള ഡാമുകളെ അവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിലും പഴക്കമുള്ള കെട്ടിടങ്ങള്‍, സ്ട്രക്ച്ചരുകള്‍ എന്നിവ തകരന്നതിന്റെ തെളിവുകള്‍ കൊടുക്കുക, എന്നിട്ട് നമുക്ക് അവരോടു തന്നെ ചോദിക്കാം "മുപ്പത്തഞ്ചു ലക്ഷം നിരപരാധികളുടെ ജീവന്‍ നിങ്ങള്ക്ക് ഒന്നോ രണ്ടോ പഴകിയ കെട്ടിടങ്ങള്‍ നില്‍ക്കുന്നതിന്റെ ചാന്‍സിന് വിട്ടു കൊടുക്കണോ" എന്ന്. 

രണ്ടാമത്തെ കാര്യം - വെള്ളം, തമിഴന്റെ ഏറ്റുവും വലിയ പ്രശ്നം "തണ്ണീര്‍"  തന്നെയാണ്. അവനെപ്പോലെ അതിന്റെ വില നമുക്കും മനസ്സിലാകും എന്ന് അവനെ ബോധ്യപെടുത്തുക. പുതിയ ഡാം എന്നത് അവന്റെ വെള്ളം മുട്ടിക്കാനുള്ളതല്ല എന്നും അത് വന്നാലും അവനു കിട്ടി കൊണ്ടിരിക്കുന്ന വെള്ളം ഡാം പുനര്നിര്മിചാലും തുടര്‍ന്നും ഉറപ്പിച്ചു കിട്ടാന്‍ കിട്ടാന്‍ നമ്മള്‍ അവന്റെ കൂടെ തോളോട് തോള്‍ ചേര്‍ന്ന് പോരുതുമെന്നുള്ള വാഗ്ദാനം അവനു കൊടുക്കുക. അവന്റെ വെള്ളം കുടി മുട്ടിക്കലല്ല നമ്മുടെ ലക്ഷ്യം എന്നും, ലക്ഷകണക്കിന് നിരപരാധികളുടെ ജീവന്‍ രക്ഷിക്കലാണ് എന്നും അവനെ ബോധ്യപെടുത്തുക.

ഇനി ഏറ്റവും കാതലായ പ്രശ്നം - ഒരു പുതിയ ഡാം നിര്‍മിക്കാന്‍ നമ്മളെ അനുവദിക്കുക എന്നത് ഒരിക്കലും ഒരു കീഴടങ്ങല്‍ അല്ല എന്നത് അവനെ ബോധ്യപെടുത്തുക... അത് തമിഴ് ദേശീയതയുടെ തിളക്കമാര്‍ന്ന വിജയമാണ്... അവരുടെ ഹൃദയ വിശാലതയുടെ, നല്ല മനസ്സിന്റെ പ്രതിഫലനമാണ്. നമ്മള്‍ ആഗ്രഹിക്കുന്നത് ഐക്യമാണ് ശിധിലീകരണം അല്ല എന്ന് വ്യക്തമാക്കുക. നമ്മള്‍ അവന്റെ ദേശീയ ബോധത്തെ, സത്വത്തെ ബഹുമാനിക്കുന്നു എന്ന് പ്രഖ്യാപിക്കുക. ആ ബോധം അവനില്‍ ഉണര്തുകയാണ് വേണ്ടത്.. തമിഴന്‍ നമ്മുടെ സഹോദരന്‍ ആണ്. അല്ലാതെ ശത്രു അല്ല എന്ന് നമ്മള്‍ വിശ്വസിക്കുക, അവനില്‍ വിശ്വാസം ഉണര്‍ത്തുക. അല്ലാതെ നമ്മളും അപക്വമായ ഭാഷയില്‍ ഏറ്റുമുട്ടല്‍ നടത്തിയാല്‍, പ്രശനം കൂടുതല്‍ സന്കീര്‍ണമാവും. ഇവിടെ ഏറ്റുമുട്ടല്‍ അല്ല മാര്‍ഗം... സമന്വയം ആണ്.


ഇനി ഇത് എങ്ങിനെ അവനില്‍ എത്തിക്കാം?. ഇവിടെ നമ്മള്‍ ഒറ്റകെട്ടായി എല്ലാ തമിഴന്‍ പ്രതികരിക്കുന്ന എല്ലാ വേദികളിലും ഈ ആശയങ്ങള്‍ പക്വമായി, വിവേകപൂര്‍വ്വം, സ്നേഹത്തിന്റെ ഭാഷയില്‍ മുന്നോട്ടു വെക്കുക (അതെ തുടര്‍ന്ന് ഉണ്ടാകിയേക്കാവുന്ന അതിവൈകാരിക പ്രതികരണങ്ങള്‍ പൂര്‍ണമായും അവഗണിച്ചു കൊണ്ട്). തമിഴ് അറിയുന്ന സുഹൃത്തുക്കള്‍ അതിനു മുന്നോട്ടു വരിക... അത് കൂടാതെ ശബരി മലയില്‍ ഗുരുവായൂരില്‍ ഈ തീര്‍ഥാടന സീസണില്‍ എത്തുന്ന തമിഴരെ ബോധവല്‍ക്കരിക്കുക, തമിഴിലുള്ള ലഘു ലേഖകള്‍, അല്ലെങ്കില്‍ വീഡിയോ പ്രദര്‍ശനം, പോസ്റ്ററുകള്‍ എന്നിവ ഒട്ടും പ്രകപോനകരമാല്ലാതെ, സമചിത്തതയോടെ അവരിലെതിക്കുക. നമ്മളില്‍ ആവാവും വിധം വൈകാരികതയുടെ അഗ്നി ആളി കത്താതെ നോക്കുക. അതാണ്‌ നമ്മള്‍ ചെയ്യേണ്ടത്. സന്തോഷ് പണ്ടിട്ടും പ്രിതിവിരാജും കുറച്ചു നേരത്തേക്ക് റസ്റ്റ്‌ എടുക്കട്ടെ... നമുക്ക് മുന്നോട്ടു നീങ്ങാം.