വെള്ളിയാഴ്‌ച, നവംബർ 30, 2012

ചാനല്‍ നടത്താന്‍ എന്തെളുപ്പം

കേരളത്തില്‍ ഏറ്റവും എളുപ്പമായി കൊണ്ട് നടക്കാവുന്ന ഒരു പരിപാടിയാണ് ന്യൂസ്‌ ചാനല്‍ നടത്തുക എന്ന്... വിഷയങ്ങള്‍ക്ക്‌ ഒരിക്കലും പഞ്ഞം വരില്ല... മഴ പെയ്താല്‍ ഡെങ്കി പനി, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, കുമിഞ്ഞു കൂടുന്ന മാലിന്യം, സ്വാശ്രയ പ്രവേശന കാലം അതിന്റെ അഴിമതി, ശബരിമല സീസണില്‍ അരവണയില്‍ അരണയും എലിയും, ഒന്നും കിട്ടിയില്ലെങ്കില്‍ പഴകിയ ഭക്ഷണം കൊടുക്കുന്ന ഹോട്ടലുകള്‍, സര്‍ക്കാര്‍ ആശുപത്രിയുടെ അവസ്ഥകള്‍, ഇടയ്ക്കു കേന്ദ്രം കനിഞ്ഞു നല്‍കുന്ന പെട്രോള്‍ ഗാസ് കിടുമാണ്ടി വിലക്കയറ്റം, പിന്നെ പുട്ടിനു പീര പോലെ സിനിമാക്കാരുടെ തര്‍ക്കങ്ങളും,  പടല പിണക്കവും, സമരാഘോഷവും,  മിനിമം മാസത്തില്‍ ഒരിക്കല്‍ വീണു കിട്ടുന്ന ഒരു ബന്ദ്‌, അതിന്റെ ഇടയ്ക്കു ആഘോഷമായി ഒരു സഭാ തര്‍ക്കം, എന്നും എന്നോണം നടക്കുന്ന പീഡന വാണിഭ കഥകള്‍,  സാദാചാര പോലീസ് കലാപരിപാടികള്‍, നോക്ക് കൂലി, മദ്യം, മയക്കു മരുന്ന്,  പൈറസി, അങ്ങിനെ ഇരിക്കുമ്പോ മുസ്ലീം ലീഗിന്റെ മെക്കട്ട് കയറാന്‍ എന്തെങ്കിലും വീണു കിട്ടും....... 

ഒടുവില്‍ ഇന്ന് ഒന്നൂല്യ എന്ന് വിചാരിച്ചു ഇരിക്കുമ്പോള്‍ ക്യാമറയും കൊണ്ട് നേരെ പി സി ജോര്‍ജ്ജിന്റെ അടുത്തേക്ക്.. കുറച്ചു നാള്‍ ആഘോഷിക്കാനുള്ള വകുപ്പ് അങ്ങേര തരും... 

വ്യാഴാഴ്‌ച, നവംബർ 22, 2012

ജബ് തക് ഹെ പോപ്കോണ്‍


താങ്ക്സ് ഗിവിംഗ് ഡേ ... സായിപ്പമാര് കട മൂടി ടര്‍ക്കിയുടെ കവുത്തില്‍ കത്തി വെക്കുന്ന ദിവസം. ഇന്നാണ് ടീം ഔട്ടിങ്ങിനു പറ്റിയ ദിവസം എന്നാരോ തീരുമാനിച്ചത് കൊണ്ട് ടീം ഇറങ്ങി ... ടി ജി ഐ എഫില് ഒരു ലഞ്ച്, പിന്നൊരു സിനിമയും... ഇതൊക്കെ ഏര്പ്പാടാക്കുന്ന ഒപ്പെരെഷന്‍സ് ചങ്ങായി ഒരു കറകളഞ്ഞ ഷാരുഖ് ഖാന്‍  ഭക്തന്‍  ആണ് എന്ന് തോന്നുന്നു. അത് കൊണ്ടാവും ജബ് തക ഹെ ജാനിനു തന്നെ സീറ്റുകള്‍ റിസര്‍വ് ചെയ്തത്. ഇത് വരെയായി പലരും ക്ഷണിച്ചിട്ടും പോവാന്‍  മടിച്ചിരുന്ന യാഷ് ചോപ്ര സാറിന്റെ ഒടുക്കത്തെ പടത്തിന് ഒടുവില് പോയി തല വെക്കേണ്ടി വരുന്ന അവസ്ഥ അതോടെ സംജാതമായി..

ടി ജി ഐ എഫില് ലഞ്ച്, എന്നാല്‍ ഒരു ലഞ്ചിന് എത്രമേല് ബോറാകാന് കഴിയും എന്നതിന്റെ മകുടോദാഹരണം ആണ്. എന്നാല്‍ തിരിച്ചു കടിക്കാത്ത എന്തും വായിലാക്കുന്ന എന്നെക്കാളും അത് ബാധിച്ചത് കൂടെയുള്ള സസ്യബുക്കുകളായ സഹ പ്രവര്ത്തകരെ ആണ് എന്ന് നിസ്സംശയം പറയാം പോട്ടറോ വെജ്ജെസ്, പോട്ടറോ വെയ്ഫെര്സ്, ഫിങ്ങേര് ചിപ്സ്.. അങ്ങിനെ നീളത്തിലും, ചതുരത്തിലും വട്ടത്തിലും ആയി മുന്നില് വന്നു നിറയുന്ന ഉരുളന് കിഴങ്ങുകളെ നോക്കി നെടുവീര്പ്പിടുന്ന അവരുടെ മുഖം എന്നില്‍ ഉണ്ടാക്കിയത് മറ്റൊരു ആശങ്ക ആണ്... ഇതൊക്കെ തിന്നു കൂട്ടുന്ന ഇവരുടെ കൂടെ ഇത് കഴിഞ്ഞ ശേഷം ഒരു തീയറ്ററില് ഇരിക്കേണ്ടി വരുന്ന അവസ്ഥ... പലരും വായുവില് ആയിരിക്കും പറന്നു നടക്കുന്നത് എന്നതിന് ഒരു സംശയവും വേണ്ടാ. പക്ഷെ പലരും ആ അവസ്ഥയെ പറ്റി നല്ല ബോധവാന്മാര്‍ ആയിരുന്നു എന്നത് അവരുടെ മുന്നില്‍  ഒന്ന് തൊട്ടു പോലും നോക്കാതെ ഇരുന്നു തണുത്തുറയുന്ന പ്ലേറ്റുകള്‍ സാക്ഷ്യപ്പെടുത്തി.

ആഹാരം കഴിക്കുന്നതിനിടക്ക് അത് കഴിഞ്ഞാല്‍ ഇവിടെ നിന്ന് മുങ്ങിയാലോ എന്നുള്ള ചിന്ത വരാതിരുന്നില്ല. പക്ഷെ കൂടെ വന്നവര്‍ പലര്ക്കും, അവരുടെ സാന്നിധ്യം വേണ്ടപ്പെട്ടവരുടെ മുന്നില് അടയാളപ്പെടുത്തേണ്ട ബാധ്യത ഉള്ളത് കൊണ്ട് എന്നെയും പിടിച്ചിരുത്തി. ബൈ ദി വെ ഇന്ന് ഞങ്ങള്‍ കാര്‍ പൂള്‍ ചെയ്താണ് പോയത്. അതും ഒറ്റയ്ക്ക് അവിടെ നിന്ന് ഇറങ്ങാന്‍ സാധിക്കാത്തതിന് മറ്റൊരു കാരണം ആയി. ഒടുവില്‍ ഒരു കാര്യത്തില്‍ ഞങ്ങള്‍ യോജിപ്പില്‍ എത്തി. ഏറിയാല്‍ അര മണിക്കൂര്‍, അല്ലെങ്കില്‍ ഒരു പോപ്‌ കോണ്‍ തീരും വരെ ഷാരുഖ് ഖാനെ സഹിച്ചു അവിടെ ഇരിക്കാം എന്നു ഞങ്ങള്‍ ധാരണയായി. അല്ല ഇതിലും വലിയ സുനാമി വന്നപ്പോഴും നമ്മള്‍ രക്ഷപ്പെട്ടു പോയിട്ടുണ്ട് എന്നുള്ള ഒരു ധൈര്യം.  ഒടുവില്‍ ഒരു വലിയ പെപ്സിയും പോപ് കൊണുമായി പകുതിയില് താഴെ ആളുകള് മാത്രമുള്ള തീയറ്ററില്‍  വാതിലിനടുത്തുള്ള ഇരിപ്പിടത്തില്‍ തന്നെ സ്ഥലം പിടിച്ചു. വിക്കോ വജ്രദന്തിയും , സവിത എന്ന കമ്പനി ഇറക്കുന്ന എഞ്ചിന് ഓയിലിന്റെ പരസ്യത്തിലെ ഈച്ചയും ഒക്കെ വരാനുള്ള അങ്കത്തിനു നല്ല പെരുമ്പറ ആയി. അതിനിടക്ക് അടുത്ത യാഷ് രാജ് സിനിമയുടെ ഒരു ട്രൈലെര്‍... മേരെ ഡാട്‌ കി മാരുതി... ദോഷം പറയരുതല്ലോ. അത് ഒരു കൊള്ളാവുന്ന പടമാവാനുള്ള സാധ്യതകള്‍ ഉണ്ട് ...

ഒടുവില് യാഷ് ചോപ്ര അപ്പൂപ്പന്റെ പടം തെളിഞ്ഞു. പിന്നെ ഒരു അഞ്ചു മിനിട്ടോളം പുകവലി വിരുദ്ധ പരസ്യം. അത് കണ്ടപ്പോഴാണ് അത് വരെ  പുകവലിയെക്കുറിച്ച് ഓര്‍ക്കാതിരുന്ന എന്റെ ഒരു സഹപ്രവര്‍ത്തകന്‍,  ഒരു പുക വിട്ട ശേഷം തീയട്ടരിലേക്ക് കയറിയാല്‍  മതിയായിരുന്നു എന്ന് തന്റെ ഇച്ചാ ഭംഗം പ്രകടിപ്പിച്ചത്..

കിട്ടിയ പോപ്‌ കോണ്‍ ആകട്ടെ വലിയ ഒരു പാക്കറ്റ്. ആദ്യത്തെ പൊരി വായിലേക്ക്.  "ഉദ്വേഗം" നിറഞ്ഞ ആദ്യ രംഗം. ലഡാക്കിലെ മാര്‍ക്കെറ്റില്‍ ഒരു ബോംബ്  നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്ന ഒരു സംഘം പട്ടാളക്കാര്‍.  ഷൂട്ടിംഗ് കാണാന്‍ വന്ന ആളുകളെ ദൂരെ വടം കെട്ടി തടഞ്ഞു നിര്ത്തിയിരിക്കുന്നു. അപ്പോളതാ അവിടേക്ക് ഒരു ബുള്ളറ്റും ഓടിച്ചു കൊണ്ട്  രംഗപ്രവേശം ചെയ്യുന്ന സാക്ഷാല്‍ കിംഗ്‌ ഖാന്‍ . ഒരു ഹെല്മെറ്റ് വെക്കാതെ, താടിപോലും വടിക്കാതെ പട്ടാള വേഷത്തില്‍ വന്നിറങ്ങുന്നു. വലിയ പാടിങ്ങുമായി ബോംബ് നിര്വീര്യമാക്കാന് വിഷമിക്കുന്ന സഹപ്രവര്ത്തകനെ മാറ്റി നിര്ത്തിക്കൊണ്ട് ഹെല്മെറ്റും പാടിങ്ങും ഒന്നും കൂടാതെ, ഷാരുഖ് ഖാന്‍  ആ ബോംബ് പുഷ്പം പോലെ നിര്വീര്യം ആക്കുന്നു...

ഇത് അങ്ങേരുടെ തൊണ്ണൂറ്റി എട്ടാമത്തെ ബോംബ് ദിഫ്ഫ്യൂശന് ആണ് എന്ന് മറ്റൊരു പട്ടാളക്കാരന്‍ സര്‍ദാര്‍ജി വിളമ്പുമ്പോള്‍ ആണ്, നമ്മള് മൂന്ന് കൊല്ലാതെ സേവനത്തിനു ഇടയ്ക്കു ഒരു വിദഗ്ദന് നിര്വീര്യം ആക്കാന് "തൊണ്ണൂറ്റി എട്ടു" ബോംബുകള് വിട്ടു കൊടുത്ത രാജ്യത്താണ് ജീവിക്കുന്നത് എന്ന് ഓര്‍ക്കുന്നത്. സമീര് അല്ല ഷാരൂഖ്‌ ഖാന്‍ ആ ബോംബ്‌ നിര്വീര്യം ആക്കിയ ഉടനെ സംഭവ സ്ഥലത്തിലേക്കു കളിക്കാന് എന്ന പോലെ ഓടിയടുക്കുന്ന കുട്ടികളുടെ ഇടയിലൂടെ തന്റെ ബൈക്ക് ഓടിച്ചു മറയുന്നു. അപ്പോള്‍ എനിക്ക് തോന്നി ഇവര്‍ ആദ്യം ലഡാക്ക് മാര്‍ക്കെറ്റ് എന്ന് തന്നെയല്ലേ  എഴുതി കാടിയത്... അല്ല വല്ല ലഡാക്ക് പബ്ലിക് സ്കൂള്‍ ഗ്രൌണ്ട് എന്നോ മറ്റോ അല്ലല്ലോ. ഇനി അടുത്ത് തന്നെ ടിവിയില് വരുമ്പോള് ആ സംശയം തീര്ക്കാം.

അത് കഴിഞ്ഞപ്പോളാണ്  മറ്റൊരു കാര്യം എനിക്ക് തോന്നിയത്.. ഇക്കഴിഞ്ഞ തവണ ഞാന്‍ ഷാരുഖ് ഖാന്റെ പടം കാണാന്‍ പോയപ്പോള്‍ അങ്ങേരു വരുന്ന ആദ്യ ഷോട്ടില്‍ വലിയ കയ്യടിയും കൂക്കിവിളിയും ഒക്കെ ആയിരുന്നു. പക്ഷെ ഇത്തവണ ഒരു മനുഷ്യന്‍ പോലും ചെറുതായി കൈ തട്ടുന്ന ശബ്ദം കേട്ടില്ല... "ചേട്ടാ.. ദെ കിംഗ്‌ ഖാന്‍ വന്നു " എന്നുറക്കെ വിളിച്ചു അവിടെ എങ്ങാനും ഉള്ള ഉള്ള ഉറങ്ങിക്കിടക്കുന്ന ഷാരുഖ് ഫാന്‍സിനെ ഉണര്‍ത്തിയാലോ  എന്ന് ...

ആദ്യത്തെ ഇടിവെട്ട് രംഗം കഴിഞ്ഞു  അദ്ദേഹം തന്റെ ബ്യ്കുമായി വിശ്രമിക്കുന്ന തടാക കരയിലേക്ക്. അടുത്ത സീന്‍ തുണിയുരിയുന്നു ...അല്ല സിക്സ് പാക്ക് ഖാന് അല്ല തുണി ഉരിയുന്നത്... അത് നമ്മുടെ നായിക നമ്പര്‍ വണ്‍ ..  അനുഷ്ക ശര്‍മ... അവരുടെ മുഖം കാട്ടുന്നതിനേക്കാള്‍ ശരീരഭാഗങ്ങള്‍  ആണ്  അശോക് മേഹ്തയുടെ ക്യാമറക്ക്  പഥ്യം എന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള ഒരു പാദാതികേശ സര്‍വേ നടത്തിയ ശേഷം സൂം ഔട്ട് ചെയ്തു, ആയമ്മ നില്ക്കുന്നത് ലെയ്ക്കിനു നടുവിലുള്ള ഒരു വലിയ പാറപുറത്താണ് എന്ന് കാട്ടിതരുന്നു. അവിടെ നിന്നൊരു ഡൈവ്, തണുത്ത തടാകത്തിലേക്ക്. എങ്ങിനെ നായിക വെള്ളത്തില്‍ ഒന്നും തൊടാതെ തടാകത്തിനു നടുവിലുള്ള ആ പാറ പുറത്തു എത്തി എന്ന തരത്തിലുള്ള കുഴക്കുന്ന ചോദ്യങ്ങള്‍ ഒന്നും ആരും ചോദിക്കരുത്. കൈകാലിട്ടടിക്കുന്ന നായികയെ രക്ഷിക്കാന്‍ ആറ്റിലേക്ക് ചാടുന്ന നായകന്‍ എന്ന പതിവ് ക്ഷീരബല അവിടെയും ആവര്‍ത്തിക്കുന്നു. പക്ഷെ പതിവ് രീതിയില്‍ ഇവിടേയ്ക്ക് ആറ്റില്‍ നായകന്‍ ചാടുന്നതോ നായികയെ രക്ഷിക്കുന്നതോ കാണിക്കുന്നില്ല. ഷാരുഖ് ഖാന്റെ ഈ പ്രായം വെച്ചു ലടാക്കിലെ ലേയ്ക്കില്‍ ചാടിച്ചാല്‍ ചിലപ്പോള്‍ തിരിച്ചു കിട്ടില്ല എന്ന് മനസ്സിലാക്കാവുന്ന ബുദ്ധി യാഷ് ചോപ്രയിലെ ബിസ്സ്നെസ്സ്കാരന് ഉണ്ട് എന്ന് വ്യക്തം. രക്ഷപ്പെടുത്തിയ നായികക്ക് കൃത്രിമ ശ്വാസോച്ച്വാസം കൊടുത്തു ജീവന്‍ നല്‍കുന്ന നായകന്‍, അവിടെ നായികക്ക് ചൂട് പകരാന്‍ ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോം ജാക്കെട്ടും ഉപേക്ഷിച്ചു ഒരു താങ്ക്സ് പോലും കേള്‍ക്കാതെ ബുള്ളറ്റ് ഓടിച്ചു സ്ഥലം വിടുന്നു. നായകന്‍ "മൂലം" നാളുകാരന്‍ ആണ് എന്ന് തോന്നുന്നു. നായിക നന്ദി എന്ന് എന്ന് പറയുന്നതിന് പകരം അദ്ധേഹത്തിന്റെ നാളിന്റെ അര്‍ഥം വരുന്ന ഇംഗ്ലീഷ് വാക്കില്‍ ആണ് വിളിക്കുന്നത്‌. അവിടെ നിന്നും രക്ഷപ്പെട്ടു എത്തുന്ന നായിക തന്റെ  ഒരു സായിപ്പും, ഒരു മദാമ്മയും, ഒരു ആഫ്രിക്കക്കാരനും, ഒരു മന്ഗോളിയനും അടങ്ങുന്ന സാര്‍വലൌകീക  സൌഹൃദ സന്ഘതിനോടൊപ്പം ചില നിമിഷങ്ങള്‍ ചിലവിടുന്നു . അതിനിടക്ക് ഫോണില്‍ വിളിച്ച അവരുടെ മുന്‍ കാമുകനെ തെറി പറഞ്ഞു ആയമ്മ ന്യൂ ജെനെരെഷനില്‍ പെട്ട യുവതി ആണ് എന്ന് കൂടി ചോപ്ര അങ്കിള്‍  നമുക്ക് വ്യക്തമാക്കി തരുന്നു. അവിടെ ഒരു ലയ്ക്ക്

കഥ പറയാന്‍ വേണ്ടി തന്റെ പോക്കറ്റ് ഡയറി, ജാക്കറ്റില്‍ നായകന്‍ നിക്ഷേപിച്ചു വെച്ചത്  അവിടെ നിന്നാണ് നായികക്ക് കിട്ടുന്നത് (ഈ നൂറ്റാണ്ടിലും ഡയറി എഴുതുന്ന സുമനസ്സുകള്‍ ഉണ്ട് എന്ന് വ്യക്തമാക്കി തന്ന അങ്കിളിനു വീണ്ടു ഒരു ലയ്ക്ക്).  പിന്നെ സില്സിലായിലും, ലംഹെയിലും, ചാന്ത്നിയിലും ഒക്കെ കേള്‍ക്കുകയും കാണുകയും പോലെ, കവിതയില്‍ തുടങ്ങുന്ന നായകന്‍റെ ഭൂതകാല ഫ്ലാഷ് ബാക്ക്... അതാ വരുന്നു രണ്ടാമത്തെ നായിക, വെളുത്ത കത്രീന . ശ്രീദേവിയും രേഖയും ഒക്കെ സ്വിസ് മലനിരയിലെ പുല്‍ത്തകിടിയില്‍ നിന്നാണ് സ്ലോമോഷനില്‍  ഓടി വരുന്നതെങ്കില്‍  കത്രീന കൈഫ്‌ മഞ്ഞണിഞ്ഞ  പാതയില്‍ നിന്നാണ് സ്ലോമോഷനില്‍ ഓടി വരുന്നത്. സ്ക്രീനില്‍ നിറയുന്ന പഴയ പച്ചക്ക് പകരം വെള്ള. അതോടെ നായകന്‍റെ ചുറ്റും മഞ്ഞു പെയ്യുന്നു. ആദ്യത്തെ നോട്ടത്തില്‍ അനുരാഗവിലോചനനായി ഷാരുഖ്. അദ്ദേഹത്തെ അവഗണിച്ചു കൊണ്ട് ഒരു പള്ളിയിലേക്ക് ഓടി കയറിയ നായിക കര്‍ത്താവിനോടുള്ള സ്വകാര്യ സംഭാഷണത്തില്‍ മുഴുകുന്നു.

കൈയ്യിലുള്ള പോപ്‌ കോണ്‍ ഇത് വരെയായിട്ടും പകുതിയേ ആയിട്ടുള്ളൂ എന്ന് അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു . അതോടെ വാശിയോടെ കുറെ പൊരികള്‍ എടുത്തു ഒരുമിച്ചു വായിലേക്കിട്ടു. പെപ്സി ഒരു വലിയ വലി കുടിച്ചു. തന്റെ കല്യാണ നിശ്ചയം ആണ്, അത് പൊളിക്കാന്‍ എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്യണം എന്നാണു ആയമ്മ മുട്ടിപ്പായി കര്‍ത്താവീശോമിശിഹായോടു  അപേക്ഷിക്കുന്നത്. അങ്ങേരു വരവ് വെച്ചു എന്ന് ബോധ്യമായതോടെ "കള്ളന്മാര്‍ക്ക് സ്വാഗതം" എന്നെഴുതിയ ബോര്‍ഡ്‌ വെക്കുന്നതോഴിച്ചു ബാക്കിയെല്ലാ മോഷണത്തിനുള സകലമാന  സാഹചര്യവും ഒത്തു കിടക്കുന്ന ഏകാന്തതയുടെ അപാരതീരമായ പള്ളിക്ക് മുന്നില്‍ തന്നെ പാര്‍ക്ക് ചെയ്ത റോള്‍സ് റോയ്സിലേക്ക്.  മഞ്ഞത് തെരുവിലൂടെ ഓടി വന്ന നായികക്ക് കയറി പോവാന്‍ റോള്‍സ് റോയിസ് എങ്ങിനെ അവിടെ വന്നു എന്ന് തീയറ്ററില്‍ വെച്ചു ചോദിച്ചത് ഞാന്‍ മാത്രം ആയിരുന്നില്ല. ഓ. സോറി  നായിക ഒരു വലിയ പണചാക്ക് ആണ് എന്ന് എസ്ടാബ്ലിഷ് ചെയ്യണം അല്ലോ. സോറി യാഷ് അങ്കിള്‍... ഇതാ പിടിച്ചോളൂ ഒരു ലയ്ക്കു കൂടി..

നായകന്‍ പട്ടിണി പാവം ആണ് എന്ന് കാണിക്കുവാന്‍ ആദ്യം മഞ്ഞു കോരുന്നത് കാണിച്ചു, പിന്നെ ഗിറ്റാറും  വായിച്ചു "ചന്ദ്രശേകര പിള്ളയുടെ" പാട്ടും പാടി പിച്ച എടുക്കുന്നത് കാണിച്ചു. സബ് വെയിലൊക്കെ കണ്ടിട്ടുള്ള സായിപ്പ് പിച്ചക്കാര്‍ ഗിറ്റാര്‍ അടിച്ചു ഒരു മൂലക്കല്‍ നിന്നാണ് പാടാറുള്ളത്. പക്ഷെ ഗിറ്റാറും എന്തിയ ഷാരുഖ് പിച്ചക്കരനായപ്പോള്‍ പാട്ടുപാടി നൃത്തമാടി ഓടി നടന്നു തെണ്ടുന്നു. അത് കഴിഞ്ഞു മീന്‍ മാര്‍ക്കെറ്റില്‍ മീന്‍ വിക്കുന്ന ഷാരൂഖ് ഭായ്... അങ്ങേരുടെ വലിയ ഉത്സാഹം കണ്ടു മത്തി വാങ്ങിക്കാന്‍ വന്ന സായിപ്പ് ഒരു ജോലി ഓഫര്‍ ചെയ്യുന്നു... അവിടെ നിന്നും ഹോട്ടലില്‍ വെയിറ്റര്‍ ജോലിക്ക്... കൈയ്യില്‍ ഷാമ്പെയില്‍ ഗ്ലാസും പിടിച്ചു നില്‍ക്കുന്ന ഷാരൂഖ് വെയ്റ്റര്‍ ഖാന് താന്‍  എത്തി പെട്ടത് കത്രീനയുടെ വിവാഹ നിശ്ചയത്തില്‍ ആണ് എന്ന് മനസ്സിലാവുന്ന നിമിഷം ഞാന്‍ തിരിച്ചറിഞ്ഞു എന്റെ പോപ്‌ കോണ്‍ പാത്രത്തിന്റെ അടിത്തട്ടില്‍ എന്റെ വിരല്‍ മുട്ടി എന്ന്... കൂടുതല്‍ ഒന്നും നോക്കിയില്ല... സീറ്റില്‍ നിന്നും മെല്ലെ എഴുന്നേറ്റു. അവിടെ ഹോട്ടലിന്റെ പിരകുവഷതിരുന്നു പുക വലിക്കുന്ന കത്രീനയെ കണ്ടുകൊണ്ടു (ആഹ വീണ്ടു ന്യൂ ജെനെരെഷം .. ന്യൂ ജെനെരെഷം..). . എന്റെ പ്രചോദനം കൊണ്ടാണ് എന്ന് തോന്നുന്നു അടുത്തുള്ള മൂന്ന് നാല് തലകള്‍ കൂടി സീറ്റില്‍ നിന്നുയര്‍ന്നു ...നേരെ  എക്സിറ്റ് ഗേറ്റിലേക്ക് ... ഓടുകയായിരുന്നു... അപ്പോള്‍ ആരോ പറയുന്നത് കേട്ട് ... "ജബ് തക ഹേ ജാന്‍... ഭാഗ്...."

വ്യാഴാഴ്‌ച, ഒക്‌ടോബർ 18, 2012

പരസ്പര സഹായ സഹകരണ സംഘത്തിന്റെ അശ്ലീല സന്തുലനം

കഴിഞ്ഞ കുറച്ചു ദിവസമായി കേജ്രിവാള്‍ പുറത്തു വിട്ടു കൊണ്ടിരിക്കുന്ന  "ആരോപണങ്ങളില്‍" അതിശയകരമായ പുതിയ വിവരങ്ങള്‍  ഒന്നും ഇല്ല നമുക്കൊക്കെ അറിയാം.. ഇതൊക്കെ പബ്ലിക് ഡൊമൈനില്‍ ഉള്ള വിവരങ്ങള്‍, പലരും സ്വകാര്യമായി അടക്കം പറയുന്ന കാര്യങ്ങള്‍ ... ഇതൊക്കെ കൂട്ടി വെച്ചു പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞു. പക്ഷെ അതിലൊക്കെ  ഉപരിയായി നമുക്ക് മനസ്സിലാവേണ്ട ഒരു  പരമ പ്രധാനമായ ഒരു കാര്യം അദ്ദേഹം നമ്മുടെ മുന്നില്‍ വലിച്ചു കീറി കാട്ടി തന്നിട്ടുണ്ട്  നമ്മള്‍ പലപ്പോഴും ഒരു തമാശയായ് പറയാറുണ്ട്‌  "സാബ്‌ ചോര്‍ ഹേ" "എല്ലാം കള്ളമ്മാരാണ്" എന്നൊക്കെ. അത് എത്രമാത്രം ശരിയാണ് എന്നും എങ്ങിനെയാണ് ഈ ഭൂലോക കള്ളമ്മാര്‍ എല്ലാം ചേര്‍ന്ന് ഈ പരസ്പര സഹായ സഹകരണ സംഘം നടത്തി കൊണ്ട് പോവുന്നത് എന്നും ഈ നാടകത്തിലൂടെ അടിവരയിട്ടു വ്യക്തമാക്കി തന്നു.

ഈ രാജ്യത്ത് ഏതെങ്കിലും ഭരണപരമായ പദവിയില്‍ കയറി ഇരിക്കുന്ന ഭൂരിഭാഗം നേതാക്കന്മാരുടെയും ജീവിത ശൈലിയില്‍ ഭരണം കൈവന്ന ശേഷം വരുന്ന മാറ്റങ്ങള്‍ ആരെങ്കിലും നോക്കിയിട്ടുണ്ടോ.. ഉടുതുണിക്ക്‌ മറുതുണി ഇല്ലാതെ നടക്കുന്നവന്റെ കൈയ്യില്‍ ഭരണക്കസേര കൊടുക്കുന്നത് ഒരു രാത്രി വെളുക്കും മുമ്പ് കുബെരനായി മാറ്റുന്ന  മന്ത്രവടി ആണ്...  

നിര്‍ഭാഗ്യവശാല്‍ ഏതെങ്കിലും ഒരു ഫൈവ് സ്റാര്‍ ഹോട്ടലില്‍ ഒരു തീപ്പിടുത്തമോ ഭീകരാക്രമാണമോ  ഉണ്ടായാല്‍ അറിയാം അവിടെ എത്ര അധസ്ഥിത വരഗങ്ങളുടെ സംരക്ഷകരാണ് മൃഷ്ട്ടാന്നവും അത്താഴവും ഭുജിച്ചു രാപ്പാര്‍ക്കുന്നത് എന്ന്. വധേര ഈ രാജ്യത്തിന്റെ ഏറ്റവും തലപ്പത് കിടന്നു കളിക്കുന്നു. അതിന്റെ ചെറു പകര്‍പ്പുകള്‍ ആയ എത്ര വധെരമാര്‍ ആണ് അലക്കി തേച്ച ഖദറും, പച്ച ചിരിയുമായി പഞ്ചായത്ത് മുതല്‍ ഈ രാജ്യത്ത് കറങ്ങി നടക്കുന്നത്.. പട്ടിണി കിടന്നും പച്ചവെള്ളം കുടിച്ചും രാഷ്ട്രീയ പ്രവേശം നടത്തിയവരുടെ മക്കള്‍ ലക്ഷങ്ങള്‍ കൊടുത്ത് വിദ്യാഭ്യാസം വാങ്ങി എടുക്കുന്നതും, മുതലാളിമാരുടെ ആപ്പീസില്‍ വൈസ് പ്രസിടെന്തിമാരായി വിലസുന്നതും, അവരുടെ മാതാ പിതാക്കള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ തുട്ടു കൊണ്ടല്ല എന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിക്കല്‍ ഒന്നും പോണ്ടാ..

ഇവിടെ യൂപ്പിയെ നടത്തുന്ന അഴിമതിയെ പറ്റി എന്‍ ഡി യെക്കും, ഇടതു പക്ഷത്തിനും,  അവര്‍ നടതുന്ന അഴിമതികളെ പറ്റി യൂപിയെക്കും വ്യക്തമായ ബോധം ഉണ്ട്.. ഇന്നലെ ടി വിയില്‍ ഇരുന്നു ദിഗ്വിജയ് സിംഗ് പറഞ്ഞ ഒരു കാര്യം ആരെങ്കിലും ശ്രദ്ധിച്ചോ.. "ഞങ്ങള്‍ക്കറിയാം വാജ്പെയുടെ "മരുമകന്‍" കാണിച്ച അഴിമതികള്‍... അതിനു ഞങ്ങളുടെ കൈയ്യില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ട്... പക്ഷെ "എത്തിക്സിനു" നിരക്കാത്തത് കൊണ്ടാണ് ഞങ്ങള്‍ ആ ആരോപണങ്ങള്‍ പബ്ലിക് ആയി ഉന്നയിക്കാത്തത്" എന്ന്.. എന്താണ് അവര് പറയുന്ന ആ "എത്തിക്സ്".. അത് മറ്റൊന്നുമല്ല, പരസ്പരമുള്ള ഈ "അശ്ലീല സന്തുലനം"... വധെരക്ക് മുലായം പുറം ചൊറിഞ്ഞു കൊടുക്കുന്നു, മുലായത്തിന് ദിഗ്വിജയ് സിംഗ്, ആ ദിഗ്വിജയിനു ചൊറിഞ്ഞു കൊടുക്കാന്‍ ശരദ് പവാര്‍, പവാറിന്, ഗദ്കാരി, ഗദ്കാരിക്ക് അജിത്‌ പവാര്‍, അജിത്‌ പവാറിന് നിതീഷ് കുമാര്‍.... അങ്ങിനെ അങ്ങിനെ ചങ്ങലകള്‍ ആയി  അവര്‍ തങ്ങളുടെ പരസ്പര സഹായ സഹകരണ സംഘം കൊണ്ട് നടക്കും.. 

ചാനല്‍ സ്റ്റുഡിയോയില്‍ ഇരുന്നു അങ്ങോട്ടും, ഇങ്ങോട്ടും വലിയ ഗീര്‍വാണ ശരങ്ങള്‍ എയ്തെറിയും... ആരോപിക്കും.. പിന്നെ നമ്മുടെ മുന്നില്‍ കമ്മറ്റികളും കമ്മീഷനുമായി ഒരു പൊറാട്ട് നാടകം അടുത്ത ഒരു മൂന്ന് നാല് കൊല്ലത്തേക്ക്, കുറച്ചു എം പി മാര്‍ക്കും, അല്ലെങ്കില്‍ റിട്ടയര്‍ ചെയ്ത   വക്കീലമാര്‍ക്കും തേച്ചുകുളിക്കും, പിണ്ട തൈലതിനും ഉള്ള കോപ്പ് അങ്ങ് പൊതു ഖജനാവില്‍ നിന്നങ്ങു  ചാര്‍ത്തി കൊടുക്കും... നാലഞ്ചു കൊല്ലം അന്വേഷണ മാമാങ്കം.. ഇതൊക്കെ കഴിഞ്ഞു നടന്ന അഴിമതിയേക്കാള്‍ പത്തിരട്ടി  "അന്വേഷണത്തില്‍"  തുലച്ചു കഴിയുമ്പോള്‍ തെളിവിന്റെ അഭാവത്തില്‍ ക്ലീന്‍ ചിറ്റ് എഴുതി വാങ്ങി  വിജയശ്രീലാളിതനായി ആണ്ടിപെട്ടി രാജ വീണ്ടും സിംഹാസനത്തില്‍ ഇരുന്നു നമ്മെ നോക്കി പല്ലിളിക്കും... കഴിഞ്ഞ അറുപതു വര്‍ഷമായി നമ്മുടെ രാജ്യത്തെ  വ്യവസ്ഥയെ ഈ കറക്കു കമ്പനി ചേര്‍ന്ന് കൂട്ട ബലാല്‍സംഘം ചെയ്തു എണീറ്റ്‌ നടക്കാന്‍ പോലും പറ്റാത്ത രീതിയില്‍ ആക്കി വെച്ചിരിക്കയാണ്‌.. ഒരു ഏമാന്‍ തീപ്പെട്ടാല്‍ അവന്റെ മക്കളും മരുമക്കളും ആയി ഒരു പടയും റെഡിയായി ഇരിക്കും കസേരക്ക് അവകാശികള്‍ ആയി... എല്ലാം ഗോമ്പ്ലിമെന്റ്സ് ... ഗോപിയാവാന്‍ നമ്മളും... 

ലോക്പാല്‍ എന്തിനാ ...ഇപ്പോഴുള്ള നിയമങ്ങളും വ്യവസ്ഥകളും തന്നെ അഴിമതി നിയന്ത്രിക്കാന്‍  ധാരാളമല്ലേ എന്ന് എല്ലാവരും ചോദിച്ചില്ലേ.... ഇതാ  ഇതിനാണ്...  ആ നിയമങ്ങളെയും വ്യവസ്ഥകളെയും ഒക്കെ മയിലെണ്ണ ഇട്ടു ഒടിച്ചു വളച്ചു വെച്ചിരിക്കയാണ്‌ ...  അത് കൊണ്ട് ഈ രാജ്യം മുഴുവന്‍ തീറെഴുതി വിറ്റാലും ഒരൊറ്റ രാഷ്ട്രീയ കള്ളനെയും ഈ ഇന്ത്യാ മഹാരാജ്യത് ശിക്ഷിക്കാന്‍ പറ്റില്ല... അത് കൊണ്ടാണ് വ്യവസ്ഥയില്‍ മാറ്റം വേണം എന്ന് പറയുന്നത്... ശക്തമായ ഒരു സംവിധാനം വരണം എന്ന് പറയുന്നത്...

എനിക്ക് തോന്നിയിട്ടുള്ളത് ഇതുവരെ ചെയ്തെ സമരങ്ങളെക്കാല്‍.. ലോക്പാലിന്റെ ആവശ്യകതയെക്കുറിച്ച് ഏറ്റവും ശക്തമായി ജനങ്ങളുടെ മനസ്സില്‍ എത്തിക്കാന്‍ ഈ നാടകം കൊണ്ട് കേജ്രിവാലിനു കഴിഞ്ഞിട്ടുണ്ട് എന്നാണു.. അങ്ങേരും ഒരു പക്ഷെ ഈ കറക്കു കമ്പനിയുടെ ഭാഗം ആയേക്കാം... നാളെ.. പക്ഷെ അങ്ങനെ ആവും വരെ നമുക്ക് എന്തെങ്കിലും നേടി എടുക്കാമോ എന്ന് നോക്കാം.. ഇനി അങ്ങേര വശം മാറുമ്പോള്‍ വേറെ ഒരു കേജരിവാലുണ്ടാവും എന്ന് പ്രതീക്ഷിക്കാം 

വ്യാഴാഴ്‌ച, സെപ്റ്റംബർ 27, 2012

ഉത്തരവാദിത്തതോടെയുള്ള തീര്‍ഥാടനം

അടുത്ത രണ്ടു മാസങ്ങള്‍ക്കുള്ളില്‍ കേരളം മറ്റൊരു ശബരിമല തീര്‍ഥാടനതിനു കൂടി ഒരുങ്ങുക ആണല്ലോ... ടൈഗേര്‍ റിസര്‍വുകളില്‍ ടൂറിസം, തീര്‍ഥാടനം തുടങ്ങിയ കാര്യങ്ങളില്‍ നിയന്ത്രണം വേണം എന്ന് മാര്‍ഗനിര്‍ദേശം വന്നിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഒരു കാമ്പയിന്‍ ചെയ്താലോ എന്ന് ആലോചിക്കുന്നു. നമുക്ക് വേണ്ട സൌകര്യങ്ങളെക്കുറിച്ചും, അവകാശങ്ങളെക്കുറിച്ചും പരമാവധി ബോധാവാന്മാരവുകയും, ഉത്തരവാദിത്തങ്ങള്‍ക്കും  കടമകള്‍ക്കും നേരെ കണ്ണടക്കുകയും ചെയ്യുന്നത് മനുഷ്യ സഹജമായ സവിശേഷതയാണ്. പ്രധാനമായും അന്യ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിവര്‍ഷം വന്‍ജനപ്രവാഹം പ്രതീക്ഷിക്കുന്ന ഒരു പ്രതിഭാസം ആണല്ലോ ശബരിമല തീര്‍ഥാടനം... ശബരിമല എന്നുള്ള ഒരു ക്ഷേത്രത്തില്‍ മാത്രമല്ല.. വഴിയിലുള്ള മറ്റുള്ള ക്ഷേത്രങ്ങളിലും തീര്‍ഥാടക പ്രവാഹം ഈ സീസണില്‍ ഉണ്ടാവും.. പല സംസ്കാരങ്ങളില്‍ നിന്നും, പല പശ്ചാത്തലങ്ങളില്‍ നിന്നും ഒഴുകി എത്തുന്ന ഈ ജന സന്ജയതിന്റെ വീക്ഷണങ്ങള്‍ക്കും പെരുമാറ്റങ്ങള്‍ക്കും വ്യത്യസ്തത ഉണ്ടാവും. പിന്നെ മതം എന്ന വിവേകം കൊണ്ട് മനുഷ്യന്‍ ഒരിക്കലും സമീപിക്കാത്ത ഒരു വിഷയം ഉള്‍പെട്ടിട്ടുള്ള പശ്ചാത്തലം...  അത് കൊണ്ട് തന്നെ "ഉത്തരവാദിത്തതോടെയുള്ള തീര്‍ഥാടനം" എന്ന തലത്തിലുള്ള  ഒരു കാംപൈന്‍ ജനങ്ങളില്‍ എത്തിക്കാന്‍  വളരെ അധികം കടമ്പകള്‍ കടക്കെണ്ടാതായിട്ടുണ്ട്.  ഈ പശ്ചാതലത്തില്‍ ഒന്ന് രണ്ടു കാര്യങ്ങള്‍ മനസ്സിലുള്ളത് ഞാന്‍ ചര്‍ച്ചക്ക് വെക്കുന്നു...

പ്ലാസ്റിക് നിരോധനം നിലവിലുണ്ട്, എന്നാലും ഒരു നല്ല ശതമാനം തീര്‍ഥാടകരുടെ കൈവശം എപ്പോഴും പ്ലാസ്റിക് വസ്തുകള്‍ കൊണ്ടുവരുന്നത് ഒരു പതിവാണ്. വെള്ളവും, പനിനീരും, നെയ്യും ഒക്കെ കൊണ്ട് പോവുന്ന പ്ലാസ്റിക് കണ്ടൈനരുകള്‍ പലപ്പോഴും അവര്‍ സന്നിധാനത് തന്നെ അലക്ഷ്യമായി വലിച്ചെറിയുന്ന കാഴ്ച വളരെ സാധാരണമാണ്. അങ്ങിനെ ഉള്ള സാഹചര്യത്തില്‍ നമ്മള്‍ ശബരിമലയില്‍ പ്ലാസ്റിക് നിരോധനം നില നിര്തുന്നതിനോടൊപ്പം, ഇതിന്റെ പ്രധാന സ്രോതസ്സുകളില്‍, അതായത് കെട്ടു നിറ നടക്കുന്ന ക്ഷേത്രങ്ങളില്‍ വെച്ച് തന്നെ തടയാനും ബോധവല്‍ക്കരണം നടത്താനും ഉള്ള ഒരു പരിശ്രമം നടത്തേണ്ടതായിട്ടുണ്ട്‌. ഇനി ഏതെങ്കിലും തരത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത പ്ലാസ്റിക് സാധങ്ങള്‍ അവരുടെ കൈവശം കാണുക ആണെങ്കില്‍ അതൊക്കെ പ്രഭവ സ്ഥാനങ്ങളിലേക്ക് തിരിച്ചു കൊണ്ട് പോവാന്‍ അവരെ ബോധാവല്‍ക്കരിക്കേണ്ട മാര്‍ഗങ്ങളും ഉണ്ടായിരിക്കണം

അടുത്തത്, ഉപയോഗിച്ച വസ്ത്രങ്ങള്‍ പമ്പയില്‍ ഒഴുക്കുന്ന ഒരു ഏര്‍പ്പാട്. ഇത് എന്ന് തുടങ്ങിയതാണ്‌ എന്ന് എനിക്ക് രൂപമില്ല.. പക്ഷെ ഏറെയും അന്യസംസ്ഥാനക്കാര്‍ ആണ് ഈ ഒരു ഏര്‍പ്പാടിന് തുടങ്ങിയത്... ഇപ്പോള്‍ അത് വളരെ വ്യാപകമായി നടക്കുകയും ചെയ്യുന്നു..  ഞാന്‍ ആദ്യമായി ശബരിമലക്ക് പോയിട്ടുള്ളത്, ഒരു മുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പാണ്, അന്ന് ഒന്നും ഇത്തരത്തില്‍ ഉള്ള ഒരു "ആചാരം" ശ്രദ്ധയില്‍ പെട്ടിട്ടില്ല... അത് കൊണ്ട് തന്നെ പിന്നീടെപ്പോഴോ കൂട്ടി ചേര്‍ക്കപ്പെട്ട (പലവിധ ആധുനിക ശരണം വിളികല്‍ പോലെ) പ്രാകൃതമായ ഒരു ആചാരമാണ് അത് എന്നാണു എനിക്ക് തോന്നുന്നത്.. അത് കൊണ്ട് തന്നെ അത്തരത്തില്‍ ഒരു ആചാരവും ഇല്ല എന്നും അത്തരം ഒരു നടപടി പമ്പയിലെ നീരോഴുക്കിനെ ബാധിക്കുകയും, പരിസ്ഥിതിക്ക് വളരെ ദോഷകരമായിട്ടുല്ലതാണ് എന്നും വ്യാപകമായി പ്രചരണം നല്‍കേണ്ടി ഇരിക്കുന്നു...

ഇത് രണ്ടു മെസ്സജുകള്‍... ഇത്തരത്തിലുള്ള വളരെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റുള്ള സന്ദേശങ്ങള്‍ എന്തൊക്കെ എന്ന് തിരിച്ചറിയാനും, ഇത്തരത്തിലുള്ള പരമാവധി തീര്‍ഥാടകരില്‍ എത്തിക്കാനുള്ള  മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാനും ആണ് ഈ കാമ്പയിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് ഒരു തുടക്കമിടുകയാണ് ഈ പോസ്റ്റിലൂടെ.. എല്ലാവരുടെയും നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു... 

വ്യാഴാഴ്‌ച, ജൂൺ 28, 2012

മന്ദഹസിക്കുന്ന സര്‍ദാര്‍ജി

ഇന്ന് അല്‍പ സമയം മുമ്പ് സര്‍ദാര്‍ജി വിളിച്ചു ... "ഞാന്‍ വിട്ടു സിംഗപൂരിലേക്ക് തിരിച്ചു പോവുന്നു ...." സംസാരിച്ചവസാനിച്ചപ്പോള്‍ ഓര്‍മ്മകള്‍ പതിനഞ്ചു കൊല്ലം പിന്നോട്ട് പോയി... പ്രത്യേകിച്ചും രസകരമായ ആ സംഭവത്തിന്റെ ഓര്‍മയിലേക്ക്.. 

സര്‍ദാര്‍ജിയെ ആദ്യം കാണുമ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട് .. ഇയാള്‍ എങ്ങനെ ഈ കൂട്ടത്തില്‍ എത്തി എന്ന്.. ഐ ഐ ടി എന്ജിനീര്‍, റെക്നോലോജിയില്‍ നല്ല പരിജ്ഞാനം, നല്ല എം എന്‍ സി കളില്‍ ജോലിയെടുത്തുള്ള പരിചയം. പക്ഷെ അതിലേറെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് ആ മന്ദഹാസം ആണ് .. ഒരു പാട് ശാന്തി തോന്നുന്ന കണ്ണുകള്‍. പക്ഷെ ചെയ്യുന്ന ബിസ്നേസ്സോ,,. റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം. അതിലെ പങ്കു കച്ചവടക്കാര്‍ ആണെങ്കില്‍ അതിലും കേമം, സിറ്റി മാര്‍ക്കറ്റില്‍ ഇലക്ട്രോണിക്സ് ഹോള്‍സൈല്‍ കച്ചവടം നടത്തുന്ന മാര്‍വാഡി, പലിശക്കാരന്‍ സിന്ധി,  പിന്നെ കറകളഞ്ഞ ഒരു രാഷ്ട്രീയ ഗുണ്ട, റെഡ്ഡി.

ആദ്യമായി ജോലിയില്‍ പ്രവേശിച്ച ചെറിയ ഒരു പരസ്യ കമ്പനി അവര്‍ പുതുതായി തുടങ്ങിയ ബാംഗ്ലൂര്‍ ഓഫീസിലെക്കയച്ചതായിരുന്നു എന്നെ. പരസ്യതോടൊപ്പം റിയല്‍ എസ്റ്റേറ്റ്‌ മാര്കെട്ടിങ്ങും (പില്‍ക്കാലത്ത്‌ അവരുടെ പതനത്തിനു ഒരു  മുഖ്യ കാരണം) ഒരുമിച്ചു നടത്താന്‍ കൊറമംഗലയില്‍ (അന്ന് കെ എച് ബി കോളനി) മനോഹരമായ ഒരു വീട്ടില്‍ മുകള്‍ നിലയില്‍ ഓഫീസ്. അങ്ങിനെ ഇരിക്കെയാണ് ഈ നാല്‍വര്‍ സംഘം കാണാന്‍ വരുന്നത്. അവരുടെ പുതിയ പ്രൊജെക്ടുകള്‍ വില്‍ക്കാനും അതോടൊപ്പം പരസ്യ കാമ്പയിന്‍ ചെയ്യാനും.

ആദ്യമേ നാലും നാല് തരത്തിലുള്ള ആളുകളുടെ കൂട്ടായ്മ എന്ന രീതിയില്‍ ആ സംഘം എന്നില്‍ വലിയ കൌതുകം ജനിപ്പിച്ചിരുന്നു. ഫ്ലോറല്‍ പ്രിന്റ്‌ ഷര്‍ട്ടുകള്‍ ധരിക്കുന്ന മാര്‍വാഡി, പണത്തിന്റെ കാര്യത്തില്‍ ഒഴിച്ച് വലിയ സൌഹൃദം കാണിക്കുന്ന ആളായിരുന്നു. ആകര്‍ഷകമായി പെരുമാറുന്നതിലും, മാന്യമായി അതിഥികളെ സല്ക്കരിക്കുന്നതിലും ഒക്കെ മിടുക്കന്‍. ഒരാളോടും അദ്ദേഹം മുഖം കറുപ്പിച്ചു സംസാരിക്കുന്നത് കണ്ടിട്ടില്ല. പക്ഷെ സിന്ധിയും റെഡ്ഡിയും നേരെ മറിച്ചായിരുന്നു. ആരോടും അധികം അടുപ്പം കാണിക്കാത്ത സിന്ധി വളരെ ചുരുക്കമായേ സംസാരിക്കുന്നതും ചിരിക്കുന്നതും ഞാന്‍ കണ്ടിട്ടുള്ളു. അത് കൊണ്ട് തന്നെ ചെക്കുകള്‍ സൈന്‍ ചെയ്യുവാന്‍ ഒഴിച്ച്, അധികമൊന്നും ഇടപാടുകളില്‍ അദ്ദേഹം വരാറില്ല. പക്ഷെ റെഡ്ഡിയാണ് താരം. അപ്പോഴത്തെ ഭരണകക്ഷിയുടെ യുവജന വിഭാഗം നേതാവായ റെഡ്ഡി താമസിച്ചിരുന്നത് അന്ന് നഗരത്തിനു പുറത്തുള്ള ഒരു ഗ്രാമത്തില്‍. തമിഴ് സിനിമയിലെ വില്ലന്മാര്‍ കുറച്ചു കടുത്ത ചായത്തില്‍ ഉള്ളതായിരുന്നു എന്ന് കരുതിയിരുന്ന ഞാന്‍ അല്ല എന്ന് തിരിച്ചറിഞ്ഞത് ഇങ്ങേരെ വീട്ടില്‍ പോയി കണ്ട ദിവസമാണ്. ആറടിയില്‍ ഏറെ പൊക്കം, കരിവീട്ടിയുടെ നിറം, കണ്ടാല്‍ നമ്മള്‍ സിനിമയില്‍ ഒക്കെ കാണുന്ന ഒരു വില്ലനില്ലേ - വിമല്‍ രാജ എന്ന് പറയുന്ന, അങ്ങേരെ പോലിരിക്കും, പരു പരുത്ത സ്വരം പാറപ്പുറത്ത് ചിരട്ട ഉരയ്ക്കുന്ന പോലെ.ചോരകണ്ണുകളും. ആദ്യമായി കാണുന്ന അവസരത്തില്‍ വലിയ വരാന്തയുള്ള ഒരു പഴയ ഓടിട്ട വീടിന്റെ ഉമ്മറത്ത്‌ ഒരു ചാരു കസേരയില്‍ കാലുയര്‍ത്തി വെച്ച് ഇരിക്കുന്ന റെഡ്ഡി ഒരു വിജയകാന്ത് പടത്തില്‍ നിന്നും നേരിട്ടിറങ്ങി  വന്ന ആനന്ദ് രാജിനെ പോലെ തോന്നിച്ചിരുന്നു. അടുത്ത് ഒരു പടുകൂറ്റന്‍ ആല്‍സേഷന്‍ നായയേ ചങ്ങലക്കിട്ടു പിടിച്ചു ഒരു അനുചരന്‍. വീട്ടിനു ചുറ്റും ഒരു പത്തു കുടിലുകള്‍..  അതിന്റെ മുറ്റത്ത്‌ കൈയും കെട്ടി എന്താജ്ഞയും അനുസരിക്കാന്‍ തയ്യാറായി എന്ന പോലെ ഒരു പത്തിരുപതു പേരും. ഞാന്‍ ഒട്ടും അതിഭാവുകത്വം കലര്‍ത്താതെയാണ് ഇത്രയും പറഞ്ഞത് എന്ന് കൂടി ആവര്‍ത്തിക്കട്ടെ.. അയാളുടെ കൈയ്യിലെ കട്ടിയിലുള്ള  സ്വര്‍ണചങ്ങല പോലും ഒരു തമിഴ് സിനിമ കൌണ്ടര്‍ അങ്ങിനെ ഇറങ്ങി വന്ന പോലെ തോന്നും. തൂവെള്ള പാന്റും ഷര്‍ട്ടും ആണ് എപ്പോഴും ധരിച്ചു കണ്ടിട്ടുള്ളത്. ഈ മൂന്ന് പേരുടെയും കൂടെ സര്‍ദാര്‍ജിയെ കാണുമ്പോള്‍ അലുവ ചമ്മന്തി കൂട്ടി കഴിച്ച ഒരു പ്രതീതി ആയിരുന്നു .

ഇവരെ മൂന്നു പേരെക്കാളും പ്രായമുള്ള സര്‍ദാര്‍ജി ആകട്ടെ അടി തൊട്ടു മുടി വരെ പ്രോഫെഷനല്‍. ഈ വൈരുദ്ധ്യത്തെക്കുറിച്ച് എപ്പോഴോ ഒരിക്കല്‍ ചോദിച്ചപ്പോള്‍ ആണ് സര്‍ദാര്‍ജി അത് പറഞ്ഞത്. പത്തു പതിനാലു വര്ഷം സിംഗപ്പൂരില്‍ കടന്നു ബുദ്ധിമുട്ടി സമ്പാദിച്ച പൈസ ആരോ പറഞ്ഞു ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ ഈ മൂവര്‍ സംഘത്തിനെ ഏല്‍പ്പിച്ചത്. അത് കുടുങ്ങിയപ്പോള്‍ വേറെ നിര്‍വാഹമില്ലാതെ അവരുടെ പാര്ട്ടനെര്‍ ആവേണ്ടി വന്ന കഥ. ഈ പ്രൊജെക്ടുകള്‍ എല്ലാം സര്‍ദാര്‍ജിയുടെ പണം കൊണ്ടുള്ളതാണ് എന്നും ഇതെങ്ങിനെയെങ്കിലും വിറ്റു അവസാനിപ്പിച്ചു ഇറക്കിയ കാശ് ഊരി എടുക്കലാണ് തന്റെ ലക്‌ഷ്യം എന്നും പുള്ളി അപ്പോള്‍ പറഞ്ഞു.

അങ്ങിനെ ഇരിക്കെയാണ് ഒരു ദിവസം ഒരു മീറ്റിങ്ങിനു സര്‍ദാര്‍ജിയും മാര്‍വാടിയും ഞങ്ങളുടെ ഓഫീസില്‍ വന്നത്. അന്ന് വലിയ തിരക്കൊന്നും ഇല്ലാത്ത ആ ഹൌസിംഗ് കോളനിയില്‍ റോഡ്‌ വക്കില്‍ തന്നെ തന്റെ സീലോ കാര്‍ പാര്‍ക്ക് ചെയ്താണ് അവര്‍ ഇരുവരും മീറ്റിങ്ങിനു വന്നത്.  ആ പാര്‍ക്ക് ചെയ്ത കാറിന്റെ ഒരു വശം ആകട്ടെ തൊട്ടടുത്ത വീട്ടില്‍ താമസമാക്കിയ കൂര്‍ഗിയുടെ ഗെയ്റ്റിനു മുന്നിലേക്ക്‌ സ്വല്‍പ്പം കയറി കടക്കുന്നു. ആ കൂര്‍ഗിയോ,   നഗരത്തില്‍ തരക്കേടില്ലാത്ത ഒരു സെക്യൂരിറ്റി ഏജന്‍സി നടത്തുന്ന ഒരു മുരടന്‍... ഞങ്ങളുടെ ലാന്ഡ് ലോര്‍ദിനോട് ഒരിക്കല്‍ വീട് കമ്മേര്‍ഷ്യല്‍ ആക്കിയതിന് എതിരെ പരാതി പറഞ്ഞു ബഹളം വെച്ചൊക്കെ പോയ പുള്ളിയാണ്. ആ കാര്‍ പാര്‍ക്ക് ചെയ്തത് കണ്ടപ്പോള്‍ തന്നെ ഞാന്‍ കരുതി ഇത് ഒരു പുലിവാലാവാനുള്ള എല്ലാ ലക്ഷണവും ഉണ്ട് എന്ന്. പ്രതീക്ഷിച്ച പോലെ തന്നെ കൂര്‍ഗി അയാളുടെ കാര്‍ സ്മൂത്ത്‌ ആയി പുറത്തേക്കു എടുക്കാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞു ബഹളം തുടങ്ങി. ബഹളം കേട്ട് പുറത്തിറങ്ങി ബാല്‍ക്കണിയില്‍ വന്നു നോക്കിയ ഇവരെ കണ്ടപ്പോള്‍  കൂര്‍ഗി കൂടുതല്‍ ക്ഷുഭിതനായി. വിഷയം മനസ്സിലാക്കിയപ്പോള്‍ അതിനു ഒരു പുല്ലു വില പോലും കൊടുക്കാതെ ഇരുവരും വീണ്ടും മീറ്റിംഗ് തുടരാന്‍ കയറിപ്പോയി. അതോടെ കൂര്‍ഗിയുടെ ക്ഷോഭം അതിന്റെ ഉച്ചസ്ഥായിയില്‍. അവര്‍ കയറിപ്പോയിട്ടും ബാല്‍ക്കണിയില്‍ നിന്ന എന്നെ നോക്കി വിരല്‍ ചൂണ്ടി കൂര്‍ഗി പറഞ്ഞു. "നീയൊക്കെ ഇവിടെ നിന്ന് രണ്ടു കാലില്‍ എങ്ങിനെ പോവും എന്ന് ഞാന്‍ കാണട്ടെ....." എന്നില്‍ നിന്നും യാതൊരു പ്രതികരണവും കാണാഞ്ഞു കൂര്‍ഗി തന്റെ കാര്‍ എടുത്തു എങ്ങോട്ടോ അതിവേഗം പാഞ്ഞു പോയി. ഒരു പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ അടുത്തുള്ള ഒരു പ്രിന്റിംഗ് പ്രസ്സിലേക്ക് വേറെ ഒരു കൊട്ടെഷനും ആയി, ഞാനും ഇറങ്ങി.

പിന്നെ ഒരു അര മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ ഓഫീസില്‍ തിരിച്ചെത്തുന്നത്.. അപ്പോള്‍ കണ്ടത് ചവിട്ടു പടി  ഒരു കൊടുങ്കാറ്റു പോലെ അതിവേഗത്തില്‍ ഇറങ്ങിവരുന്ന കൂര്‍ഗിയും അയാളുടെ കൂടെ ഒരു നാലഞ്ചു തടിയന്മാരും. എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ കടന്നു പോയി. എന്നെ കണ്ടതും കൂര്‍ഗി ഒരു ചിരി.. ദൈവമേ.... കൊലച്ചിരി.. പക്ഷെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി എന്റെ തോളത്തു തട്ടി അയാള്‍ തന്റെ സംഘവും ആയി പൊടുന്നനെ കാറും എടുത്തു കടന്നു പോയി. തല്ക്കാലം എന്റെ കൈ കാലുകള്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസം ഉണ്ടെങ്കിലും, അപ്പോള്‍ ഓഫീസില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരുടെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കയോടെ ആണ് ഞാന്‍ പടികള്‍ കയറിയത്..

പക്ഷെ എന്നെ വരവേറ്റത് ഒരു കോട്ട ചിരിയാണ്.. നിര്‍ത്താതെ ചിരിക്കുന്ന രിസേപ്ഷനിസ്റ്റും, ഓഫീസ് ബോയും, അക്കൌന്ടന്റും... മാനേജരുടെ കാബിനില്‍ ആകട്ടെ അതിലേറെ പൊട്ടിച്ചിരി... മാര്‍വാടിയും എന്റെ മാനേജരും തല തല്ലി ചിരിക്കുന്നു.. അത് കണ്ടു ഞാന്‍ അവിടെ ഇരിക്കുന്ന എന്റെ മറ്റൊരു കോള്ളീഗ് ദീപകിനോട് ചോദിച്ചു

"എന്ത് പറ്റി ദീപക്, അവര് തല്ലാന്‍ വന്നതല്ലേ.."
"അവര് തല്ലാന്‍ വന്നത് ഒക്കെ തന്നെയാ.. ഹ ഹ .. പക്ഷെ തല്ലാന്‍ വന്ന അവര് കണ്ടത് മാര്‍വാടിയെ ആണ്.. അങ്ങേരെ കണ്ട ആ ഗുണ്ടകള്‍ വിളിച്ചതോ - സാര്‍ എന്ന്... നമ്മുടെ ഒരു നല്ല സമയം.. കൂര്‍ഗിക്ക് റെഡ്ഡിയുടെ ഗുണ്ടകളെ നമ്മളെ തല്ലാന്‍ കൂടെ കൊണ്ട് വരാന്‍ തോന്നിയത് .. നമ്മളെ തല്ലാന്‍ വന്നവര്.. കൂര്‍ഗിയെ തിരിച്ചു വിരട്ടി വിറ്റു... ഹ ഹ ... അതോടെ കൂര്‍ഗി പ്ലേറ്റ് മാറ്റി.. അയാള്‍ ഫ്ലാറ്റിന്റെ വില ചോദിക്കാന്‍ വന്നതാ എന്നൊക്കെ പറഞ്ഞു ഒരു ബ്രോഷറും വാങ്ങി സ്ഥലം വിറ്റു ... ഹ ഹ "

പിന്നെ ആ ഓഫീസില്‍ നിന്ന ആറ് മാസത്തില്‍ പല വട്ടം കൂര്‍ഗിയെ കണ്ടിരുന്നുവെങ്കിലും അങ്ങേര്‍ ഞങ്ങളെ കാണുമ്പോള്‍ തന്നെ മുഖം തിരിച്ചു പോവാറാണ്  പതിവ്.. പിന്നെ ഞാന്‍ ജോലി വിട്ട്‌ പല നഗരങ്ങളില്‍ പല ജോലികളിലായി ഒരു പത്തു കൊല്ലങ്ങള്‍ക്ക് ശേഷംഅടിമുടി മാറിയ നഗരത്തില്‍ തിരിച്ചെത്തി .. പുതിയ ജോലിയില്‍ കയറുമ്പോള്‍ ബെയ്സ്മെന്റ്റ് പാര്‍ക്കില്‍ സര്‍ദാര്‍ജി... അതെ മന്ദഹാസം..
"ഇവിടെ?"
"ഞാന്‍ അതൊക്കെ വിട്ടു.. കുറച്ചു കാശ് ഒക്കെ തിരിച്ചു കിട്ടി.. അതൊന്നും നമുക്ക് പറ്റില്ല... ഇപ്പോള്‍ നമ്മുടെ പഴയ പണി തന്നെ ... ഇവിടെ റിസേര്‍ച് ലാബ് ഹെഡ് ചെയ്യുന്നു.. വാ വീട്ടിലേക്കൊരു ദിവസം..."

ശനിയാഴ്‌ച, ജൂൺ 16, 2012

സ്പിരിറ്റ്‌ - കൊണ്യാക്കിന്റെ കുപ്പിയില്‍ ഒളിപ്പിച്ച വ്യാജ ചാരായം

കഴിഞ്ഞ കുറച്ചു കാലമായി അനിയന്ത്രിതമായി  വര്‍ദ്ധിച്ചു വരുന്ന ഈ "ആള്‍ക്കഹോളിസം" എന്നത്  മലയാളി സമൂഹം മാത്രം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം ആണ് എന്നാണു ഞാന്‍ കരുതിയിരുന്നത് എന്നാലും... ഈയ്യിടെയായി രണ്ടു ചാനലുകളില്‍- അല്‍ ജസീറയില്‍ ആസ്ട്രേലിയായെക്കുറിച്ചും, ന്യൂസ്‌ എക്സില്‍ പഞാബിനെക്കുറിച്ചും,  കണ്ട വ്യത്യസ്തമായ രണ്ടു ഡോക്യുമേന്ട്രികളിലൂടെ അത് ലോകത്ത് പലയിടത്തും മനുഷ്യ സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു വന്‍ വിപത്താണ് എന്ന് ബോധ്യമായത്. കേരളത്തില്‍ കുറെ നാളുകളായി, വൈകീട്ട് ആറുമണിക്ക് ശേഷം ബസ്സില്‍ കയറുമ്പോള്‍, അല്ലെങ്കില്‍ കവലകളില്‍ നില്‍ക്കുമ്പോള്‍,  രൂക്ഷമായ മദ്യഗന്ധം  മൂക്കിലടിക്കാതെ മലയാളിക്ക് ഒരു ദിവസവും കടന്നു പോവാനാവാറില്ല. പണ്ടൊക്കെ മാവേലി സ്റൊരിനു മുന്നില്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്ന പോലെ, സുദീര്‍ഖമായ ക്യൂ ബീവറേജസ് കോര്‍പറേഷന്‍ സ്റൊരുകള്‍ക്ക് മുന്നില്‍ അവതരിച്ചിട്ടു നാളുകള്‍ ഒരുപാടായി. ഇക്കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന്റെ അന്ന് രാവിലെ ഏകദേശം ഒരു ആറര, ഏഴു മണി ആയിട്ടുണ്ടാവും, കുടുംബത്തോടൊപ്പം പാറമേല്‍ക്കാവില്‍ പോവാന്‍ വേണ്ടി സെന്റ്‌ മാരിസ് കോളേജ് റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തു നടന്ന ഞാന്‍ കണ്ടത്, അവിടെ ഫുട് പാത്തില്‍, കാറുകളുടെ മറവില്‍, ഒരു കുപ്പിയും നാല് ഗ്ലാസ്സുമായി ഇരുന്നു സുപ്രഭാതം വണങ്ങുന്ന ഒരു നാലംഗ സംഘത്തെയാണ്... ഇതൊക്കെ പറഞ്ഞു വന്നത് പതിവ് സിനിമകള്‍ കാണുന്ന ഒരു എന്റര്‍റൈന്‍മെന്റ് മോഡില്‍ അല്ല ഇന്ന് കാണാന്‍ പോയത് എന്ന് ആമുഖമായി പറഞ്ഞു വെക്കാനാണ്.  ഈ പ്രമേയത്തിന്റെ കാലികപ്രസക്തിയെക്കുറിച്ചുള്ള വ്യക്തമായ ബോധ്യത്തോടെ, ഗൌരവത്തോടെ ആണ് കാണാന്‍ പോയത്.

പത്തിരുപതു വര്ഷം മുമ്പ്, വന്നത് പോലും അറിയാതെ തീയറ്റര്‍ വിട്ടു പറന്ന ഒരു കൊച്ചു ചിത്രമുണ്ട് ... മോഹന്‍ സംവിധാനം ചെയ്ത "തീര്‍ത്ഥം". അക്കാലത്തെ ദൂരദര്‍ശന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ ഇപ്പോള്‍ ഗുജറാത്തി ടെലിവിഷനിലെ  ജനപ്രിയ താരമായ പല്ലവി ജോഷി എന്ന നടി അഭിനയിച്ച ഒരേ ഒരു മലയാളം സിനിമ ആയിരുന്നു അത്. നെടുമുടി നായകനായി അഭിനയിച്ച ആ കൊച്ചു ചിത്രം കേരളത്തില്‍ അന്നിത്രയും വലിയ വിപത്തിന്റെ രൂപം ആര്‍ന്നിട്ടില്ലാതിരുന്ന ആള്‍ക്കഹോളിസം എന്ന വിഷയം വളരെ ഗൌരവത്തോടെ കൈകാര്യം ചെയ്തിരുന്ന ഒരു ചിത്രമായിരുന്നു. കുറച്ചൊക്കെ മെലോഡ്രാമ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ആ കൊച്ചു ചിത്രം ഒരു വലിയ മെസ്സേജ് അന്നത്തെ സമൂഹത്തിനോട് പറയാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, മോഹന്റെ തന്നെ പല ഭേദപ്പെട്ട ചിത്രങ്ങളായ "ശ്രുതി", "ഒരു കഥ ഒരു നുണക്കഥ" എന്നിവയെപ്പോലെ പോലെ അധികമാരും കാണാതെ തീയേറ്റര്‍ വിട്ടു പോവാനായിരുന്നു അതിനു യോഗം. സ്പിരിറ്റ്‌ കാണാന്‍ പോവുമ്പോള്‍, ഈ വിഷയം ആണ് പ്രതിപാദിക്കുന്നത് എന്ന് മനസ്സിലാക്കിയപ്പോള്‍, മനസ്സില്‍ ഓര്മ വന്നത് തീര്‍ത്ഥം എന്ന സിനിമയും, ഇരുട്ടില്‍ ചവിട്ടു പടിയില്‍ മുറ്റത്തേക്ക് ശര്‍ദ്ദിച്ചു തളര്‍ന്നു വീഴുന്ന നെടുമുടി വേണുവും. പല്ലവി ജോഷിയുടെ നിറഞ്ഞ കണ്ണുകളും ആയിരുന്നു. അങ്ങിനെ ചെറിയ ഒരു റെഫെരെന്‍സ്‌ മനസ്സില്‍ കരുതി ആണ് മഴക്കാര്‍ മൂടി നില്‍ക്കുന്ന ഈ സായാഹ്നത്തില്‍ നിറഞ്ഞ സദസ്സിലോരാളായി, സുഖമുള്ള ഇരിപ്പിടത്തില്‍ അമര്‍ന്നിരുന്നത്.

അറപ്പ്, നിരാശ, പുച്ഛം, എന്നീ മൂന്ന് വികാരങ്ങളും ഒരുമിച്ചു ചേര്‍ന്നതാണ് "ജുഗുപ്സ" എങ്കില്‍. അതാണ്‌ ഈ സിനിമ എന്നിലെ അനുവാചകന് പകര്‍ന്നു നല്‍കിയത്. കൈകാര്യം ചെയ്യുന്ന പ്രമേയത്തോട് ഒരു മിനിമം ആത്മാര്‍ഥത, പ്രതീക്ഷിച്ചു കാണാനിരുന്ന എന്റെ കണ്ണുകളില്‍ വ്യക്തമായത് ഈ സിനിമയിലൂടെ ശില്പികളുടെ നാട്യം ഒന്ന് മാത്രമാണ്. "ഹിപ്പോക്രസി" എന്ന പദത്തിന്റെ അര്‍ഥം അറിയില്ലെങ്കില്‍, ഈ സിനിമ കണ്ടു വരുന്നവര്‍ക്ക്, സാമാന്യ ബുദ്ധി ഉണ്ടെങ്കില്‍ ഡിക്ഷനറി നോക്കാതെ തന്നെ മനസ്സിലാവും അതെന്താണ് എന്ന്.

രഞ്ജിത്തിന്റെ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു ഉന്മാദിയായ നായകനും അവന്റെ പരിവാരങ്ങളുമായി നടത്തുന്ന സുരാപാന മഹോത്സവം.. ഇളനീര്‍ വെട്ടി ചാരായം നിറക്കുന്ന "ദേവാസുരം" ഒരുക്കുകയും,  നെഞ്ചോളം വെള്ളത്തില്‍ കിടന്നു കാര്‍ട്യൂബിന് മുകളില്‍ നാടന്‍ "വെറ്റ് ബാര്‍" ഉണ്ടാക്കുകയും ചെയ്യുന്ന തഴക്കങ്ങള്‍ ഒക്കെ സാധാരണക്കാരായ മലയാളികളുടെ  മനസ്സിലേക്ക് പകര്‍ന്നോഴിച്ചു, അതില്‍ ഐസിന്‍ കട്ട ഇട്ട ആളാണ്‌ രഞ്ജിത്. അത്തരം രംഗങ്ങളെ ഒട്ടൊരു വീരപരിവേഷത്തോടെ പകര്‍ന്നാടിയിരുന്നത് ഏറെയും മലയാളികള്‍ക്ക് "വൈകീട്ടെന്താ പരിപാടി" എന്ന വേദവാക്യം ഓതിക്കൊടുത്ത അവരുടെ ലാലേട്ടനും. അവര്‍ ഇരുവരും ആള്‍ക്കഹോളിസത്തിനു എതിരെ ഇറങ്ങുന്നു എന്ന് കേട്ടപ്പോള്‍ ഒരു "മാനസാന്തരത്തിന്റെ" ചുറ്റുവട്ടം തെളിയുന്ന പോലെ തോന്നിയിരുന്നു. പക്ഷെ അത്തരത്തിലുള്ള ഒരു മാനാസാന്തരം നല്‍കുന്ന ആത്മാര്‍ഥത ഒന്നും ഈ സിനിമയില്‍ കാണാന്‍ ആവുന്നില്ല. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ കോര്‍ത്തിണക്കിയ അനവധി മദ്യപാനരംഗങ്ങള്‍ അവതരിപ്പിക്കുന്നതിലുള്ള മിഴിവും ആകര്‍ഷണീയതയും തനിമയും - "സാള്‍ട്ട് ആണ്ട് പേപ്പറിലെ"  ഭക്ഷണ രംഗങ്ങളെ അനുസ്മരിപ്പിച്ചു. ലിമിറ്റഡ് മദ്യപാനത്തിന്റെ ഗുണങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിന്റെയും, കൊണ്യാക്കും കട്ടന്‍ ചായയും കൂടി മിശ്രിതപ്പെടുത്തി അകതാക്കുന്നതിന്റെയും, ഒക്കെ സന്ദേശങ്ങള്‍ പ്രബുദ്ധ മലയാളിക്ക് നന്നായി രസിക്കുന്നുണ്ട് എന്ന് തീയറ്ററില്‍ നിന്നും ആദ്യ പകുതിയില്‍ ഉയരുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കും.

ഒരു ചലച്ചിത്രകാരന് സമൂഹത്തിനു സന്ദേശം നടത്തുന്ന രീതിയില്‍ സദാചാരത്തിന്റെ വട്ടങ്ങളില്‍ നിന്നും കൊണ്ട്  സമൂഹത്തെ ഉദ്ധരിക്കുന്ന സോദ്ദേശ സിനിമകള്‍ മാത്രമേ സൃഷ്ടിക്കാവൂ എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. പക്ഷെ അങ്ങിനെ ചെയ്യുകയാണ് എന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു തികച്ചും വിരുദ്ധാശയങ്ങള്‍ പൊതിഞ്ഞു കെട്ടി കൊടുക്കുമ്പോഴാണ്, അത് ഫെയ്ക്ക് ആവുന്നത്, അതില്‍ ഹിപ്പോക്രസി കലരുന്നത്. ഇവിടെ പറഞ്ഞു വെക്കുന്ന കാര്യങ്ങള്‍ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിക്കുന്നതും കുടിച്ചു നശിക്കുന്നതും മണിയെപ്പോലെയുള്ള താഴെത്തട്ടിലുള്ളവര്‍ മാത്രമാണ്. അവനെ വിമുക്തി ലഭിക്കുവാന്‍ പോലീസ് സ്റെഷനില്‍ കൊണ്ട് വന്നു കന്നത്തില്‍ രണ്ടു പൊട്ടിച്ചു പൊക്കിയെടുത്തു ഡി അഡിക്ഷന്‍ സെന്ററില്‍ തടവില്‍ ഇടുകയും ചെയ്യണം. മദ്ധ്യവര്‍ഗ മലയാളി  തികഞ്ഞ മദ്യവിരുദ്ധനും,  അതിന്റെ അനുസാരി പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത സദാചാരിയാണ്.  സാമൂഹ്യ മദ്യപനായ വരേണ്യവര്‍ഗ  പ്രതിനിധിയോ, സ്വയം വെളിപാട് വന്നു കുപ്പിയെ തട്ടി തെറിപ്പിച്ചു ഒറ്റ രാത്രി കൊണ്ട് സമൂഹത്തിലെ മദ്യപാന വിപത്തിനെ മുഴുവന്‍ തുടച്ചു മാറ്റാന്‍ കഴിവുള്ള  പുണ്യാളനാവുന്ന മഹാനുഭാവന്‍. അവനു ആകെ വേണ്ടത് മുമ്പില്‍ ചോര ശര്ദ്ധിച്ചു രക്തസാക്ഷി ആവാന്‍ ഒരു സമീര്‍ എന്നാ ആരാജകകവി മാത്രം. അവന്‍ മദ്യപാനശീലത്തില്‍ നിന്നും സ്വമേധയാ പുറത്തു വന്നതും, തന്റെ ദയാവായ്പ്പു കൊണ്ട് വിമോചനം അരുളിയ ദരിദ്രനാരായണനായ പ്ലംബര്‍ മണിയുടെ വിമുക്തിയും, ആഘോഷിക്കുന്നത് തന്നെ മദിരോല്സവത്തില്‍...

ഈ സിനിമയുടെ മൊത്തം ഫീലിനെ സംഗ്രഹിക്കുന്ന ഒരു വലിയ ഉദാഹരണമാണ് മധു അവതരിപ്പിക്കുന്ന കര്‍ത്താ എന്നാ കഥാപാത്രം... സ്വന്തം ഭാര്യയെ മക്കളുടെ അടുത്തേക്കയച്ചു പരസ്ത്രീ ബാന്ധവത്തിനിറങ്ങുന്ന ഇറങ്ങുന്ന ഈ കിഴവന്‍ മൂരാച്ചി, ഭാര്യയോടു മോശമായി പെരുമാറുന്ന മണിയോടും, മദ്യപാനിയായ രഘുവിനോടും ഒക്കെ "മാന്യത" നടിച്ചു സദാചാരം  പഠിപ്പിക്കുന്നുണ്ട്.  അത് തന്നെയാണ് രഞ്ജിത്തിന്റെ സ്പിരിറ്റ്. നല്ല പള പളക്കുന്ന വെള്ളിഅടപ്പ് കൊണ്ട്  മൂടി വെക്കുന്ന നാറുന്ന കമ്പോസ്റ്റ് കുഴി. ഈ സിനിമയില്‍ കുറച്ചെങ്കിലും വ്യക്തിത്വം ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന ഒരു കഥാപാത്രം ഉണ്ട് - ലെനയുടെ സുപ്രിയ. ആ കഥാപാത്രത്തെ പോലും നായകന്‍റെ പ്രഭാവത്തിന് മുന്നില്‍ ആയുധം വെപ്പിച്ചു കീഴടക്കുകയാണ് സംവിധായകന്‍. ഇതിലെ ഹിപ്പോക്രസിയെക്കുറിച്ചു പറയാനാണെങ്കില്‍ ഇനിയും അനവധിയുണ്ട് ഉദാഹരണങ്ങള്‍. വിവാഹ മോചനത്തിന് ശേഷം തന്റെ ആദ്യഭാര്യയും അവളുടെ ഇപ്പോഴത്തെ ഭര്‍ത്താവുമായി പൂര്‍വകാലം തമസ്കരിച്ചു "ആരോഗ്യകരമായ സൌഹൃദം" പുലര്‍ത്തുന്ന നായകന്‍ എന്ന് പറഞ്ഞു വെക്കുമ്പോള്‍ തന്നെ,  അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ്, തന്റെ ആത്മാര്‍ത്ഥ സുഹൃത്ത്‌ ഇല്ലാത്ത സന്ദര്‍ഭത്തില്‍ കയറി വന്നു, അയാള്‍ മുന്‍ഭാര്യയോടു നിലവിട്ടു പെരുമാറുന്നുണ്ട്. ഇനി, നാട് ഭരിക്കുന്ന മന്ത്രിയെ ടാക് ഷോവില്‍ നിശ്ശബ്ധനാക്കി തളക്കാന്‍, ഉന്നത ബൌദ്ധീക നിലവാരം അവകാശപ്പെടുന്ന അയാള്‍ക്ക്‌ പതിവ് പോലെ ആയുധം  നാലാംകിട പെണ്ണ് കേസ്.... ഇങ്ങനെ എന്തെല്ലാം നഗ്നമായ നാട്യങ്ങള്‍...


ആദ്യം പ്രതിപാദിച്ച പോലെ തീര്‍ത്ഥം എന്ന സിനിമ മനസ്സില്‍ വെച്ചാണ് കണ്ടു തുടങ്ങിയതെങ്കിലും, കണ്ടു കൊണ്ടിരുന്നപ്പോള്‍ മനസ്സില്‍ വന്നത് - "ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍" (മലയാളം) എന്ന മറ്റൊരു നാട്യസിനിമ. ലാലുപദേശി നാടിലെ വിദ്യാഭ്യാസ വ്യവസ്ഥ മാറ്റി മറിക്കാന്‍ കത്തി കയറിയ ആ ഫാസില്‍ ചിത്രം. 

ഈ സിനിമയില്‍ ഒപ്പിച്ചു വെക്കുന്ന അഭിനയതിനാണോ, മോഹന്‍ലാലിന്റെ ഗംഭീര അഭിനയം എന്നൊക്കെ സോഷ്യല്‍ മീഡിയ പാണന്മാര്‍ അടിച്ചു കൂട്ടുന്നത്‌. അതല്ല എനിക്ക് എന്തെങ്കിലും തകരാരുണ്ടോ? തന്റെ തലയില്‍ കെട്ടി വെക്കുന്ന വിഴുപ്പില്‍ കിടന്നു ശ്വാസം മുട്ടുകയാണ് അദ്ദേഹം. ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന മോഹന്‍ലാല്‍ എന്ന നടന്‍ മരിച്ചിട്ട് കുറച്ചു വര്‍ഷങ്ങളായി എന്ന് മുമ്പ് ഒരിക്കല്‍ പോസ്റ്റിട്ടത് ഇവിടെയും ആവര്‍ത്തിക്കുന്നു..  ഇപ്പോള്‍ നടക്കുന്നത് അദ്ദേഹത്തിനെ സ്റ്റാഫ്‌ ചെയ്ത മമ്മിയുടെ പ്രദര്‍ശനം. നന്ദു എന്ന നടന്റെത് ഒഴിച്ച് (വലിയ കോടി കെട്ടി വാഴ്ത്തപ്പെടുന്ന ശങ്കര്‍ രാമകൃഷ്ണന്റെതടക്കം) എല്ലാ നടീ നടന്മാരും ശരാശരി അഭിനയം ആണ് കാഴ്ചവെച്ചിട്ടുള്ളത് എന്നാണു എന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ റുപ്പീ കണ്ടപ്പോള്‍, ഒരു കാര്യത്തില്‍ ആശ്വാസം തോന്നിയിരുന്നു, വല്യ തൊങ്ങലും കൊടിക്കൂറയും ഇല്ലാത്ത ഒരു നായകനെ രഞ്ജിത്ത് അവസാനം കൊണ്ട് വന്നല്ലോ. ഇവിടെ അതും പോയിക്കിട്ടി. ആറാം തമ്പുരാനിലെയും, ചന്ദ്രോല്‍സവതിലെയും, നരസിംഹത്തിലെയും, റോക്ക് ആന്‍ഡ്‌ റോളിലെയും  ഒക്കെ "മോഹന്‍കാന്തുമാര്‍"  തന്നെയാണ്, ഈ രഘുനന്ദനന്‍  എന്ന് മനസ്സിലാക്കുവാന്‍ വലിയ കൊമ്പത്തെ നിരീക്ഷണപാടവതിന്റെയോന്നും ആവശ്യം ഇല്ല. അഞ്ചു വിദേശ ഭാഷകളില്‍ പ്രാവീണ്യം... ഒക്സ്ഫോര്‍ഡും, ഹാര്‍ വാര്‍ഡും, സ്ടാന്ഫോര്‍ഡും ചേരുന്നു നമിക്കുന്ന പാണ്ടിത്യം, അനാശ്യാസത്തിനു പോവുന്ന വല്യപ്പന്റെ പോക്കറ്റില്‍ "റബ്ബര്‍" തിരുകുന്ന ഹൃദയ വിശാലത... പിന്നെ ആറാം തമ്പുരാന്‍ ജനുസ്സില്‍ നിന്നും, ഒരു തുടര്‍ച്ച പോലെ ഉസ്താദ് അലവലാതി ഖാന്റെ അടുത്ത് നിന്നും പഠിച്ച ആ അസാമാന്യ സംഗീത പാടവം...


എഴുതി തുടങ്ങിയാല്‍ ഒരു പാട് എഴുതി വിടാനുണ്ട് ഈ "ഫെയ്ക്ക് സിനിമയെ" പറ്റി... പക്ഷെ കണ്ടു വീട്ടില്‍ വന്നപ്പോള്‍ സൂര്യ ടി വി യില്‍ മണിആശാന്‍ സി പി ഐയുടെ അക്രമങ്ങളെ പറ്റി വാചാലനാവുന്നു... ഇവിടെ വാസവദത്തമാരുടെ ചാരിത്ര്യപ്രസംഗങ്ങള്‍ ഇനിയും ഏറെ നടക്കും. പിന്നെ സിനിമ നന്നായിട്ടെന്താ.

വായില്‍ ഒരു വൃത്തികെട്ട ചുവ അവശേഷിപ്പിക്കുന്ന ഒരു സിനിമ.ഒരു തുള്ളി മദ്യപിച്ചിട്ടില്ലെങ്കിലും മനം പിരട്ടുന്നു . ഒന്ന് ശര്‍ദ്ദിച്ചു കളയട്ടെ... അതിന്റെ ചൊരുക്ക്...

വെള്ളിയാഴ്‌ച, ജൂൺ 15, 2012

അഞ്ചു രൂപാ നോട്ട്‌

അത് അഞ്ചു രൂപ തന്നെയാണ്.. വൃത്തിയായി മടക്കി പോക്കറ്റില്‍ തിരുകിയ ശേഷവും ഒന്ന് കൂടി പുറത്തെടുത്തു നോക്കി...അഞ്ചു രൂപ മതി...  മഞ്ഞയും പച്ചയും പെയിന്റ് അടിച്ച മരത്തില്‍ ഉണ്ടാക്കിയ ആ കെ എസ ആര്‍ ടി സി എക്സ്പ്രെസ്സ് ബസ്സിനു.. കഴിഞ്ഞ വിഷുക്കേട്ടം കരുതി വെച്ചതാണ് ഇരുപത്തിമൂന്ന് രൂപ ഉണ്ടായിരുന്നു.. അഞ്ചും പത്തും ആയിട്ട് അതെവിടെ പോയി എന്നറിയില്ല... ആറാം നമ്പരും, ഐസ് ഫ്രൂട്ടും, ഐനാസും ഒക്കെയായി അതൊരു വഴിക്ക് പോയി. അല്ലാ അന്നൊന്നും ഈ ബസ്സ്‌ വാങ്ങണം എന്ന പ്ലാനെ ഉണ്ടായിരുന്നില്ലല്ലോ?

 കഴിഞ്ഞ ആഴ്ച ഗുരുവായൂര്‍ക്ക് പോയപ്പോ ബസ്സില് മുമ്പിലെ സീറ്റില്‍ ഇരുന്ന ചെക്കന്റെ കൈയ്യിലല്ലേ ആദ്യം കണ്ടത്... പിന്നെ നടക്കലേക്ക് നടക്കുമ്പോ എല്ലാ കടേലും ഉണ്ടായിരുന്നു... ചോപ്പ് ബസ്സും പച്ച ബസ്സും... ചോപ്പ് ഒര്ടിനരിയാ... പച്ചയാണ് എക്സ്പ്രെസ്സ്... ഒരു സ്ഥലത്തും നിര്‍ത്തില്ല... മുത്തശന്റെ കൂടെ പോവുമ്പോ.. ഒരു രക്ഷയുമില്ല എന്നറിയാവുന്നതു കൊണ്ട് ചോദിച്ചു മെനക്കെടാന്‍ നിന്നില്ല... മൂപ്പരുടെ കൂടെ പോവുമ്പോ ആകെയുള്ള ബോണസ്, ഇന്ത്യ കോഫീ ഹൌസില്‍ നിന്നുള്ള കാപ്പി... അല്ല അവിടെ വക്കു പൊട്ടിയ നിറം മങ്ങിയ  വെള്ള കപ്പില്‍ ഒരു ചെറിയ ചവര്‍പ്പോടെ ഊറ്റി തരുന്ന ദ്രാവകം. കാര്യം ആ കാപ്പി വലിയ ഇഷ്ടം ഒന്നും തോന്നാതെയാണ് കുടിക്കുന്നത് എന്നാലും വീട്ടില്‍ തിരിച്ചെതിയിട്ടെ വേറെ ഭക്ഷണം കിട്ടൂ എന്നറിയാവുന്നതു കൊണ്ട് തുള്ളി ബാക്കിയാക്കാതെ ഊതി ആറ്റി കുടിക്കും...  ഒരു രക്ഷയും ഇല്ലാത്തതു ചുറ്റിലും നിന്നും മൂക്കിലടിക്കുന്ന നെയ്‌ റോസ്റിന്റെയും ഉഴുന്ന് വടയുടെയും സാമ്പാറിന്റെയും മണം... അന്നൊക്കെ എന്റെ കന്വേട്ടത്തില്‍ ഇരുന്നു തട്ടി വിട്ടിരുന്ന പലര്‍ക്കും,  വൈകുന്നേരം ആവുമ്പോഴേക്കും വയറളിക്കം പിടിച്ചിട്ടുണ്ടായിരിക്കണം.. പക്ഷെ ടേബിളിന്റെ മുന്നില്‍ നിന്നും ഇറങ്ങാന്‍ ഒരു മടിയോടെ നില്‍ക്കുന്ന എന്നെ എഴുന്നേല്‍പ്പിക്കാന്‍ കൈ പിടിച്ചു വലിക്കേണ്ടി വരാറുണ്ട് പാവം മുത്തശ്ശന്.. ഇന്നൊക്കെ ആണെങ്കില്‍ സദാ കാവിയുടുത്ത്‌ ഭസ്മക്കുറിയും നടുവില്‍ ഒരു കുങ്കുമ പോട്ടുമായി നടക്കുന്ന മുത്തശന്‍ എന്റെ കൈയും വലിച്ചു നടക്കുന്നത് കണ്ടാല്‍ ആരെങ്കിലും - സന്യാസി കുട്ടിയെ തട്ടി കൊണ്ട് പോവുന്നു എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കിയേനെ... 

അന്ന് തിരിച്ചു വീട്ടില്‍ എത്തിയപ്പോഴേ മനസ്സില്‍ ഉറപ്പിച്ചു... അടുത്ത ആഴ്ച മേലെക്കാവില്‍ പൂരത്തിന് .. പച്ച ബസ്.. അതിനിടയില്‍ ഒരു ശനിയാഴ്ചയും ഉണ്ട്... അച്ഛന്‍ കണ്ണൂരില്‍ നിന്നും വരുന്ന വാരാന്ത്യം.. ഒരു അഞ്ചു രൂപ പൂരം കാണാന്‍ ചോദിച്ചാല്‍ തരാതിരിക്കില്ല എന്നുറപ്പും ഉണ്ടായിരുന്നു... എന്നാലും ചെറിയ തോതില്‍ ഒരു കലാപം ഉണ്ടാക്കി മാത്രമേ അച്ഛന്റെ കൈയ്യില്‍ നിന്ന് കാശ് വസൂലക്കനോത്തുള്ളൂ... കൂട്ടത്തില്‍ വേണ്ട തറി പറിച്ചു കൈയ്യില്‍ നിന്ന് തുടയില്‍ രണ്ടടിയും വാങ്ങിക്കേണ്ടി വന്നു... എന്നാലെന്താ.. പുലര്‍ച്ചയ്ക്ക് പോവുന്നതിനു മുമ്പ് അമ്മയുടെ കൈയ്യില്‍ കൊടുത്തു വെച്ചിരുന്നു പച്ച നിറത്തിലുള്ള അഞ്ചു രൂപ നോട്ടു ... പച്ച ബസ്സിനു പച്ച നോട്ട്‌..

രാവിലെ ഗെയ്റ്റിനു മുമ്പില്‍ ആന എഴുന്നള്ളിച്ചു പോവുമ്പോ പിന്നാലെ പോവുന്ന ബലൂണ്‍കാരന്റെ കൈയ്യില്‍ ഉണ്ടായിരുന്നില്ല.. "ബസ്സൊക്കെ കിട്ടാന്‍ പൂരപ്പറമ്പില്‍ പോണം കുട്ട്യേ.. ഇവിടെ പീപ്പീം ബലൂണും വേണങ്കി തരാം" ബലൂണ്‍ കാരന്‍ വെളുക്കെ ചിരിച്ചു... "എപ്പോഴാ പൂരം കാണാന്‍ പോവാ" . അമ്മയോട് ചോദിച്ചിട്ടും കേള്‍ക്കാത്ത ഭാവം.. മുത്തശ്ശന്‍ ആണെങ്കി സ്ഥലത്തില്ല താനും.. "ഡാ രേവ്യെ നീ എപ്പോളാ പൂരം കാണാന്‍ പോണേ..." അമ്മൂമ്മ ചോദിക്കുന്ന കേട്ടു.. "പോവുമ്പോ അനീന്കുട്ടനെ കൂടി കൊണ്ട് പോയി ആ അമ്പല പറമ്പിലൊക്കെ ഒന്ന് കാട്ടി വാ" "പറമ്പ് തിരിച്ചു കഴിഞ്ഞാല്‍ പോവാം.." രവിയുടെ മറുപടി കേട്ടപ്പോള്‍ ആശ്വാസമായി.. സാധാരണ അയാളുടെ കൂടെ പുറത്തു പോവാന്‍ ഒരു ഇഷ്ടവും ഇല്ലാത്തതാണ്.. ബീഡിയുടെ മണം എനിക്ക് മണം പിരട്ടും.. അവന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുക ആണെങ്കില്‍ പടി കടന്നാല്‍ ആദ്യം തന്നെ ബീഡി കത്തിക്കും... പിന്നെ വീട്ടില്‍ തിരിച്ചെത്തുന്ന വരെ പുകച്ചു കൊണ്ടേ ഇരിക്കും...

പറമ്പ് തിരിക്കാന്‍ മേലൂരില്‍ നിന്നും അയ്യപ്പന്‍ നായര്‍ കൊണ്ട് വന്നാക്കിയതാണ് രവിയെ.. ആദ്യം രവിയുടെ കൂടെ ഭാസ്കരന്‍ ഉണ്ടായിരുന്നു.. രണ്ടാള്‍ കൂടിയാണ് പത്തായപ്പുരയുടെ ചായ്പില്‍ താമസിച്ചിരുന്നത്.. പിന്നൊരു ദിവസം രാത്രി ഭാസ്കരന് "കരിമാന്‍" കയറി.. അന്ന് രാത്രി മുഴുവന്‍ മുറ്റത്ത്‌ കൈ കുത്തി നടന്നു, തെങ്ങില്‍ പൊതി പിടിച്ചു കയറി, കുറെ ബഹളം വെച്ചു. ഞങ്ങള്‍ പിള്ളേരെ ഒക്കെ നാല് കെട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.. ആരൊക്കെയോ ചേര്‍ന്ന് അടക്കി നിര്‍ത്തി ഭാസ്കരനെ ഒരുവിധം ചായ്പ്പിലെ മുറിയില്‍ ഇട്ടു പൂട്ടി... രാവിലെ മണ്ണൂരില്‍, അയാളുടെ നാട്ടില്‍ നിന്ന് ആരൊക്കെയോ വന്നു കൂട്ടി കൊണ്ടുപോയി.. പിന്നെ ഭാസ്കരന്‍ സ്വാമിയായി, ആശ്രമം ഒക്കെ തുടങ്ങി എന്നൊക്കെ ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു... പക്ഷെ അതിനു ശേഷം രവി മാത്രമേ സ്ഥിരം പണിക്കു നിന്നിരുന്നുള്ളൂ... കൂടെ പറമ്പ് തിരിക്കാന്‍ നാട്ടില്‍ നിന്ന് തന്നെ കുഞ്ഞേട്ടന്‍ കൂടി. അങ്ങിനെ കുറെ നാള്‍.  പിന്നെ എല്ലാ പറമ്പിലും ഇലക്‌ട്രിക് കണക്ഷന്‍ ആയി "കന്ന് തേക്ക്" അവസാനിക്കുകയും ചെയ്തു. ഒരാളെക്കൊണ്ട് ചെയ്യാവുന്ന പണിയായി പറമ്പ് തിരി മാറി...

രവി പറമ്പ് തിരി കഴിഞ്ഞു വന്നപോഴേക്കും പന്ത്രണ്ടു മണി ആയിരുന്നു.. പിന്നെ കുളിക്കാന്‍ പോയി, ഊണ് കഴിച്ചു പുറപ്പെട്ടു വന്നപ്പോളാവട്ടെ രണ്ടു മണി. അത് വരെ കുറെ നേരം ഗേറ്റില്‍ പോയി നിന്ന് പൂരം കാണാന്‍ പോവുന്നവരെയും വരുന്നവരെയും നോക്കി നിന്നു സമയം കളഞ്ഞു. അച്ഛനമ്മമാരുടെ കൈ പിടിച്ചു വരുന്ന എല്ലാ കുട്ടികളുടെയും കൈയ്യില്‍ ഉണ്ട് എന്തെങ്കിലും ഒരു കളിപ്പാട്ടം.. മത്തങ്ങാ ബലൂണ്‍, പീപ്പി, "റൊട്ടി കപ്പട മകാന്‍" എന്ന സിനിമയുടെ ഫിലിം ഉള്ള വ്യൂ മാസ്റെര്‍, തോക്ക് ... അങ്ങിനെ അങ്ങിനെ.. ഒരു കുട്ടിയുടെ കൈയ്യില്‍ കണ്ടു ചുവന്ന ബസ്സ്‌... അതോടെ സമാധാനമായി... ആവൂ ഇനി അവിടെ ഇല്ലാതിരിക്കില്ല. ചോപ്പ് ബസ്സുന്ടെങ്കില്‍ പച്ചയും കാണും.... അതിനിടയില്‍ എപ്പോഴോ ഒന്ന് ഊണ് കഴിച്ചു എന്നും വരുത്തി... "എന്നാ പോവാം" .മുടിയിലെ കിളിക്കൂട്‌ എണ്ണ തേച്ചു മിനുക്കി പൂത്തുലഞ്ഞ ഷര്‍ട്ടും ബെല്‍ബോട്ടം പാന്റും ഇട്ടു രവി വന്നു വിളിച്ചൂ..

വേഗം ചാടി എഴുന്നേറ്റു.. ഞാന്‍ ഗേറ്റില്‍ എത്തിയപ്പോള്‍ അമ്മ പറയുന്നത് കേട്ടു.. "ഡാ ആ  ട്രൌസര്‍ മാറ്റ്.... പുറത്തേക്കു പോവല്ലേ..." "കുട്ട്യോട് പറെണതു  കേട്ടില്ലേ.." രവി ചോദിച്ചിട്ടും ഞാന്‍ വേഗം നടന്നു "പിന്നെ ഇപ്പൊ ട്രൌസര്‍ മാറ്റല്ലേ കാര്യം.. വേഗം വാ.." വെയില്‍ തിളക്കുന്നതും വക വെക്കാതെ ഞാന്‍ വേഗം നടന്നു.. ഇടയ്ക്കു നോക്കി രവി കൂടെ ഇല്ലേ എന്നുറപ്പ് വരുത്തി... രവിയുടെ കൂടെ പുറത്തിറങ്ങിയാല്‍ അടുത്ത പ്രശനം ആള് ഒരു ഇഴഞ്ഞ പന്ത്രണ്ടാ എന്നുള്ളതാണ്.. സിനിമ പോസ്റ്റര്‍ കണ്ടാലും.. ഏതെങ്കിലും പെണ്‍കുട്ട്യോളെ കണ്ടാലും സ്വിച്ചിട്ട പോലെ അവിടെ നിക്കും... പൂരം ആയതു കൊണ്ട് റോട്ടില്‍ മുഴുവന്‍ പെണ്‍കുട്ട്യോളും.. എന്റെ ക്ഷമയും രവിയുടെ വേഗവും... ചേരാതെ ചേരാതെ എങ്ങിനെയോ കൊയ്ത്തു കഴിഞ്ഞ പാടവും കടന്നു ഞങ്ങളെ പൂരപ്പറമ്പില്‍ എത്തിച്ചു.. അവിടെ എത്തിയപ്പോഴേക്കും വിയര്‍ത്തു കുപ്പായം കുതിര്‍ന്നിരുന്നു... "കുട്ടിക്ക് വെള്ളം കുടിക്കണോ?" "വേണ്ട" .. എന്റെ കണ്ണുകള്‍ പറമ്പ് മുഴുവന്‍ പരതുകയായിരുന്നു.. എവിടെയാണ് കച്ചോടക്കാര്‍.. ഉച്ച തിരിഞ്ഞത് കൊണ്ട് തിരക്ക് കുറച്ചു ഒഴിഞ്ഞ പൂരപ്പറമ്പ് എഴുന്നള്ളിപ്പ് കഴിഞ്ഞ ഒന്ന് രണ്ടാനകളെ അവിടെ മരത്തില്‍ തളചിരിക്കുന്നു.. വലിയ തിരക്കില്ല.. വലിയ പ്ലാസ്റിക് ചാക്കുകളില്‍ പൊരിയും, ആറാം നമ്പരും, തുപ്പല് മിട്ടായിയും, ഈച്ച ആര്‍ക്കുന്ന ബഹുവര്‍ണ അലുവകളുമായി.. കച്ചവടക്കാര്‍.. പിന്നെ പതിവ് പോലെ മരഎടുപ്പില്‍ കുത്തി വെച്ച ബലൂണുകളും, കാറുകളും.."എവിടെയാ ബസ് വാങ്ങാന്‍ കിട്ട്വാ?" എന്റെ ചോദ്യം രവിയെ ബാധിചാതെ ഇല്ല. രവിയുടെ ശ്രദ്ധ മുഴുവന്‍ വളയും മാലയും വിക്കുന്ന കടകളിലെക്കാന്.. കുപ്പി വളകളും, കുങ്കുമവും, ചാന്തു കൂട്ടുകളും... പല നിറത്തിലുള്ള പാവാടകളും.. ദാവണികളും... സുന്ദരിമാരുടെ പൂരം... കുടമാറ്റം.. വീണ്ടും പോക്കറ്റില്‍ നിന്നു ആ അഞ്ചു രൂപ എടുത്തു. ഒന്ന് കൂടി നോക്കി.. അപ്പോഴാണ്‌ ആലിന്റെ മറവില്‍ പ്ലാസ്റിക് പായയില്‍ ചാച്ച്‌ഇറക്കിയ ആ കൊച്ചു കട കണ്ടത്... അവിടെ മരം കൊണ്ടുണ്ടാക്കിയ കളി സാമാനങ്ങള്‍.. ബസ്സുകള്‍ , ചാട്ട്, ഓട്ടോ റിക്ഷ... പിന്നെയും എന്തൊക്കെയോ...

കാശ് പോക്കറ്റില്‍ തന്നെ തിരിച്ചു തിരുകാന്‍ നോക്കി അങ്ങോട്ട്‌ നടക്കാന്‍ തുടങ്ങുമ്പോഴാണ് പോക്കറ്റില്‍ നിന്നും ഊര്‍ന്നു നോട്ട്‌ നിലത്തു വീണത്‌.. ചെറിയ കട്ടില്‍ ആ നോട്ട്‌ ഒന്ന് നീങ്ങി.. ഞാന്‍ അതിനു പിറകെ.. അപ്പോഴാണ്‌ കാറ്റത്ത്‌ നീങ്ങിയ ആ നോട്ടിനു മുകളില്‍ ഒരു കാല്‍ ഉയര്‍ന്നു താണത്.. ചെരിപ്പിടാത്ത ആ കറുത്ത് തടിച്ച ആ കാല്‍ ആ നോട്ടിനു മുകളില്‍ അമര്നിരുന്നു.. നോട്ടില്‍ മാത്രം നോക്കിയിരുന്ന ഞാന്‍ മുഖം ഉയര്‍ത്തി.. എണ്ണ കാണാത്ത പാറി പറക്കുന്ന ചുരുണ്ട മുടി.. ചോര കണ്ണുകള്‍.. കപ്പട മീശ.. അയാളുടെ മുഖത്തേക്ക് നോക്കിയാ എന്നോട് പുരികം ഉയര്‍ത്തി യാതൊരു മയവും കൂടാതെ അയാള്‍ മൂളി .. "ഊം..." ഞാന്‍, അയാളുടെ മുഖത്തേക്ക് ദയനീയമായി നോക്കി യതല്ലാതെ ഒരു വാക്ക് പോലും ഉച്ചരിച്ചില്ല.. ഒരു നിമിഷം.. പിന്നെ ഞാന്‍ തിരിഞ്ഞു നടന്നു അല്ല.. രവിയുടെ അടുത്തേക്ക് ഓടി.. രവി അപ്പോഴും വളക്കടകള്‍ക്ക് മുന്നിലെ തിരക്കില്‍ കണ്ണുടക്കി നില്‍ക്കുന്നു... പരിഭ്രമത്തോടെ ഞാന്‍ രവിയുടെ കൈ വലിച്ചു .. "വാ പോവാം.." "എന്ത് പറ്റി.. ആനേക്കണ്ട് പേടിച്ചോ?" ഞാന്‍ കുറച്ചു ധൈര്യം സംഭരിച്ചു അങ്ങോട്ട്‌ ഒന്നുകൂടി നോക്കി .. അയാള്‍ അവിടെ നിന്നും അനങ്ങാതെ എന്നെ തന്നെ തുറിച്ചു നോക്കി നില്‍ക്കുന്നു.. പിന്നെ ഒന്ന് കൂടി നോക്കാന്‍ ഉള്ള ധൈര്യം എനിക്കുണ്ടായില്ല ..രവിയുടെ കൈ വലിച്ചു .."എനിക്ക് പോണം.." "തൂറാന്‍ മുട്ടുണ്ടാ.. മൂത്രോഴിക്കണാ... " രവി സാധ്യതകള്‍ പലതും ചോദിച്ചു കൊണ്ടിരുന്നുവെങ്കിലും ഞാന്‍ ഒരു മറുപടിയും കൊടുത്തില്ല.. അണക്കുന്ന വേഗത്തില്‍ നടന്നു...

രവിയുടെ കൈ പിടിച്ചു വലിച്ചാണ് ഞാന്‍ തിരച്ചു നടന്നത്. എതിരെ വരുന്ന ഏതൊക്കെയോ കുട്ടികളുടെ കൈയ്യില്‍ പച്ച ബസ്സുണ്ടായിരുന്ന പോലെ.... എങ്ങിനെ വീട്ടില്‍ എത്തി എന്നും ഞാന്‍ അറിഞ്ഞില്ല.. ആ വിയര്‍പ്പോടെ തെക്കിനിയില്‍ അമ്മൂമ്മയുടെ കിടക്കയിലേക്ക് കമിഴ്ന്നു വീഴുകയായിരുന്നു.. "എന്താ രവീ കുട്ടിക്ക് പറ്റീത്.." "എന്താവോ ..നിക്കൊന്നും അറീല്ല.. അതിനു വയട്ടിനു അസുഖയിരിക്കുന്നാ തോന്നണേ.. അവിടുന്ന് പെട്ടന്ന് പോരായിര്‍ന്നു.." "അവിടെ കതിന പൊട്ടിച്ചോ?".. പിന്നേം അമ്മയും അമ്മമ്മയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. കമിഴ്ന്നു കിടന്നു കുറെ കരഞ്ഞു.. എപ്പോഴോ അമ്മയുടെ നേര്‍ത്ത വിരലുകളും അമ്മൂയും ചുളിഞ്ഞ വിരലുകളും എന്റെ മുടിയിഴകളില്‍ തഴുകിയിരുന്നു... എന്റെ കവിളിലെ കണ്ണീര്‍ തുടച്ചിരുന്നു... എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി... ...