ചൊവ്വാഴ്ച, നവംബർ 22, 2011

മുല്ലപ്പെരിയാറില്‍ നമുക്ക് ചെയ്യാവുന്നത്

ഒന്ന് രണ്ടു ദിവസം മുന്‍പ് ഒരു സുഹൃത്തിന്റെ ഈ വിഷയത്തിലുള്ള ഒരു പോസ്റ്റില്‍ വളരെ നിരുത്തരവാദപരമായി "ഒരു സിനിമയുടെ പ്രചാരണആയുധം" എന്ന വിവക്ഷയില്‍ ഒരു കംമെന്റിടുകയും, അത് മാപ്പപേക്ഷിച്ചു പിന്‍ വലിക്കുകയും ചെയ്തിരുന്നു... ആ വീണ്ടു വിചാരം ഇല്ലാത്ത ബാലിശമായ പ്രവര്‍ത്തിയിലുള്ള കുറ്റബോധവും ലജ്ജയും കൊണ്ട് കഴിഞ്ഞ രണ്ടു ദിവസങ്ങാളായി ഞാന്‍ ഈ പ്രശ്നത്തെ കുറിച്ച് കൂടുതല്‍ വിശകലനം ചെയ്യാനും നമുക്ക് അതിനു എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് മനസ്സിലാക്കാനും കുറെ സമയം വിനിയോഗിച്ചു.. അതിന്റെ പരിണിതഫലമാണ് ഈ കുറിപ്പ്.

ഞാന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി "അതിര്‍ത്തിക്കപ്പുറം" ആയിരുന്നു. ഇതേ കുറിച്ച് തമിഴന്‍ എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാന്‍... ഈ വിഷയങ്ങളിലുള്ള അവരുടെ ഫോറങ്ങള്‍ കയറി ഇറങ്ങി (ഭാഷ പരിമിതി മൂലം ഇംഗ്ലീഷില്‍ ഉള്ളവ മാത്രമായിരുന്നു അവയധികവും). അതില്‍ നിന്നും വ്യക്തമാകുന്ന ഒരു കാര്യം എന്താണ് എന്ന് വെച്ചാല്‍ അവരുടെ ഭാഗത്ത്‌ പ്രധാനമായും അതിവൈകാരികത ഉണര്താനാണ് ശ്രമം നടക്കുന്നത്.. മലയാളിയെ തെറി പറയാനാണ് മിക്കവര്‍ക്കും താല്പര്യം (നമ്മളും തിരിച്ചു പറയാന്‍ ഒട്ടും പിന്നിലല്ല എന്ന് കൂടി പറയട്ടെ). പല തരത്തില്‍ പറയുകയാനെങ്കിലും പ്രധാനമായും അവര്‍ മൂന്നു വാദമുഖങ്ങള്‍ ആണ് നിരത്തുന്നത്

1) ഡാമിന്റെ കാല പഴക്കം മൂലം തകരും എന്ന പ്രചരണം എന്ന് നമ്മള്‍ മലയാളികള്‍ വെറുതെ പറയുന്നതാണ്. ഇതിലും പഴക്കം ഉള്ള ഡാമുകള്‍ ലോകത്ത് പലതുമുണ്ട്.

2) പുതിയ ഡാം എന്നാല്‍ തമിഴന് വെള്ളം നിഷേധിക്കാനുള്ള ഒരു തന്ത്രമാണ്, മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഇല്ലെങ്കില്‍ അഞ്ചു ജില്ലകളില്‍ ഒരു പുല്ലു പോലും മുളക്കില്ല.

3) മൂന്നാമതെത് എന്നാല്‍ പ്രധാനമായുള്ളത് ഈ വിഷയത്തില്‍ ഡാം കെട്ടാന്‍ അനുവദിച്ചാല്‍ അത് തമിഴ് ദേശീയതയുടെ അല്ലെങ്കില്‍ സത്വ ബോധത്തിന്റെ ഒരു കീഴടങ്ങലാണ്... അത് വക വെച്ച് കൂടാ.

ബാക്കി എല്ലാ വാദങ്ങളും ഒരു ആശയവുമില്ലാത്ത  വെറും ഗോഗ്വാ വിളികളും അസഭ്യഭാഷണങ്ങളും മാത്രമാണ്. ഇനി ഇതില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും?  ഈ സന്നിഗ്ധ ഘട്ടത്തില്‍ ഇതില്‍ അതി വൈകാരികത കലര്‍ത്തി ഏറ്റുമുട്ടലിന്റെ പാതയിലേക്ക് പോവുന്നത് കനത്ത നഷ്ടം നമുക്കുണ്ടാകും (അങ്ങിനെയാണ് ഇതിന്റെ വൈകാരിക വശം ചൂഷണം ചെയ്യാനുള്ള തല്‍പ്പരകക്ഷികള്‍ ആഗ്രഹിക്കുന്നത്) അത് കൊണ്ട് വിവേകപൂര്‍വ്വം ബുദ്ധി ഉപയോഗിച്ച്, ആശയപരമായ പ്രതിരോധത്തിലൂടെയും തമിഴനെ ബോധവല്‍ക്കരിച്ചു നേടുന്ന അഭിപ്രായസമന്വയതിലൂടെയും മാത്രമേ നമുക്ക് ക്ഷിപ്രപരിഹാരത്തിന്റെ പാതയിലേക്ക് കടക്കാനാവൂ.

ഇവിടെ നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌ വിവേകത്തിന്റെ ഭാഷയില്‍, വൈകാരികത കലര്‍ത്താതെ, അവര്‍ വായിക്കുന്ന ഫോറങ്ങളില്‍, പ്രതികരിക്കുന്ന വേദികളില്‍ ആശയങ്ങളില്‍ ഊന്നി കാര്യ മാത്ര പ്രസക്തമായി പ്രതികരിക്കുക. അവിടെ ബോധപൂര്‍വം അസഭ്യതിന്റെയും വെല്ലുവിളിയുടെയും വായ്ത്താരികള്‍ക്ക് പിടി കൊടുക്കാതെ, അവരുടെ ദുര്‍ബലമായ വാദമുഖങ്ങളെ പോളിച്ചടുക്കുക.  ആദ്യത്തെ വാദം - നമ്മുടെ കൈയ്യില്‍ ഉള്ള തെളിവുകള്‍ ഉപയോഗിച്ച് യഥാതഥമായി ഡാമിന്റെ ദുര്‍ബല സ്ഥിതിയെപറ്റി.  ചോര്‍ച്ചയുടെ ചിത്രങ്ങള്‍, വാര്‍ത്തകള്‍ വീഡിയോകള്‍, എന്നിവ ക്രോടീകരിച്ചു പോസ്റ്റ്‌ ചെയ്യുക. ഇനി പഴക്കമുള്ള ഡാമുകളെ അവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിലും പഴക്കമുള്ള കെട്ടിടങ്ങള്‍, സ്ട്രക്ച്ചരുകള്‍ എന്നിവ തകരന്നതിന്റെ തെളിവുകള്‍ കൊടുക്കുക, എന്നിട്ട് നമുക്ക് അവരോടു തന്നെ ചോദിക്കാം "മുപ്പത്തഞ്ചു ലക്ഷം നിരപരാധികളുടെ ജീവന്‍ നിങ്ങള്ക്ക് ഒന്നോ രണ്ടോ പഴകിയ കെട്ടിടങ്ങള്‍ നില്‍ക്കുന്നതിന്റെ ചാന്‍സിന് വിട്ടു കൊടുക്കണോ" എന്ന്. 

രണ്ടാമത്തെ കാര്യം - വെള്ളം, തമിഴന്റെ ഏറ്റുവും വലിയ പ്രശ്നം "തണ്ണീര്‍"  തന്നെയാണ്. അവനെപ്പോലെ അതിന്റെ വില നമുക്കും മനസ്സിലാകും എന്ന് അവനെ ബോധ്യപെടുത്തുക. പുതിയ ഡാം എന്നത് അവന്റെ വെള്ളം മുട്ടിക്കാനുള്ളതല്ല എന്നും അത് വന്നാലും അവനു കിട്ടി കൊണ്ടിരിക്കുന്ന വെള്ളം ഡാം പുനര്നിര്മിചാലും തുടര്‍ന്നും ഉറപ്പിച്ചു കിട്ടാന്‍ കിട്ടാന്‍ നമ്മള്‍ അവന്റെ കൂടെ തോളോട് തോള്‍ ചേര്‍ന്ന് പോരുതുമെന്നുള്ള വാഗ്ദാനം അവനു കൊടുക്കുക. അവന്റെ വെള്ളം കുടി മുട്ടിക്കലല്ല നമ്മുടെ ലക്ഷ്യം എന്നും, ലക്ഷകണക്കിന് നിരപരാധികളുടെ ജീവന്‍ രക്ഷിക്കലാണ് എന്നും അവനെ ബോധ്യപെടുത്തുക.

ഇനി ഏറ്റവും കാതലായ പ്രശ്നം - ഒരു പുതിയ ഡാം നിര്‍മിക്കാന്‍ നമ്മളെ അനുവദിക്കുക എന്നത് ഒരിക്കലും ഒരു കീഴടങ്ങല്‍ അല്ല എന്നത് അവനെ ബോധ്യപെടുത്തുക... അത് തമിഴ് ദേശീയതയുടെ തിളക്കമാര്‍ന്ന വിജയമാണ്... അവരുടെ ഹൃദയ വിശാലതയുടെ, നല്ല മനസ്സിന്റെ പ്രതിഫലനമാണ്. നമ്മള്‍ ആഗ്രഹിക്കുന്നത് ഐക്യമാണ് ശിധിലീകരണം അല്ല എന്ന് വ്യക്തമാക്കുക. നമ്മള്‍ അവന്റെ ദേശീയ ബോധത്തെ, സത്വത്തെ ബഹുമാനിക്കുന്നു എന്ന് പ്രഖ്യാപിക്കുക. ആ ബോധം അവനില്‍ ഉണര്തുകയാണ് വേണ്ടത്.. തമിഴന്‍ നമ്മുടെ സഹോദരന്‍ ആണ്. അല്ലാതെ ശത്രു അല്ല എന്ന് നമ്മള്‍ വിശ്വസിക്കുക, അവനില്‍ വിശ്വാസം ഉണര്‍ത്തുക. അല്ലാതെ നമ്മളും അപക്വമായ ഭാഷയില്‍ ഏറ്റുമുട്ടല്‍ നടത്തിയാല്‍, പ്രശനം കൂടുതല്‍ സന്കീര്‍ണമാവും. ഇവിടെ ഏറ്റുമുട്ടല്‍ അല്ല മാര്‍ഗം... സമന്വയം ആണ്.


ഇനി ഇത് എങ്ങിനെ അവനില്‍ എത്തിക്കാം?. ഇവിടെ നമ്മള്‍ ഒറ്റകെട്ടായി എല്ലാ തമിഴന്‍ പ്രതികരിക്കുന്ന എല്ലാ വേദികളിലും ഈ ആശയങ്ങള്‍ പക്വമായി, വിവേകപൂര്‍വ്വം, സ്നേഹത്തിന്റെ ഭാഷയില്‍ മുന്നോട്ടു വെക്കുക (അതെ തുടര്‍ന്ന് ഉണ്ടാകിയേക്കാവുന്ന അതിവൈകാരിക പ്രതികരണങ്ങള്‍ പൂര്‍ണമായും അവഗണിച്ചു കൊണ്ട്). തമിഴ് അറിയുന്ന സുഹൃത്തുക്കള്‍ അതിനു മുന്നോട്ടു വരിക... അത് കൂടാതെ ശബരി മലയില്‍ ഗുരുവായൂരില്‍ ഈ തീര്‍ഥാടന സീസണില്‍ എത്തുന്ന തമിഴരെ ബോധവല്‍ക്കരിക്കുക, തമിഴിലുള്ള ലഘു ലേഖകള്‍, അല്ലെങ്കില്‍ വീഡിയോ പ്രദര്‍ശനം, പോസ്റ്ററുകള്‍ എന്നിവ ഒട്ടും പ്രകപോനകരമാല്ലാതെ, സമചിത്തതയോടെ അവരിലെതിക്കുക. നമ്മളില്‍ ആവാവും വിധം വൈകാരികതയുടെ അഗ്നി ആളി കത്താതെ നോക്കുക. അതാണ്‌ നമ്മള്‍ ചെയ്യേണ്ടത്. സന്തോഷ് പണ്ടിട്ടും പ്രിതിവിരാജും കുറച്ചു നേരത്തേക്ക് റസ്റ്റ്‌ എടുക്കട്ടെ... നമുക്ക് മുന്നോട്ടു നീങ്ങാം.

ഞായറാഴ്‌ച, നവംബർ 20, 2011

മനസ്സില്‍ ഇടം നേടിയ പത്തു ചിത്രങ്ങള്‍..


എന്റെ മനസ്സില്‍ ഇന്നും തങ്ങി നില്‍ക്കുന്ന പത്തു സിനിമകളുടെ ഒരു പട്ടിക... പ്രിയപ്പെട്ട നൂറു ചിത്രങ്ങള്‍ തിരഞ്ഞെടുത്തു കൊണ്ട് നടക്കുന്ന ആ ത്രെഡ് തന്നെ ഈ കുറിപ്പിന്റെ പ്രചോദനം... പത്തു  മുപ്പതു വര്‍ഷമായി കാണുന്ന സിനിമകള്‍ക്കിടയില്‍ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന പത്തു മലയാളം സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍.. സ്ഥിരം സിനിമ കണ്ടു പോന്ന ഒരു കാലഘട്ടത്തില്‍ നിന്നും കൂടുതല്‍ ചിത്രങ്ങള്‍ വന്നത് സ്വാഭാവികം. ഓരോ ചിത്രവും അത് കണ്ട കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍,  അത് കണ്ട പ്രായത്തിന്റെ പരിഗണനയില്‍ ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.. ഇന്ന് ഇരുന്നു കാണുകയാണെങ്കില്‍ അതെ ചലച്ചിത്രാനുഭവം ഉണ്ടായി കൊള്ളണം എന്നില്ല.. ഓരോന്നും ഇഷ്ടപ്പെടാനും ഓര്‍മയില്‍ സൂക്ഷിക്കാനും ചില പ്രത്യേക കാരണങ്ങള്‍ ഉണ്ട്... ഒരു പ്രധാനപെട്ട വസ്തുത ഈ സിനിമകളില്‍ പലതും ഞാന്‍ ഒന്നോ രണ്ടോ തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്നതാണ്.പതിവായി എന്നും ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ഈ പട്ടികയില്‍  ചുരുക്കമാണ്. അത് കൊണ്ട് തന്നെ ആദ്യമായി കണ്ടപ്പോള്‍ മനസ്സില്‍ കയറിക്കൂടാനും, അത് ഇത്രയും കാലമായി തന്നെ മനസ്സില്‍ നില നില്‍ക്കാനും തക്കതായ എന്തോ ഈ സിനിമകളില്‍ ഉണ്ട് എന്നുള്ള ഒരു തോന്നലും.അവ വ്യക്തമായ ഒരു ഓര്‍ഡറില്‍ അല്ല എന്ന് കൂടി പറഞ്ഞു വെച്ച് നേരിട്ട് പട്ടികയിലേക്ക് ...

1. തനിയാവര്‍ത്തനം - ഒരു സിനിമ അതിന്റെ ഹാങ്ങ്‌ ഓവറില്‍ കുറച്ചു ദിവസങ്ങള്‍. അപൂര്‍വമായ ഒരു അനുഭവം ആണ് അത്. കണ്ടു കഴിഞ്ഞു തീയറ്റെരില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ പല ചലച്ചിത്രങ്ങളെയും  മറക്കാനും വെറുക്കാനും തുടങ്ങുന്ന ഈ കാലഘട്ടത്തില്‍. ഒരു പക്ഷെ  ഇനി ഒരിക്കല്‍ കൂടി ഈ സിനിമ ഇരുന്നു കാണാന്‍പറഞ്ഞാല്‍ ഞാന്‍ ധൈര്യം കാണിക്കില്ല..കാരണം എന്നെ ഒരു പാട് വേദനിപ്പിച്ച ഒരു സിനിമ ആണ് തനിയാവര്‍ത്തനം. അത്രക്കും മനസ്സിനെ സ്പര്‍ശിച്ചു മരുതെമ്പള്ളി ബാലന്‍ മാസ്റ്റര്‍. ആ കഥാപാത്രത്തിന്റെ ദുരന്തം തനിക്കും സംഭവിക്കാവുന്നതാണ് എന്ന് തോന്നലാവാം, ആ സിനിമയില്‍ കണ്ട അന്തരീക്ഷം വളരെ പരിചിതമായിട്ടുള്ളതായതാവാം (identify ചെയ്യുന്ന). എന്തോ... മനസ്സിനെ സ്പര്‍ശിച്ചു എന്ന് എടുത്തു പറയാവുന്ന ഒരു ചലച്ചിത്രാനുഭവം ആയിരുന്നു തനിയാവര്‍ത്തനം... ഒരേ ഒരിക്കല്‍ മാത്രം അതും പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍, കണ്ട സിനിമയാണ്. പല രംഗങ്ങളും ഇപ്പോഴും അതേപടി മനസ്സില്‍ പതിഞ്ഞിരിപ്പുണ്ട്...

2. പാദമുദ്ര - മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല രണ്ടു കഥാപാത്രങ്ങള്‍  ഈ ഒരൊറ്റ സിനിമയില്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മാതു പണ്ടാരം എന്ന അച്ചനും സോപ്പ് കുട്ടപ്പന്‍ എന്ന മകനും. അദ്ദേഹത്തിനു അഭിനയകലയുടെ സകല ഭാവങ്ങളും പ്രതിഫലിപ്പിക്കാന്‍ വേണ്ട വക ആ കഥാപാത്രങ്ങളില്‍ ഒരുക്കി വെച്ചിരുന്നു എന്നത് എം സുകുമാരന്റെ കഴിവ്. ക്രിസ്തുവിന്റെ കുരിശാരോഹണത്തെ അനുസ്മരിപ്പിക്കുന്ന കുട്ടപ്പന്റെ എല്ലാ വേദനകളുടെ വേലിക്കെട്ടുകളും പേറി കൊണ്ടുള്ള മലകയറ്റം ഉള്ളിന്റെ ഉള്ളില്‍ കൊളുത്തി വലിച്ചിരുന്നു. അവാര്‍ഡുകള്‍ ഒന്നും ആ സിനിമയ്ക്കോ ആ സിനിമ വഴി മോഹന്‍ലാലിനോ കിട്ടിയില്ല എന്നാണു ഞാന്‍ ഓര്‍ക്കുന്നത്... പക്ഷെ ഭാരതത്തിലെ രാമനാഥന്റെയും, കിരീടത്തിലെ സേതു മാധവന്റെയും മുകളില്‍ ഞാന്‍ ഈ കഥാപാത്രങ്ങളെ പ്രതിഷ്ടിക്കുന്നു.

3. യവനിക - ഈ സിനിമ അക്കാലത്തു ഒരു വ്യത്യസ്തമായ അനുഭവം ആയിരുന്നു എന്നാ ക്ലീഷേ തന്നെ പ്രയോഗിക്കേണ്ടി വരും. കണ്ടു മടുത്ത കുറ്റാന്വേഷണ കഥകളില്‍ നിന്നൊക്കെ വ്യത്യസ്തമായി,  പിരിമുറുക്കം ഒട്ടും ചോരാതെ തന്നെ ആഖ്യാനത്തിലും അന്തരീക്ഷത്തിലും  സ്വാഭാവികത കലര്‍ത്താന്‍ കെ ജി ജോര്‍ജ്ജ് എന്ന ചലച്ചിത്രകാരന് കഴിഞ്ഞു എന്നത് ഒരു ചെറിയ കാര്യമല്ല... തബലിസ്റ്റ് അയ്യപ്പന്‍ മുതല്‍ ഈരാളി വരെ... ഒന്നിനൊന്നു മികച്ച, കഥാപാത്രങ്ങള്‍... മനസ്സില്‍ തങ്ങി നില്‍ക്കുന്ന രീതിയില്‍ കോര്‍ത്തെടുത്തു എന്നതും മറ്റൊരു സംഗതി. വീണ്ടും വീണ്ടും കാണുമ്പോളും ആസ്വദിക്കാന്‍ കഴിയുന്ന ഒരേ ഒരു കുറ്റാന്വേഷണ ചിത്രം എന്ന് യവനികയെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല... അത്  പോലെ തന്നെ ഒട്ടും പരിചിതമല്ലാതിരു നാടകലോകം എന്ന പശ്ചാത്തലത്തെന്ന അതിന്റെ എല്ലാ തനിമയോടും കൂടി  അവതരിപ്പിച്ചു എന്നതും.  മസ്സില്‍ പിടിക്കാതെ, ഘന ഗംഭീരന്‍ ഡയലോഗുകള്‍ ഇല്ലാതെ ഒരു കുറ്റാന്വേഷകനെ അവതരിപ്പിച്ചു എന്നത് അക്കാലത്തെ ഒരു മറക്കാനാവാത്ത അനുഭവം...

4. പഞ്ചവടിപ്പാലം - യവനിക പോലെ തന്നെ മറ്റൊരു landmark ചലച്ചിത്രമാണ് പഞ്ചവടിപ്പാലം... അത് വരെ ആരും നടക്കാത്ത ഒരു വഴിയില്‍, നടക്കാന്‍ ധൈര്യം കാണിച്ച ഒരു സംവിധായകന്‍ ആയിരുന്നു കെ ജി ജോര്‍ജ്ജ് എന്ന് തെളിയിച്ച ഒരു സിനിമയായിരുന്നു പഞ്ചവടിപ്പാലം. പദ്മരാജന്‍ പദ്മരാജന്‍ എന്ന് നാഴികക്ക് നാല്‍പതു വട്ടം മന്ത്രം ചെല്ലുന്ന ഇന്നത്തെ മഹാന്മാര്‍ പഞ്ചവടിപ്പാലം, യവനിക, ഇരകള്‍, ആദമിന്റെ വാരിയെല്ല് എന്ന നാല് ചിത്രങ്ങള്‍ കണ്ടു നോക്കണം എന്ന് എനിക്ക് പറയാനുണ്ട്. പിന്നീട് വന്ന ചിത്രങ്ങള്‍ ഒന്നും ഈ നിലവാരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞു വെച്ചാലും അദ്ധേഹത്തിന്റെ മദ്ധ്യവര്‍ത്തി സിനിമകള്‍ക്കുള്ള സംഭാവനകള്‍ അവഗണിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു വെക്കട്ടെ. പഞ്ചവടിപ്പാലം എന്ന ഒരു ഒന്നാംതരം സറ്റയര്‍ . അതിനു ശേഷം ഇന്നേ വരെ ആര്‍ക്കും ഈ ജോണരില്‍ ഒരു സിനിമ നിര്‍മിക്കാന്‍ ഉള്ള ഒരു ശ്രമം പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല. ദുശാസന കുറുപ്പ്, പൂതനാമ്മ, ജീമൂതവാഹനന്‍, ബരാബാസ്... പേരുകളില്‍ പോലും നര്‍മം നിറച്ചു നിര്‍മിച്ച ഈ ചിത്രം ഇന്ന് കാണുമ്പോഴും അന്നത്തെ പോലെ പ്രസക്തമായ സാമൂഹിക വിമര്‍ശനം മുന്നോട്ടു വെക്കുന്നു എന്നത്  ഈ ചലച്ചിത്രത്തിന്റെ മലയാള സിനിമ ലോകത്തുള്ള സ്ഥാനം വ്യക്തമാക്കുന്നു.

5. സൂസന്ന - ടി വി ചന്ദ്രന്റെ സൂസന്ന എന്ന ചിത്രം പലരും മറന്നു പോയിരിക്കുന്നു... പക്ഷെ മലയാളി സമൂഹത്തിന്റെ നാണമില്ലാതെ കൊണ്ട് നടക്കുന്ന ഹിപ്പോക്രസിക്ക് നേരെ മുഖം അടച്ചുള്ള ഒരു അടി എന്ന നിലക്ക് എന്നെ വളരെ ആകര്‍ഷിച്ച ഒരു ചിത്രമാണ് സൂസന്ന. ആരും ഒരു പക്ഷെ ശ്രമിക്കാന്‍ മടിക്കുന്ന ഒരു വിഷയം കൈകാര്യം ചെയ്യാന്‍ ധൈര്യം കാണിച്ചു. അത് വളരെ കൈയ്യടക്കത്തോടെ അവതരിപ്പിച്ചു എന്ന രണ്ടു കാര്യങ്ങള്‍ സൂസന്നയെ എന്റെ പ്രിയപ്പെട്ട ഒരു സിനിമ ആക്കുന്നു. നമ്മുടെ മനസ്സാക്ഷിയെ കുത്തി നോവിക്കുന്ന സൂസന്നയെ പോലെ വളരെ ശക്തമായ ഒരു സ്ത്രീ കഥാപാത്രം പില്‍ക്കാലത്ത് ഒരിക്കലും നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ സസൂക്ഷ്മം കൈകാര്യം ചെയ്തില്ലായിരുന്നെങ്കില്‍ പാളി പോകുമായിരുന്ന ഒരു വിഷയമായിരുന്നു സൂസന്നയിലൂടെ ശ്രീ ചന്ദ്രന്‍ നമ്മോടു പറഞ്ഞത്. പക്ഷെ നമ്മുടെ എല്ലാം ഉള്ളിലുള്ള ഹിപ്പോക്രയിറ്റ് എത്രയും വേഗം അത്തരം കഥാപാത്രങ്ങളെ കാര്പെട്ടിന്‍ അടിയില്‍ ഒളിപ്പിച്ചു വെച്ച് വെളുക്കെ ചിരിച്ചു  മറവി ഭാവിച്ചു ഓടി പോകാനാണ് ശ്രമിച്ചത്.. എന്ത് പറഞ്ഞാലും എന്നെ സംബന്ധിച്ചേടത്തോളം ഒരു അതിശക്തമായ ഒരു കഥാപാത്രമായിരുന്നു സൂസന്ന..

6. വചനം - ഈ സിനിമ എന്ത് കൊണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ ഒറ്റവാക്കില്‍ പറയാം ... ഇത് പുറത്തു കൊണ്ട് വന്ന ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ ഇന്നും പ്രസക്തമായിട്ടുള്ള ഒരു പ്രതിസന്ധി, അത് ഇത്രത്തോളം ഗൌരവത്തോടെ  ഇത്രയും സാമൂഹിക പ്രതിബദ്ധതയോടെ ആരും പറഞ്ഞിട്ടുള്ളതായി ഞാന്‍ പിന്നീട് ഒരിക്കലും കണ്ടിട്ടില്ല. തന്റെ കണ്‍ മുന്‍പില്‍ നടന്ന ഒരു കുറ്റകൃത്യം കോടതിക്ക് മുന്നില്‍ തെളിയിക്കാന്‍ പറ്റാത്ത ഒരു ശരാശരി പൌരന്റെ നിസ്സഹായാവസ്ഥ, അതാണ്‌ വചനം കണ്ടപ്പോള്‍ എന്റെ മനസ്സില്‍ കയറി കൂടിയത്. പിന്നെ പറയുക ആണെങ്കില്‍ കാസ്ടിങ്ങില്‍ ശ്രീ ലെനിന്‍ രാജേന്ദ്രന്‍ കാണിച്ച ചില പുതുമകള്‍ അക്കാലത്തെ വളരെ അപൂര്‍വമായിരുന്ന ഒന്നായിരുന്നു. അത് വരെ സാത്വിക വേഷങ്ങളില്‍ മാത്രം നാം കണ്ടിട്ടുള്ള ചാരുഹാസന്റെ കണ്ണില്‍ എരിയുന്ന ക്രൌര്യ ഭാവം കണ്ടെത്തിയ സംവിധായകന്റെ സൂക്ഷ്മത, സുരേഷ് ഗോപിയെ, ജയറാമിനെ, ശ്രീവിദ്യയെ ... ഇവരെ ഒക്കെ അവരുടെ കംഫോര്ട്ട് സോണിനു പുറത്തിറക്കി എന്നിട്ടും തന്മയത്വം ഒട്ടും ചോരാതെ കാസ്റ്റ് ചെയ്തു... അത് വളരെ interesting ആയി തോന്നി.

7. താഴ്വാരം - തുടക്കം ഒരു പക്ഷെ ക്ലിന്റ് ഈസ്റ്റ്‌വുഡ് സിനിമകളെ അനുസ്മരിപ്പിച്ചു എങ്കിലും ഭൂപ്രകൃതി (landscape) ആഖ്യാനവുമായി ഇത്രയേറെ സന്നിവേശിച്ച ഒരു സിനിമയും മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്ന് പറയാം. ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ, അട്ടപ്പാടിയുടെ ചൂരും നിറവും സന്നിവേശിപ്പിച്ചു ഭരതന്‍ ഒരു വേള്‍ഡ് ക്ലാസ്സ്‌ ചലച്ചിത്രം ആണ് താഴ്വാരത്തിലൂടെ ഒരുക്കിയിരിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. എം ടി യുടെ സ്ക്രിപ്റ്റില്‍ ആവശ്യത്തില്‍ കവിഞ്ഞു ഒരു വാക്ക് പോലും ഇല്ല. തന്റെ ജീവന് വേണ്ടി പോരാടുന്ന നായകന്‍, കൊടും ക്രൂരതകള്‍ എത്രയോ ലാഘവത്തോടെ നിരവ്ഹിക്കുന്ന വില്ലന്‍... അതും ഒരു പുതുമയായിരുന്നു. നായകനും വില്ലനും എല്ലാം പതിവ് സങ്കല്‍പ്പങ്ങളെ തച്ചു തകര്‍ത്തു പുറത്തു വന്ന ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു താഴ്വാരം. ഭരതന്റെ ക്രാഫ്റ്മാന്‍ഷിപ്പ്, അതിന്റെ കൊടുമുടി ആയിരുന്നു താഴ്വാരം. മോഹന്‍ലാല്‍, സലിം ഘൌസ്, ശങ്കരാടി, സുമലത...  എക്കാലത്തെയും മികച്ച ഒരു ത്രില്ലെര്‍



8. വാസ്തുഹാര - ഒരു കാലഘട്ടത്തിന്റെ കഥ പറയാന്‍ വലിയ ആനയും അമ്പാരിയും ഒന്നും ആവശ്യമില്ല എന്ന് അരവിന്ദന്‍ എന്ന കലാകാരന്‍ തെളിയിച്ച സിനിമയാണ് വാസ്തുഹാര. ബന്ധങ്ങള്‍ അതിന്റെ തീവ്രത, ജീവിത പ്രതിസന്ധികളില്‍ തെളിയുമ്പോള്‍, ഉള്ളില്‍ കൊളുത്തി വലിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ഒട്ടും അതി ഭാവുകത്വം കൂടാതെ അവതരിപ്പിച്ചിരിക്കുന്നു അദ്ദേഹം. അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു പശ്ചാത്തലം, മോഹന്‍ലാലിന്റെയും, നീന ഗുപ്തയുടെയും, നീന ഗുപ്തയുടെ അമ്മയായി അഭിനയിച്ച പെരോര്‍മയില്ലാത്ത ആ ബംഗാളി നടിയുടെയും മിതത്വം പുലര്‍ത്തുന്ന അഭിനയം, identify ചെയ്യാവുന്ന ഒരു കഥാസന്ദര്‍ഭം, ഒരു കാലഘട്ടത്തിന്റെ കടും ചായം കലരാത്ത യഥാതഥമായ ആവിഷ്കാരം, അരവിന്ദന്റെ മറ്റു ചിത്രങ്ങളില്‍ (ഒരു പക്ഷെ ചിദംബരവും, ഒരിടത്തും ഒഴികെ) അനുഭവിച്ചിട്ടുള്ള ലാഗിന്റെ അഭാവം,  എന്നിവ വാസ്തുഹാര എന്ന ചലച്ചിത്രത്തെ എനിക്കിഷ്ട്ടപെട്ട ചിത്രങ്ങളുടെ പട്ടികയില്‍ എത്തിക്കുന്നു.

9. സദയം - ഒരു നടന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ കൈകാര്യം ചെയ്തിട്ടുള്ളതില്‍ വെച്ച് വളരെ റിസ്കി ആയ ഒരു റോള്‍ ആണ് സദയതിലെത്...ക്രൂരമായ കൊലകള്‍ നടത്തി തൂക്കി കൊല്ലാന്‍ വിധിക്കപ്പെട്ട ഒരു പ്രതിയോട് പ്രേക്ഷക മനസ്സില്‍ സഹാനുഭൂതി ജനിപ്പിക്കുക എന്നത് (അയാള്‍ രണ്ടു കൊച്ചു കുട്ടികളുടെ അടക്കമുള്ള ആ അരും കൊലകള്‍ ചെയ്തിട്ടുള്ളതാണ്‌ എന്ന സത്യം നില നില്‍ക്കെ) വളരെ ശ്രമകരമായ ഒരു ദൌത്യം ആണ് എന്നിരിക്കെ, ഒരു തിരക്കഥാകൃത്തും സംവിധായകനും അവരുടെ മനസ്സറിഞ്ഞു അഭിനയിച്ച ഒരു മഹാനടനും വളരെ അനായാസം അത് നിര്‍വഹിച്ചു എന്ന് പറയാതെ വയ്യ. ജീവിക്കാന്‍ അവസാന നിമിഷം മോഹിക്കുന്ന സത്യനാഥന്‍ കണ്‍കോണില്‍ പടര്‍ത്തിയ നനവ്‌... അത് പോലെ തന്നെ തിലകനും മുരളിയും അഭിനയിച്ചു പ്രതിഫലിപ്പിച്ച കഥാപാത്രങ്ങളും... സദയം എന്നും വേദനിപ്പിക്കുന്ന ഒരു ചലച്ചിത്രാനുഭവം ആണ് എനിക്ക്. കാക്കിക്കുള്ളില്‍ ആര്ദ്രതയുള്ള ഒരു മനസ്സ് സൂക്ഷിക്കുന്ന കഥാപാത്രങ്ങള്‍, തികച്ചും സാധാരണക്കാരായ കഥാപാത്രങ്ങളുടെ ഒറ്റ നോട്ടത്തില്‍ സ്വാഭാവികം എന്ന് ന്യായീകരിക്കാവുന്ന പ്രവര്‍ത്തികളിലെ അക്ഷന്ധവ്യമായ അപരാധങ്ങള്‍ .. പതിവ് ക്ലീഷേകള്‍ എല്ലാം പരമാവധി ഒഴിവാക്കി കൊണ്ട് സംവിധായകന്‍ സാക്ഷാത്കരിച്ച ഒരു മികച്ച ചിത്രം എന്തോ വിചാരിച്ച ജനശ്രദ്ധ നേടിയില്ല..

10. പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സൈന്റ്റ്‌ - കൂട്ടത്തില്‍  അവസാനമായി പുറത്തിറങ്ങി അധികം കാലമായിട്ടില്ലാത്ത ഈ ചിത്രവും. ഒരു പക്ഷെ ഉള്ളിന്റെ ഉള്ളിലെ ത്രിശൂര്‍ക്കാരന്‍ തല പോക്കിയതാവും... വേദനിപ്പിക്കുന്ന പൊള്ളുന്ന സിനിമകളെ മാത്രം ഓര്‍മിക്കുമ്പോള്‍, മുകളില്‍ ഒരു നുള്ള് മധുരം പോലെ പോസിറ്റീവ് ആയ ഈ ചലച്ചിത്രം കിടക്കട്ടെ എന്ന് കരുതിയതും ആവാം. ഒരു പാട് ചവറു സിനിമകള്‍ കാണുന്നതിന്റെ ഇടയ്ക്കു ഒരു ഫീല്‍ ഗുഡ് ഫാക്ടര്‍ ആയി തോന്നി പ്രാഞ്ചിയേട്ടനും പുണ്യാളനും. ഫോര്‍മാറ്റിലെ പുതുമ, ജീവിതത്തില്‍ പരിചിതം എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങള്‍... വളരെ സമര്‍ത്ഥമായി രഞ്ജിത്ത് ക്രാഫ്റ്റ് ചെയ്തു എടുത്തിട്ടുണ്ട്. എന്റെ പട്ടികയിലെ മറ്റുള്ള സിനിമകളില്‍ നിന്നെല്ലാം വ്യതസ്തമാക്കുന്നത് പ്രാഞ്ചിയെട്ടന്‍ ഈ കാലഘട്ടത്തിന്റെ സ്മാര്‍ട്ട് ആയ ഒരു സൃഷ്ടിയാണ് എന്നതാണ്. ഹൃദയത്തെ പോലെ തലച്ചോറും ഉപയോഗിച്ച് ചമച്ച ഒരു സിനിമ. flexibility ഇല്ലാത്ത നടന്‍ എന്ന പഴി കേള്‍ക്കേണ്ടി വന്ന മമ്മൂട്ടിക്ക്  വലിയ തെറ്റ് കുറ്റങ്ങള്‍ കൂടാതെ ത്രിശൂര്‍ക്കാരന്റെ ഭാഷയില്‍ കയറികൂടാനായിട്ടുണ്ട് എന്നതും സമ്മതിക്കാതെ വയ്യ.

കളഞ്ഞില്ലേ ബ്രിട്ടാസ് കഞ്ഞിക്കലം

ഇനി എപ്പോഴെങ്കിലും ശ്രീ ജോണ്‍ ബ്രിട്ടാസ് ഏതെങ്കിലും സുപ്രധാന വ്യക്തികളെ അഭിമുഖം ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍, അതിനു മുമ്പായി അദ്ദേഹത്തിനെയും ആരെങ്കിലും ഒന്ന് ഇന്റര്‍വ്യൂ ചെയ്യണം. ആ അഭിമുഖത്തില്‍ അദ്ദേഹത്തിനു താന്‍ അഭിമുഖം ചെയ്യാന്‍ പോകുന്ന വ്യക്തിയുമായുള്ള "സൌഹൃദം", ആ വ്യക്തിയിലുള്ള "സ്വാധീനം", എന്നൊക്കെ വ്യക്തമാക്കാന്‍ കഴിയുന്ന മട്ടില്‍ കുറച്ചു ചോദ്യങ്ങള്‍ ചോദിച്ചു വെക്കുക. ആ ചോദ്യങ്ങളിലൂടെ താന്‍ എത്ര വലിയ മഹാന്‍ ആണ് എന്ന്, തനിക്കു താന്‍ അഭിമുഖം ചെയ്യാന്‍ പോകുന്ന വ്യക്തിയുമായി എടാ പോടാ എന്ന് വിളിക്കാവുന്ന ലെവലിലുള്ള,  വളരെ "ആഴത്തിലുള്ള" ബന്ധം ഉണ്ട് എന്നൊക്കെ വ്യക്തമായി വിളംബാന്‍ ഒരു അവസരം കൊടുക്കുക. അത് കഴിഞ്ഞു അദ്ദേഹത്തിനു നല്ല പോലെ സംതൃപ്തി അടഞ്ഞു എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അഭിമുഖം ചെയ്യാനയക്കുക..തന്റെ വീരസ്യവും താന്‍ അഭിമുഖം ചെയ്യാന്‍ പോവുന്ന വ്യക്തിയുമായുള്ള അടുപ്പവും മറ്റും പറഞ്ഞു കഴിഞ്ഞു എന്ന ബോധ്യതോട് കൂടി അഭിമുഖം തുടങ്ങുകയാണെങ്കില്‍ അത് ഇത്രയ്ക്കും കുളമാക്കില്ലായിരുന്നു. ശ്രീമാന്‍ യേശുദാസിനെ ഇത്രയും തുറന്ന മനസ്സോടെ  കിട്ടിയിട്ട് ആ അവസരം നന്നായി വിനിയോഗിക്കാതെ. അദ്ധേഹം നേരാം വണ്ണം പറഞ്ഞു വരുന്ന കാര്യങ്ങളെ വരെ വഴി തിരിച്ചു വിട്ടും, തടസ്സപ്പെടുത്തിയും ഏഷ്യാനെറ്റിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒരു മഹാസംഭവം ആകേണ്ട, അല്ലെങ്കില്‍ ആകുമായിരുന്ന  ഒരു അഭിമുഖത്തെ നശിപിച്ചു കളഞ്ഞത് കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നി.

ഇതുവരെ കാണാത്ത ഒരു ലാഘവത്തോടെ ആണ് ശ്രീ യേശുദാസ് ഈ അഭിമുഖത്തിനു വന്നിരുന്നത് എന്ന് കാണുന്നവര്‍ക്ക് മനസ്സിലാവും. പലതും മനസ്സ് തുറന്നു പങ്കു വെക്കാന്‍ തയ്യാറെടുത്തു തന്നെയാണ് വന്നത് എന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു മിക്ക ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു തുടങ്ങിയിരുന്നത്. പക്ഷെ എന്തെങ്കിലും ഒക്കെ ഒഴുക്കോടെ പറഞ്ഞു തുടങ്ങുന്ന മാത്രയില്‍ തന്നെ ശ്രീ ബ്രിട്ടാസ് ഇടപെട്ടുകൊണ്ട്‌ ആ ഒഴുക്കിന് തടയിടുക മാത്രമല്ല, പല രസകാരമായ വിഷയങ്ങളെയും വഴി തിരിച്ചു വിടുകയും കൂടി ചെയ്തു... 

ഒരഭിമുഖം ചെയ്യാനിരിക്കുന്ന ആള്‍ അറിയേണ്ട അല്ലെങ്കില്‍ പാലിച്ചിരിക്കേണ്ട രണ്ടു അടിസ്ഥാന കാര്യങ്ങള്‍   ഉണ്ട്. ആദ്യമായി ഈ അഭിമുഖം തന്റെ ആത്മനിര്‍വൃതിക്കായി ചെയ്യുന്നതല്ല എന്നും, അതിലൂടെ പ്രേക്ഷകര്‍ എന്ന് പറയുന്ന ഒരു സമൂഹത്തിനു വേണ്ടി താന്‍ അഭിമുഖം ചെയ്യുന്ന വ്യക്തിയുമായി സംവേദനം നടത്താന്‍ ഉള്ള വെറും ഒരു ഇടനിലക്കാരന്‍ മാത്രം ആണ് എന്ന ഉത്തമ ബോധ്യത്തോടെ ആയിരിക്കണം അഭിമുഖങ്ങള്‍ ചെയ്യാന്‍ തയ്യാറെടുക്കേണ്ടത്. അത് പോലെ തന്നെ രണ്ടാമതായി ചോദ്യം അഭിമുഖത്തില്‍ ചോദ്യം ചെയ്യുന്ന തനിക്കല്ല പ്രാമുഖ്യം എന്നും അഭിമുഖം ചെയ്യപ്പെടുന്ന വ്യക്തിക്കാണ് അതെന്നും മനസ്സിനെയും ബുദ്ധിയും ഓര്‍മപ്പെടുത്തി തയ്യാര്‍ എടുത്തിരിക്കണം.. ഈ രണ്ടു കാര്യങ്ങളും മലയാളത്തിന്റെ ഡേവിഡ്‌ ലെറ്റര്‍മാനോ, ഓപ്പെറ വിന്‍ഫ്രിയോ അല്ലെകില്‍ കുറഞ്ഞ പടി ഒരു കറന്‍ താപ്പരോ ആണ് എന്ന് ധരിച്ചു വശായിരിക്കുന്ന എല്ലവര്‍ക്കും സ്വയം മനസ്സിലാക്കാവുന്നതാണ്.

കുറച്ചു വകതിരുവോടെ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ മറ്റൊരു തലത്തില്‍ എത്തിക്കാവുന്ന ഒരു അഭിമുഖം ആയിരുന്നു അത്. ഒരാള്‍ ഒഴുക്കില്‍ ഒരു വിഷയം പറഞ്ഞു വരുമ്പോള്‍ അതിനെ മുഴുമിപ്പിക്കാന്‍ അനുവദിക്കാത്തത് കഷ്ടം തന്നെ. ശ്രീ യേശുദാസ് ഇന്നേവരെ ഇത്രയും റിലാക്സ്ഡ്  ആയി, പതിവ് മസില് പിടുത്തം ഇല്ലാതെ.. "ജഗദീശ്വരന്‍" മന്ത്രണം കൂടാതെ, ഒരു അഭിമുഖത്തിനും ഇരിക്കുന്നത് കണ്ടിട്ടില്ല. അദ്ദേഹം ഇതേ വരെ ഒഴിവാക്കുമായിരുന്ന പല വിഷയങ്ങള്‍ക്കും തന്റെ "കംഫോര്ട്ട് സോണ്‍" വിട്ടു മറുപടി പറയാനും മുതിര്‍ന്നിരുന്നു. അഭിമുഖകാരന്‍ തന്റെ ഈഗോ പുറത്തെടുക്കാതെ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതിയായിരുന്നു... വളരെ ഇമോഷണല്‍ ആയി മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ എന്ന് തോന്നിയിരുന്ന പല മുഹൂര്‍ത്തങ്ങളും ഉണ്ടായിരുന്നു.. അദ്ധേഹത്തിന്റെ ഉള്ളിലെ ഒരു പച്ച മനുഷ്യനെ അനാവൃതമാക്കി കൊണ്ടിരുന്ന പല ഘട്ടങ്ങളും ഉണ്ടായിരുന്നു.. അവിടെ ഒക്കെ ശ്രീ ബ്രിട്ടാസ് തന്റെ വകതിരിവുകേട്‌ കാണിച്ചു എന്ന് പറയാതെ വയ്യ. നമ്മള്‍ തമ്മിലില്‍ ചെയ്തു പോരുന്ന രീതിയില്‍  ആളുകളെ സംസാരിക്കാന്‍ അനുവദിക്കാത്ത ഈ ഇടംകൊലിട്ടു കളി, അതെ ഹാങ്ങ്‌ ഓവറില്‍ തന്നെ അദ്ദേഹം ഈ അഭിമുഖത്തിലും പ്രയോഗിച്ചു എന്ന് വേണം കരുതാന്‍. സാധാരണ പ്രേക്ഷകര്‍ ബ്രിട്ടാസിന് ഇഷ്ടപ്പെട്ട യേശുദാസിന്റെ കാര്യങ്ങള്‍ എന്ത് എന്നറിയാന് ഔല്‍സുക്യം എന്ന് അദ്ദേഹം എങ്ങിനെയോ ധരിച്ചു വശായിരിക്കുന്നു... അത് കൊണ്ടായിരിക്കും തനിക്കിഷ്ട്ടപെട്ട പാട്ടുകളെ പറ്റി യേശുദാസ്  തന്നെ പറഞ്ഞു തുടങ്ങുമ്പോഴേക്കും "സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങള്‍..." എന്ന് പറഞ്ഞു നുള്ളി കളഞ്ഞത്. അത് പോലെ തന്നെ ജോന്സനെപറ്റി പറഞ്ഞു തുടങ്ങുന്ന അവസരത്തില്‍... അങ്ങിനെ അങ്ങിനെ പല ഇടങ്ങളില്‍ ...


ഇത് വരെ സാമാന്യ ജനങ്ങള്‍ കണ്ടിട്ടില്ലാത്ത യേശുദാസ് എന്ന വ്യക്തിയുടെ,  ഗാന ഗന്ധര്‍വന്‍ എന്ന പുറന്തോട് പൊളിച്ചു പച്ച മനുഷ്യന്‍ ഔപചാരികതകള്‍ ഇല്ലാതെ പുറത്തു വരുന്ന സന്ദര്‍ഭങ്ങള്‍... ഒരു വിവേകവും കൂടാതെ തടസ്സപെടുത്തി കണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നി... എന്തായിരുന്നാലും ഇത് വല്ലാത്ത ചെയ്ത്തായി പോയി ...

ചൊവ്വാഴ്ച, നവംബർ 15, 2011

മലയാളക്കരയില്‍ അതിവേഗം പരക്കുന്ന മാരകരോഗം

ഇന്ന് മലയാളികള്‍ക്കിടയില്‍ ഏറ്റവും വ്യാപകമായി കാണുന്ന രോഗം എന്താണ് എന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ സാധിക്കും. അസഹിഷ്ണുത... സദാചാര പോലിസ്, രാഷ്ട്രീയ പ്രബുദ്ധത, സമുദായ പ്രേമം, നിയമ പാലന വ്യഗ്രത... ഏതൊക്കെ രീതിയിലാണ് അസഹിഷ്ണുത മലയാളി പ്രകടിപ്പിക്കുന്നത് എന്ന് ഊഹിക്കാനേ കഴിയുന്നില്ല. "സദാചാരം" പറഞ്ഞു ഒരുത്തനെ കൂട്ടമായി കെട്ടിയിട്ടു തല്ലി കൊല്ലുന്നു, പോക്കെറ്റ്‌ അടിച്ചു  എന്നാരോപിച്ച് വേറൊരാളെ അടിച്ചു കൊല്ലുന്നു, അപ്പീലിന് പോലും അവസരം കൊടുക്കാതെ ഒരാളെ ഒരു വാക്കിനു ജയിലിലേക്ക് അയക്കുന്നു, കേട്ട പാതി കേള്‍ക്കാത്ത പാതി തെരുവിലിറങ്ങി അക്രമങ്ങള്‍ അഴിച്ചു വിടുന്നു. എങ്ങിനെയൊക്കെയാണ് മലയാളിയുടെ അസഹിഷ്ണുത വെളിയില്‍ വരുന്നത്... അപ്രിയമായി ഒരു വാക്ക് പോലും കേള്‍ക്കാനും ഒന്നും തന്നെ കാണാനും വയ്യ എന്നാ നിലക്കെത്തിയിരിക്കുന്നു കാര്യങ്ങള്‍.

പലയിടത്തും പുറത്തു വിടാനാവാതെ അമര്‍ത്തി വെക്കുന്ന രോഷം, അടക്കി വെക്കുന്ന വികാരങ്ങള്‍, പ്രത്യേകിച്ച് മനസ്സിനും ശരീരത്തിനും ഒന്നും ചെയ്യാന്‍ ഇല്ലാതിരിക്കുന്ന അവസ്ഥ (അത് തൊഴിലില്ലായ്മ ആവാം അല്ലെങ്കില്‍ മടി), പ്രത്യേകിച്ച് ഒരു അദ്ധ്വാനവും കൂടാതെ എല്ലാം നേടിയെടുക്കുവാനുള്ള  ത്വര, മറ്റുള്ളവര്‍ എന്തൊക്കെയോ അര്‍ഹതയില്ലാത്തത്‌ (അതോ തങ്ങള്‍ ആഗ്രഹിക്കുന്നത്) നേടിയെടുക്കുന്നു എന്ന് തോന്നല്‍ .......  ഇവയെല്ലാം സഹിക്കാനാവാത്ത മലയാളി അതിക്രമത്തിന്റെ പാത തേടുന്നതാണ് നാം വ്യാപകമായി കാണുന്നത്. വിരുദ്ധ ആശയങ്ങളെ കായികമായി നേരിടുവാനാണ് താല്പര്യം.. അതിനു വിദ്യാഭ്യാസം, സാംസ്കാരിക നിലവാരം എന്നൊക്കെ ഉണ്ട് എന്ന് വെക്കുന്ന ആളുകള്‍ തന്നെ നേതൃത്വം കൊടുക്കുന്നു.  ഒന്നുകില്‍ ആള്‍ക്കൂട്ടത്തിന്റെ സംഘടിത ബലം, അല്ലെങ്ങില്‍ മറ്റാരും അരികിലില്ലെന്ന ധൈര്യം... വിഷം വമിക്കാനും ഉള്ളിലെ ചെകുത്താനെ പുറത്തെടുക്കാനും മലയാളിക്ക് ഊര്ജ്ജമായി ലഹരി സിരകളിലും. തണല്‍ ഒരുക്കുവാന്‍ മതവും, ജാതിയും, വര്‍ണവും, രാഷ്ട്രീയവും, സമുദായവും ഒരുക്കുന്ന ബഹുവര്‍ണ കുടകള്‍...

തനിക്കു അഹിതമായ കാര്യങ്ങള്‍ എന്ത് കേട്ടാലും ന്യായമായി മറുപടി പറയാന്‍ മനസ്സാക്ഷിക്കു കഴിയില്ല എന്ന് ഉറക്കുമ്പോള്‍ തുടങ്ങുകയായി, പറയുന്നവന്റെ സ്വരം മുങ്ങിപ്പോവുന്ന രീതിയില്‍ ബഹളം, പിന്നെ വ്യക്തിഹത്യ അതിലും നില്‍ക്കില്ലെങ്കില്‍ കായികമായി നേരിടുക. എതിര്‍പ്പിന്റെ സ്വരങ്ങളെ ബ്രാന്‍ഡ് ചെയ്തു നിര്‍ത്തുകയാണ് മറ്റൊരു രീതി.  അതിനു തന്നെ പല പല കട്ട്‌ ഔട്ടുകള്‍ അവന്‍ നിര്‍മിച്ചു വെച്ച് കഴിഞ്ഞു. ഇസ്ലാമിക തീവ്രവാദി, സവര്‍ണ ഫാസിസ്റ്റ്, അരാഷ്ട്രീയ വാദി, അരാജകത്വവാദി, ഫെമിനിസ്റ്റ്.... ഇങ്ങനെ പല പല ബ്രാന്‍ഡുകള്‍. സ്വതന്ത്രമായി ഒരു അഭിപ്രായം പറയാനുള്ള അവകാശം അത് വഴി നിഷേധിക്കുകയും ആയി. ആശയങ്ങളെ ആശയങ്ങള്‍ വെച്ച് ചെറുക്കുന്ന സംവാദത്തിന്റെ കാലം ഇനി അടുത്തെങ്ങും തിരിച്ചു വരുന്ന പ്രതീതി ഈ സമൂഹം നല്‍കുന്നില്ല. ബഹുജന സമരം എന്ന ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആയുധത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ഒന്ന് കണ്ടു നോക്കൂ. പരമാവധി സാധാരണക്കാരന് ബുധിമുട്ടുണ്ടാക്കുക, പൊതുമുതല്‍ നശിപ്പിക്കുക എന്ന അക്രമത്തിന്റെയും ഹിംസയുടെയും രീതികള്‍  മാത്രം അവലംബിക്കുക വഴി അവര്‍ സമരം ചെയ്യുന്ന ന്യായമായ അവകാശങ്ങള്‍ക്ക് മുകളില്‍ പോലും കരിനിഴല്‍ വീഴ്ത്തുകയാണ് ചെയ്യുന്നത്. ദിശാബോധം നഷ്ടപ്പെട്ട സമൂഹ മനസ്സാക്ഷിയാണ് ഇത്തരം അസംബന്ധങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണ്.  ആശയം എന്നതിനേക്കാള്‍ വലുത് ആശയ പ്രകടനം എന്ന നിലയില്‍ എത്തിയിര്‍ക്കുന്നതിന്റെ ഒരേ ഒരു കാരണം വളരുന്ന അസഹിഷ്ണുത മാത്രമാണ്..

ശനിയാഴ്‌ച, നവംബർ 12, 2011

മായപ്പോന്മാനിനു തീറ്റ നികുതി കൊടുക്കുന്നവന്റെ പൊടിമീന്‍

തമ്മില്‍ തമ്മില്‍ ഒരു കച്ചവടം തുടങ്ങുമ്പോള്‍ ഇരു കക്ഷികളും ചില വ്യവസ്ഥകള്‍ അംഗീകരിച്ചു ഉടമ്പടിയില്‍ ഏര്‍പ്പെടുന്നു. പാതി വഴിയില്‍ അതിലൊരാള്‍ തനിക്കു അനുകൂലമായ വ്യവസ്ഥകള്‍ മാത്രമേ ബാധകമാവൂ എന്നും മറ്റുള്ളവ താന്‍ അംഗീകരിക്കാന്‍ തയ്യാറല്ല എന്ന് പറഞ്ഞു എടുത്തടിച്ചു നില്‍ക്കുന്നു. അങ്ങിനെ പറയുന്നവനെ ഏറ്റവും മാന്യവും സഭ്യവുമായ ഭാഷയില്‍ പോക്രി എന്ന് വിളിക്കുന്നതില്‍ തെറ്റുണ്ടോ? താങ്കള്‍ കാശുണ്ടാക്കുന്ന റൂട്ടുകളില്‍ എല്ലാം യഥേഷ്ടം സര്‍വീസ് നടത്താം എന്നും അതിനു അനുവാദം കൊടുക്കുമ്പോള്‍ വ്യവസ്ഥയില്‍ പറഞ്ഞ ലാഭകരമല്ലാത്ത റൂട്ടില്‍ തനിക്കു പറപ്പിക്കാന്‍ പറ്റില്ല എന്ന് പറയുന്നത് എവിടത്തെ ന്യായം എന്ന് ചോദിക്കരുത്. അങ്ങിനെയേ മല്ലന്മാര്‍ക്കും മാടംബിമാര്‍ക്കും പറ്റൂ.  ഇത് മഹാരാജാവ് സ്വയം പാട്ടയടിച്ചു കുത്തുപാള എടുത്തു നില്‍ക്കുമ്പോളാണ് എന്ന് ഓര്‍ക്കണം . നാളെ ഇതൊക്കെ കേട്ട് പ്രൈവറ്റ് ബസ്‌ ഉടമസ്ഥന്‍ ലത്തീഫ് പറയുകയാണ്‌. ഇനി കണ്‍സെഷന്‍ ടിക്കെറ്റ് കാരെ അയാളുടെ ബസ്സില്‍ കയറ്റില്ല.. അഥവാ കയറ്റണം എന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ഘജനാവില്‍ നിന്ന് ഡീസല്‍ അടിച്ചു കൊടുക്കണം എന്ന്... സര്‍ക്കാര്‍ അത് കേട്ട് സമ്മതിച്ചാലും എസ് എഫ് ഐക്കാര്‍ സമ്മതിക്കുമോ? പക്ഷെ ഇവിടെ അതല്ല കാര്യം... ആര്‍ക്കും തമ്പ്രാന്‍ പറഞ്ഞത് കേക്കാന്‍ വലിയ വിഷമം ഉണ്ട് എന്ന് തോന്നുന്നില്ല.

ഇതൊക്കെ കേട്ട പാടേ "കര്‍ഷക ആത്മഹത്യ", "പട്ടിണി മരണം", "വിലക്കയറ്റം" എന്നൊക്കെ പറയുമ്പോള്‍ അത് "സാമ്പത്തിക ഉന്നതിയുടെ" ലക്ഷണങ്ങള്‍ ആണ് എന്ന് പറഞ്ഞു ചിരിച്ചു തള്ളുന്ന നീറോ സിങ്ങുമാര്‍ക്കും അവരുടെ സാമന്തന്മാര്‍ക്കും താങ്ങ് കൊടുക്കാതെയും തലോടി കൊടുക്കാതെയും വല്ലാത്ത വിമ്മിഷ്ടം.  കേന്ദ്ര സര്‍ക്കാരിന്റെ വഹ എല്ലാവിധ സഹകരണങ്ങളും കൊടുക്കുന്നത് കൂടാതെ സംസ്ഥാന സര്‍ക്കാരുകളോടും തമ്ബ്രാക്കളെ കൈയ്യയച്ചു സഹായിക്കാന്‍ ആദര്‍ശരാമന്‍ ചേര്‍ത്തലക്കാരന്‍ പുലിയുടെ ഭാഗത്ത്‌ നിന്ന് മേര്‍സി പെട്ടീഷനും.. അവിടെ ആദര്‍ശത്തിന്റെ അപ്പോസ്തലന്മാര്‍, വിപ്ലവ പോരാളികള്‍, ആര്‍ഷ ഭാരത സംരക്ഷകര്‍ എന്നൊന്നും ഒരു വ്യത്യാസവുമില്ല. എല്ലിന്തുണ്ടുകള്‍ എറിയുന്നവന്റെ മുന്നില്‍ നിന്ന് എല്ലാ ഭിക്ഷാംദേഹികളും മുണ്ട് മടിക്കുത്തഴിച്ചിട്ട്‌ വാലാട്ടിക്കോളും

ഇതൊക്കെ കാണുമ്പോള്‍ ഇവരൊക്കെ ജയിച്ചു വന്നു പാര്‍ലിമെന്ടിലും നിയമസഭകളിലും ഞെളിഞ്ഞിരിക്കുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ് ചിന്തിക്കേണ്ട കാര്യമില്ലല്ലോ. ചൂത് കളിച്ചും, ബിക്കിനി പടങ്ങളെടുതും, പാര്‍ട്ടികള്‍ ആഘോഷിച്ചും അവര്‍ക്കൊക്കെ കത്തിച്ചു കളയാന്‍ പണമുണ്ട്. അതും കഴിഞ്ഞു തൊഴിലാളികളെ വെച്ച് വില പേശുവാന്‍ ഒരു മടിയുമില്ല. എന്ത് നഷ്ടം വന്നാലും നികുതി കൊടുക്കുന്നവന്റെ പണം എടുത്തു എറിഞ്ഞു കൊടുക്കുവാന്‍ എരാന്മൂളികള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ട്... അവിടെ ആദ്യന്തികമായും തങ്ങളുടെ എല്ലാ ആഭിമുഖ്യവും ഉത്തരവാദിത്തവും വോട്ടു ചെയ്തു പറഞ്ഞയക്കുന്ന സാധാരണക്കാരനായ പൊതുജനത്തിനോടല്ല, മറിച്ചു തങ്ങള്‍ക്കു പണവും സൌകര്യവും നല്‍കുന്ന കോര്‍പ്പറേറ്റ് തംബുരാന്മാരോടാണ് എന്ന് ഒരു നാണവും മറയും കൂടാതെ തുറന്നു സമ്മതിക്കുകയാണ്.

ഇനി വേറൊരു വശം നോക്കു, ലോക വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയപ്പോള്‍ ഉടനെ പെട്രോളിന്റെ വില കൂട്ടാന്‍ ഇവര്‍ക്കൊന്നും മറിച്ചൊന്നു ചിന്തിക്ക കൂടി വേണ്ട..അവിടെ സബ്സിഡി എടുത്തു കളയാനാണ് ഇവര്‍ക്കൊക്കെ വ്യഗ്രത.  പക്ഷെ ഇവിടെയാണെങ്കിലോ നിത്യനിദാന ചെലവ് കൂടിയപ്പോള്‍, വിമാന ടിക്കെട്ടിന്റെ വില കൂട്ടാന്‍ യാതൊരു താല്പര്യവുമില്ല. മറിച്ചു അവിടെ അവര്‍ക്ക് സര്‍ക്കാര്‍ സഹായം വേണം. സവാളയുടെയും അരിയുടെയും വില കൂടിയാല്‍ ആരെ ബാധിക്കുമെന്നും വിമാനക്കൂലി കൂടിയാല്‍ ആരെ ബാധിക്കുമെന്നും അറിയാന്‍ ഏറെ ബുദ്ധിയൊന്നും ആവശ്യമില്ല. പക്ഷെ ഇതൊക്കെ മനസ്സിലാക്കാനും ഇതിനോട് പ്രതികരിക്കാനും ജീവിത പ്രാരാബ്ധ വണ്ടി തള്ളുന്ന കഴുതകള്‍ക്ക് എവിടെ നേരം എന്ന് ഇവനൊക്കെ നന്നായി അറിയാം. അപ്പോള്‍ ഇതും ഇതിനപ്പുറവും അവിടെ നടക്കും... നാളെ ഇവന്റെ ഒക്കെ ബികിനി കലണ്ടര്‍ അടിക്കാനും, പടമെടുക്കുവാനും, അവരുടെ ഒക്കെ സംബന്ധത്തിനു ചൂട്ടു കത്തിച്ചു കൊടുക്കുവാനും നമ്മുടെ നികുതി പണം എടുത്തു കൊടുക്കും... ആരുണ്ടിവിടെ ചോദിക്കാന്‍?

മടിശീലക്ക് ഖനമുള്ളവര്‍ക്കും മനസ്സാക്ഷിയുടെ ശല്യം ഇല്ലാത്തതും ആയ രാജാക്കന്മാരുടെ "ഗുഡ് ടൈംസ്‌". അവരുടെ മായപ്പോന്മാന്മാര്‍ക്ക്, പെരുവയാര്‍ നിറയെ മീനിട്ട് കൊടുക്കുവാന്‍ ആളുകള്‍ എത്രയാ വരി വരി ആയിട്ട്?


വെള്ളിയാഴ്‌ച, നവംബർ 11, 2011

മലയാള സിനിമയിലെ ക്ഷേത്ര പ്രവേശന വിളംബരം

ഇത്തവണ എല്ലാവരും എഴുതി കൂട്ടിയ ഒരു കാര്യത്തെ പറ്റി തന്നെ രണ്ടു വാക്ക് കുറിക്കട്ടെ.. അതെ കൃഷ്ണനും രാധയും ... സന്തോഷ്‌ പണ്ഡിറ്റ്‌... അധികമൊന്നും പറയാനില്ല എല്ലാവരും പറഞ്ഞത് തന്നെ എങ്കിലും .രണ്ടു വാക്ക്....

ഈ സിനിമ ഞാന്‍ കണ്ടിട്ടില്ല. അത് കൊണ്ട് ഒരു കലാ സൃഷ്ടി എന്ന നിലക്ക് ആധികാരികമായി ഒരു അഭിപ്രായം പറയാന്‍ കഴിയില്ല എന്നാകിലും, കൊട്ടകക്ക് പുറത്തു നടക്കുന്ന കോലാഹലങ്ങള്‍ എല്ലാം നല്ല താല്പര്യതോട് കൂടി വീക്ഷിച്ചു പോരുന്ന ഒരു വ്യക്തി എന്ന നിലക്ക് ചിലത് പറയാനുണ്ട്.

ഇവിടെ ഞാന്‍ ആദ്യമായി കാണുന്നത് തുറന്നിട്ട ഒരു കോട്ട വാതിലാണ്.  സന്തോഷ്‌ പണ്ഡിറ്റ്‌ എന്നാ ഈ പ്രതിഭാസം തുറന്നിട്ട ഒരു വാതില്‍. ഒരു പറ്റം മാഫിയാകള്‍ ആമതാഴിട്ടു പൂട്ടി സ്വന്തമാക്കി അടക്കി വെച്ചിരിക്കുന്ന ഒരു  സ്വകാര്യ സാമ്രാജ്യത്തിന്റെ കോട്ട വാതില്‍. ആ സാമ്രാജ്യം ഇത് വരെ ഭരിച്ചിരുന്ന മാഫിയ തമ്പുരാന്മാര്‍. അവരുടെ ഭീഷണികള്‍. അവരുടെ തിട്ടൂരങ്ങള്‍. അവര്‍ വരേണ്യ വര്‍ഗം.പിന്നുള്ളവര്‍ ദാസന്മാര്‍. പിന്നാമ്പുറത്ത് ഒതുങ്ങി നില്‍ക്കുക്ക അല്ലെങ്ങില്‍ കളി കാണാന്‍ കാഴ്ച്ചക്കാരവുക. നമ്മള്‍ എന്ത് കാണണം എപ്പോള്‍ കാണണം എങ്ങിനെ കാണണം എന്തിനു കാണണം എല്ലാം അവരുടെ തീരുമാനങ്ങള്‍. അവര്‍ നിശ്ചയിക്കുന്നവരല്ലാതെ പുറത്തു നിന്നുള്ള ആര്‍ക്കും അവിടെ പ്രവേശനം ഇല്ല..അവര്‍ ഇറക്കുന്ന ഉഗ്രശാസനങ്ങള്‍.  നിര്‍മാതാക്കളുടെ ഒരു വേലി, അതിനു പിന്നില്‍ സാങ്കേതിക പ്രവര്‍ത്തകരുടെ ഒരു വേലി. പിന്നെ അമ്മയുടെ വേലി. അവന്മാരുടെ അമ്മായി അമ്മയുടെ ഒരു വേലി... ഇങ്ങനെ നൂറു കൂട്ടം വേലികളും കടമ്പകളും കോട്ടമതിലുകളും കെട്ടി പൂട്ടി  ഒരു പറ്റം ആളുകള്‍ വെച്ചിരുന്നതായിരുന്നു മലയാള സിനിമയെ.

അവരുടെ മുന്നില്‍... അവര്‍ തീര്‍ത്ത മതിലുകള്‍ക്ക് മുന്നില്‍ തല കുനിച്ചു നിന്ന് പിഴക്കേണ്ടി വരുന്ന അല്ലെങ്കില്‍ അതിനു മുന്‍പില്‍ ആയുധം വെച്ച് കീഴന്ടങ്ങി കളം വിട്ടു ഓടി പോകേണ്ടി വന്ന ഒരു പാട് പേര്‍ക്ക് മുന്നിലാണ്. കൃഷ്ണവര്‍ണനായ ആ ചെറുപ്പക്കാരന്‍ ആ വാതില്‍ തുറന്നു പിടിച്ചിരിക്കുന്നത്. അയാള്‍  വെട്ടിയ വഴിയിലൂടെ മുന്നോട്ടു പോകാന്‍ ആരൊക്കെ വരും, ആ വഴിയെ മലയാള സിനിമയെ എങ്ങിനെ കൈ പിടിച്ചു കൊണ്ട് പോവും എന്നൊക്കെ കണ്ടറിയണം.

മുഖ്യധാര മാടമ്പിമാര്‍ വിറളി പിടിച്ചിരിക്കയാണ്‌ എന്ന് കണ്ടാല്‍ അറിയാം... അവര്‍ ഓരോരോ ആയുധങ്ങള്‍ ആയി എടുത്തു പ്രയോഗിക്കുന്നു...പതിവ് പോലെ തമ്പുരാന്മാര്‍ തിരശ്ശീലക്കു പിറകില്‍ ഇരുന്നു ചരട് വലിക്കുന്നു. രാജ ഭക്തി കയറിയ കുട്ടിക്കുരങ്ങമാര്‍ ചുടു ചോറ് മാന്തുന്നു. ആദ്യം നാലാം കിട ഗുണ്ടകളെയും  കൂലി പട്ടാളതിനെയും വെച്ച് രംഗത്തിറക്കി ഭീഷണി, പിന്നെ മനോരോഗി എന്ന് ചാപ്പ കുത്തല്‍, പ്രതിരോധങ്ങളും , ഉപരോധങ്ങളും..... ഇങ്ങനെ പോയാല്‍ അധികം താമസിയാതെ. ഒടുവില്‍ വശീകരണവും ഉണ്ടാവും. അതില്‍ ആ ചെറുപ്പക്കാരന്‍ വീഴാനും മതി .. എന്നാലും ആ വഴി നടക്കാന്‍ കുറച്ചാളുകള്‍ ഇറങ്ങും എന്ന് തന്നെയാണ് എന്റെ വിശ്വാസം.. ആ ഇറങ്ങുന്നവര്‍ ഒരു മാറ്റം കൊണ്ട് വരും എന്ന പ്രതീക്ഷയും.

അദ്ദേഹം അങ്ങിനെ ഒക്കെ ആലോചിച്ചു പ്ലാന്‍ ചെയ്തു മനപ്പൂര്‍വം തുടങ്ങി വെച്ചതാണ് എന്ന് തോന്നുന്നില്ലെങ്കിലും, സന്തോഷ്‌ പണ്ഡിറ്റ്‌ നയിക്കുന്നത് ഒരു വിപ്ലവമാണ്. ശരിക്കുമൊരു വിപ്ലവം. മലയാള സിനിമ എന്ന മഹാക്ഷേത്രത്തിന്റെ വാതില്‍ തുറന്നു സാധാരണക്കാരനെ പ്രവേശിപ്പിച്ച ഒരു വിപ്ലവം. . ആ സിനിമ എന്ത് ചവര്‍ വേണമെങ്കിലും ആയിക്കൊള്ളട്ടെ   .അമൃതെന്ന നാട്യത്തില്‍ നമ്മളെ അഴുക്കു തീറ്റിച്ചു കൊണ്ടിരുന്ന ഒരു പറ്റം കള്ളകൂട്ടങ്ങളുടെ മുഖമാടച്ചൊരു അടിയായി പോയി. നല്ല ഉശിരന്‍ അടി.

ഇനി ഇതൊക്കെ പോരാഞ്ഞു ഒരു കാര്യം കൂടിയുണ്ട്... ഇവരൊക്കെ ഇത് വരെ പ്രചരിപ്പിച്ചിരുന്ന പോലെ തറവാടും കുടുംബവും ഒന്നും പണയം വെച്ച് കോടികള്‍ എടുത്തു അമ്മാനമാടി കൊണ്ട് വേണ്ട ഒരു സിനിമ പിടിക്കാന്‍ ... അഞ്ചു ലക്ഷം കൊണ്ടും ഒരു സിനിമ പിടിച്ചു അത് റിലീസ് ചെയ്യാനും പറ്റും എന്നും അദ്ധേഹം തെളിയിച്ചു.

ഇനിയെങ്കിലും കാശ് മുടക്കി വെയ്യിലും മഴയും കൊണ്ട്, ക്യു നിന്ന് ടിക്കെറ്റെടുത്ത് നിങ്ങള്‍ പടച്ചു വിടുന്ന സാധനങ്ങള്‍ സഹിക്കേണ്ടി വരുന്ന പ്രേക്ഷകന്‍ എന്ന മൃഗത്തെ ഓര്‍ക്കുക... അവനാണ് വലുത് എന്ന് മനസ്സിലാക്കുക. അവന്റെ സഹനത്തിന്റെ പരിധിയാണ് നിങ്ങള്‍ കണ്ടത്... ഇനി കാണാനിരിക്കുന്നത് അവന്റെ തിരിച്ചടിയും.

ഹിപ്പോക്രയ്റ്റുകള്‍ വാഴുന്ന സ്വന്തം നാട്

ഗോവിന്ദ ചാമിക്ക്‌ തൂക്കുകയര്‍... ന്യായവിധി... പടക്കം പൊട്ടിച്ചും, മധുരം വിളമ്പിയും ആഘോഷിക്കേണ്ടത് തന്നെ. സാമൂഹ്യവ്യവസ്ഥയുടെ ഭദ്രതയ്ക്ക് ഒരു കുറ്റവാളി ശിക്ഷിക്കപ്പെടെണ്ടത് അനിവാര്യം തന്നെ. ഈ വിധി  കൊണ്ട് കുറ്റം ചെയ്യുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന സാമൂഹ്യവിരുധ്ധര്‍ക്ക് ഒരു സന്ദേശം കൊടുക്കുവെങ്കില്‍ അത് ഏറ്റവും സ്വാഗതാര്‍ഹം... ഇങ്ങനെ ഒക്കെ പറയുമ്പോഴും നമ്മള്‍ മലയാളിയുടെ ഹിപ്പോക്രസി കാണുമ്പോള്‍ ലജ്ജ തോന്നുന്നുണ്ടെന്ന് പറയാതിരിക്കാനും വയ്യ... ഇത് പോലെ തന്നെ അല്ലെങ്കില്‍ ഇതിനേക്കാള്‍ ഹീനവും നികൃഷ്ടവുമായ മറ്റു ചില കുറ്റകൃത്യങ്ങള്‍ ഈ നാട്ടില്‍ ഇതേ കാലത്ത് തന്നെ നടന്നു.

ഉദയകുമാര്‍ എന്ന ഒരു പാവം മനുഷ്യനെ, എകയും നിരാലംബയുമായ അമ്മക്ക് ഓണക്കോടി വാങ്ങാനിറങ്ങിയ ഒരു ഓണക്കാലത്ത്, കൈയിലുള്ള ചില്ലറത്തുട്ടുകള്‍ തട്ടിപറച്ചു ഇഞ്ചിഞ്ചായി ഉരുട്ടികൊന്നു ദാഹമാടക്കിയ മാന്യന്മാര്‍ സമൂഹത്തില്‍ ഇന്നും തലയുയര്‍ത്തി നെഞ്ച് വിരിച്ചു നടക്കുന്നുണ്ട്. പാലക്കാട്‌ ഹരീന്ദ്രന്‍ എന്ന ഒരു പാവം ഉദ്യോഗസ്ഥനെയും, അദ്ധേഹത്തിന്റെ പറക്കമുറ്റാത്ത രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും തങ്ങളുടെ അഴിമതികള്‍ ചാക്കിട്ടു മൂടാന്‍ മരണത്തിലേക്ക് തള്ളി വിട്ട വ്യവസായ പ്രമുഖന്മാരും രാഷ്ട്രീയ നേതാക്കളും ഇപ്പോഴും വെളുക്കെ ചിരിച്ചുകൊണ്ട് നമ്മുടെ മുന്നില്‍ വിലസി നടക്കുന്നുണ്ട്. അധികം നാളുകളായില്ല രഘു എന്ന ഒരു ചെറുപ്പക്കാരനെ ബസ് യാത്രക്കിടയില്‍  പോക്കറ്റടി ആരോപിച്ചു പച്ച ജീവന് തല്ലി കൊന്നു നീതി നടപ്പാക്കിയത് നമ്മള്‍ രണ്ടു കൈയും കെട്ടി കണ്ടു കൊണ്ട് നിന്നിട്ട്. കവിയൂര്‍, കിളിരൂര്‍, അഭയ കേസ്... അങ്ങിനെ എത്ര എത്ര നിഷ്ടൂര കൃത്യങ്ങള്‍.  ഇതിന്റെ ഒക്കെ പിറകില്‍ ഉള്ള കുറ്റവാളികള്‍ ഇവിടെ നമ്മുടെ ഇടയില്‍ മാന്യന്മാരായി വിലസുന്നു.

സമൂഹത്തില്‍ നിലയും വിലയുമുള്ള ഉന്നത ശ്രേണി അലങ്കരിക്കുന്ന അത്തരം ഇരുകാലികളുടെ രോമത്തില്‍ എങ്കിലും തൊടാന്‍.... അവരെ കല്ലെറിഞ്ഞിടാന്‍ ആരും വരില്ല. തിളച്ച രക്തവുമായി ആ തമിഴനെ രോഷാകുലരായി കൈകാര്യം ചെയ്യാനും അവന്റെ വാഹനത്തിനു നേരെ കല്ലും ചീമുട്ടയും എറിയാനും, ആക്രോശിച്ചു കൊണ്ട് ആഹ്ലാദ പ്രകടനം നടത്താനും മുന്‍നിരയില്‍ ഉണ്ടായിരുന്ന സംഘടനകളും നേതാക്കന്മാരും അവിടെ കമാന്ന് ഒരക്ഷരം മിണ്ടില്ല... സൗമ്യയുടെ കേസില്‍ ജനരോഷതീ ആളിക്കത്തിച്ച മാധ്യമ പൂച്ചകള്‍ അവിടെ പഞ്ച പുച്ഛം അടക്കി നില്‍ക്കും.

അവിടെയാണ് ചീഞ്ഞു നാറിയ ഈ സമൂഹത്തിന്റെ മുഖം നമ്മളെ നോക്കി പല്ലിളിക്കുന്നത്.. നമ്മുടെ ആര്‍ജവവും സാമൂഹ്യബോധവും എല്ലാം സമ്പത്തിനും ഗോവിന്ദ ചാമിക്കും ശിക്ഷ വാങ്ങി കൊടുക്കാന്‍ മാത്രമുള്ളതാണ്. അത് ശക്തിയും ശേഷിയുമുള്ള വിഭവവും വൈഭവവും സ്വാധീനവും ഉള്ള കുറ്റവാളികള്‍ക്ക് നേരെ ഉയരാനുള്ളതല്ല. നമ്മുടെയൊക്കെ ധര്‍മ രോഷവും, സാമൂഹ്യ ബോധവും , ആദര്‍ശപരതയും ദ്രവ്യം ഇല്ലാത്തവന്റെ മേല്‍ കുതിര കേറാനും (അവന്‍ കുറ്റവാളി ആണെങ്കിലും അല്ലെങ്കിലും) അവനെ കല്ലും ചെരിപ്പും ചീമുട്ടയും എറിഞ്ഞു വീഴ്ത്തിയും കുരുക്കിട്ടു കൊന്നും തീര്‍ക്കാനുള്ളതാണ്. മടിശീലക്കനവും ബന്ധു ബലവും ഉള്ളവനെ കണ്ടാല്‍ നാമടങ്ങുന്ന മലയാളി സമൂഹം എന്ന മനോരോഗികളുടെ മുട്ടിടിക്കും. അവരുടെ മുന്നില്‍ നമ്മള്‍ മുണ്ടില്‍ പെടുക്കും. അത് കൊണ്ട് നമുക്ക് ചാര്‍ളി തോമസിനെ തൂക്കി കൊന്നും. സമ്പത്തിനെ ഉരുട്ടി കൊന്നും നമ്മുടെ ഷണ്ടത്വം ആഘോഷിക്കാം...ലഡ്ഡു കൊടുത്തും, പടക്കം പൊട്ടിച്ചും ആഘോഷിക്കാം. ചാക്കും തോക്കുമായി വലിയ സായിപ്പ് വരുമ്പോള്‍ ഇടത്തെ കാല്‍ തറയില്‍ അമര്‍ത്തി ചവുട്ടി മുട്ടന്‍ ഒരു സലൂട്ട് കൊടുത്തു ഒച്ച്ചാനിച്ചു നിക്കാം...

അത് കഴിഞ്ഞു ബസ്‌ സ്റ്റോപ്പില്‍ പോയി ഒറ്റയ്ക്ക് നില്‍ക്കുന്ന പെണ്‍കുട്ടികളുടെ നേരെ ഒരു അശ്ലീല കമ്മെന്റ് അടിക്കാം, ബസ്സില്‍ കയറി അവളെ രഹസ്യമായി തോണ്ടി തൃപ്തി അടയാം. അടുത്ത ബീവേരെജെസ്സിനു മുന്നില്‍ ഇറങ്ങി ക്യു നിന്ന് കിട്ടിയ കുപ്പി കാലിയാക്കി തെരുവിലും വീട്ടിലും സോഷ്യല്‍ നെറ്റ്വര്‍ക്കിലും ടീവിക്ക് മുന്നിലും വെച്ച് ആഘോഷിക്കാം...

ആഘോഷിക്കാന്‍ ഇനിയും നമുക്ക് കിട്ടും നാളെ വേറെ സൌമ്യമാരുടെ ചേതനയറ്റ കടിച്ചു കീറപെട്ട ജഡങ്ങള്‍... അവരെ പിച്ചി ചീന്തി കൊന്ന ചാമിമാരെയും....